Friday, April 26, 2024
HomeIndiaസ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രതീരുമാനം: പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും

സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രതീരുമാനം: പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള ബിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം എതിർക്കും. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മൊത്തമായി ബാധിക്കുന്ന ബിൽ കൂടിയാലോചനകളോ ചർച്ചകളോ കൂടാതെ ധൃതിയിൽ നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള തീരുമാനത്തിൽ കോൺഗ്രസിന്റെ നിലപാട് തിങ്കളാഴ്‌ച്ച അറിയിക്കും. സിപിഎം, മുസ്ലീം ലീഗ്, സമാജ്‌വാദി പാർട്ടി തുടങ്ങിയവർ നിയമത്തെ എതിർത്തിരുന്നു. മുസ്ലീം വ്യക്തി നിയമങ്ങളെ ബാധിക്കുന്നതാണ് ബില്ലെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കാര്യത്തെ എതിർക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസിന്റെ നിലപാട് നിർണ്ണായകമാകും.

സ്ത്രീകളുടെ വിവാഹ പ്രായം 18 നിന്ന് 21ലേക്ക് ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ദരിദ്രരാജ്യമാണെന്നും രക്ഷിതാക്കൾ അവരുടെ കുട്ടികളെ വേഗത്തിൽ കല്ല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ പറഞ്ഞു. 18 വയസ്സിൽ പെൺകുട്ടികൾക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് വിവാഹം കഴിക്കാൻ പറ്റില്ലെന്നാണ് മജ്‌ലിസ് പാർട്ടി നേതാവ് ഒവൈസിയുടെ പ്രതികരണം.

ഡിസംബർ 15ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതിയ്‌ക്ക് അംഗീകാരം നൽകിയത്. വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തകയായ ജയ ജയ്റ്റ്ലിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

ശൈശവ വിവാഹ നിരോധന നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular