Saturday, April 27, 2024
HomeKeralaകേരളത്തിലെ റോഡ് നന്നാക്കുമോ ഭരണം പോലെ കുഴി മാത്രം

കേരളത്തിലെ റോഡ് നന്നാക്കുമോ ഭരണം പോലെ കുഴി മാത്രം

റോഡില്‍ വീണു  പല്ലു പോയാല്‍ സമീപിക്കാന്‍ മടിക്കേണ്ട എന്ന ഡോക്ടറിന്റെ കുറിപ്പാണ്  സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഇതു റോഡിന്റെ ശരിയായ ചിത്രംവരച്ചു കാണിക്കുന്നുണ്ട്.  ഹൈക്കോടതി വരെ സംഭവത്തില്‍ ഇടപെട്ടു. പൊതുമരാമത്ത് മന്ത്രി  ജലവിഭവ വകുപ്പിനെ കുറ്റപ്പെടുത്തി. ഏതായാലും  മഴ പെയ്യിക്കുന്നത് പ്രതിപക്ഷമാണെന്നു മാത്രം പറഞ്ഞില്ല. സിപിഎം മന്ത്രിയും പിണറായിയുടെ മരുമകനുമായതു കൊണ്ട് റോഷി അഗസ്റ്റിന്‍ കേട്ടിരുന്നു.
റോഡ് നന്നായി പണിയാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചു പോകാനാണ് പി ഡബ്ല്യു ഡി എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടത്. കഴിവുള്ള ഒട്ടേറെ പേര്‍ പുറത്തുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്യോഗസ്ഥ വൃന്ദത്തെ ഉണര്‍ത്തി. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്. അവ കൃത്യമായും മികവുറ്റ രീതിയിലും നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും കോടതി അറിയിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു ഈ രൂക്ഷവിമര്‍ശം. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ടു നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയപടി പൊട്ടിപ്പൊളിഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്.

കേരളത്തിന്റെ ശാപമാണ് റോഡുകളുടെ ശോച്യാവസ്ഥ. മഴയൊന്നു കനത്താല്‍ തകരുകയാണ് ദേശീയ പാതകളടക്കം സംസ്ഥാനത്തെ റോഡുകള്‍. തുടര്‍ച്ചയായ പ്രളയം റോഡുകള്‍ക്കു സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ നികത്തി വരുന്നതിനിടെയാണ് ഇക്കൊല്ലം റക്കോര്‍ഡ് മഴ വര്‍ഷിച്ചത്. 108 ശതമാനം അധിക മഴയാണ് കഴിഞ്ഞ ആറ് മാസത്തിനകം സംസ്ഥാനത്ത് അനുഭവപ്പെട്ടതെന്നാണ് കണക്ക്. ആറ് മാസത്തോളം നീളുന്ന മഴക്കാലം നേരിടാവുന്ന സാങ്കേതിക മേന്മയില്ല സംസ്ഥാനത്തെ റോഡുകള്‍ക്ക്. ഇത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വരുത്തി വെക്കുന്ന നാശനഷ്ടങ്ങള്‍ ചെറുതല്ല. റോഡിന്റെ ശോച്യാവസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവനുകളും നഷ്ടമാകുന്നു. കേരളത്തില്‍ റോഡിലെ കുഴികളില്‍ വീണു വര്‍ഷം ശരാശരി 50 മരണം എന്നതാണു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കണക്ക്. വലിയ കുഴികളാണ് റോഡുകളില്‍. സൂക്ഷിച്ചും വേഗം കുറച്ചും സഞ്ചരിച്ചില്ലെങ്കില്‍ തലകുത്തി താഴെ വീഴും ഇരുചക്രവാഹനക്കാര്‍.

ഓരോ വലിയ മഴയിലും രൂപപ്പെടുന്നു റോഡുകളില്‍ വെള്ളക്കെട്ടുകള്‍. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുമ്പോള്‍ ടാര്‍ ഘടകമുള്ള അസ്ഫാല്‍റ്റ് (കോണ്‍ക്രീറ്റ് മിശ്രിതം) പാളിയിലുടെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നു. ഇത് താഴെ പാളിയിലുള്ള ചില്ലികള്‍ക്കിടയില്‍ അയവ് വരുത്തുന്നതാണ് റോഡ് പൊളിയാന്‍ ഇടയാക്കുന്നത്. വെള്ളം അരിച്ചിറങ്ങാതിരിക്കണമെങ്കില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അസ്ഫാല്‍റ്റില്‍ ആവശ്യത്തിനു ടാര്‍ ചേര്‍ക്കണം. റോഡില്‍ നിറയുന്ന വെള്ളം ഒലിച്ചു പോകാനുള്ള ഓവുചാലുകളും വേണം. ഇത് രണ്ടും കേരളത്തിലെ റോഡുകളില്‍ കുറവാണ്. കരാര്‍ തുകയുടെ നല്ലൊരു പങ്ക് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട പലര്‍ക്കും നല്‍കേണ്ടി വരുന്നതിനാല്‍ കരാറുകാരന്‍ കോണ്‍ക്രീറ്റ് മിശ്രിതത്തിലെ ഘടകങ്ങളില്‍ കുറവ് വരുത്തേണ്ടി വരുന്നു. വെള്ളം ഒഴുകിപ്പോകാന്‍ റോഡിന്റെ വശങ്ങളില്‍ ഓവുചാലുകളില്ല മിക്കയിടത്തും. ഇരുവശത്തും ഓടകള്‍ കെട്ടിവേണം റോഡ് നിര്‍മിക്കാനെന്ന അടിസ്ഥാന തത്വം പാലിക്കപ്പെടുന്നില്ല. ഉള്ള ഓടകളില്‍ തന്നെ ചപ്പുചവറുകള്‍ കെട്ടിനില്‍ക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സം നേരിടുകയും ചെയ്യുന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ചപ്പുചവറുകള്‍ പലരും തള്ളുന്നത് ഓടകളിലാണല്ലോ. വിദ്യാസമ്പന്നരെങ്കിലും സാമൂഹിക ബോധം കുറവാണ് ഇത്തരം കാര്യങ്ങളില്‍ മലയാളിക്ക്.

ജല അതോറിറ്റിയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമുണ്ട് റോഡുകളുടെ ശോച്യാവസ്ഥയില്‍ വലിയൊരു പങ്ക്. ജല അതോറിറ്റിയും മറ്റു വകുപ്പുകാരും റോഡുകള്‍ പൊളിക്കുന്നത് സര്‍വസാധാരണമാണ്. ഇങ്ങനെ വെട്ടിക്കുഴിച്ച റോഡുകള്‍ യഥാസമയം പൂര്‍വസ്ഥിതിയിലാക്കാന്‍ അതാത് വകുപ്പുകള്‍ ബാധ്യസ്ഥരാണെങ്കിലും ആ ഉത്തരവാദിത്വം യഥാവധി അവര്‍ നിര്‍വഹിക്കാറില്ല. മാസങ്ങളോളം പൊളിഞ്ഞ നിലയില്‍ തന്നെ കിടക്കും. ചിലപ്പോള്‍ ഒരു വകുപ്പിന്റെ പണി കഴിഞ്ഞുപോയാല്‍ ദിവസങ്ങള്‍ക്കകം അടുത്ത വകുപ്പുകാരെത്തി റോഡില്‍ കുളം തോണ്ടുന്നതും പതിവു കാഴ്ചയാണ്. വിവേചനരഹിതമായി റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതു വഴി സംസ്ഥാനത്തിന് ഒരു വര്‍ഷം മൂവായിരം കോടി രൂപയുടെ ബാധ്യത വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പണിപൂര്‍ത്തിയായ റോഡുകള്‍ തോന്നുമ്പോഴെല്ലാം വെട്ടിക്കുഴിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിക്കാറുണ്ടെങ്കിലും അത് ഫലപ്രദമാകാറില്ല.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മഴലഭ്യത കൂടുതലാണെങ്കിലും മികച്ച നിലവാരത്തില്‍ പണിതാല്‍ ഇവിടെയും ഏത് മഴയെയും അതിജീവക്കാനും ദീര്‍ഘകാലം തകരാതെ നിലനില്‍ക്കാനും റോഡുകള്‍ക്കാകുമെന്നതിന്റെ തെളിവാണ് ബ്രിട്ടീഷുകാര്‍ പണിത റോഡുകളും പാലങ്ങളും. വെള്ളക്കാര്‍ നാടുവിട്ടുപോയി മുക്കാല്‍ നൂറ്റാണ്ടോളമായെങ്കിലും ഇനിയും മാറ്റിപ്പണിയേണ്ട ആവശ്യം പോലും വന്നിട്ടില്ലാത്ത നിര്‍മാണങ്ങളാണ് അവയില്‍ പലതും. റോഡ് നിര്‍മാണത്തിലെ മികച്ച സാങ്കേതികതയാണ് ഇതിനു കാരണം.

വിദേശ മാതൃകയില്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനാകുന്ന റോഡ് നിര്‍മാണം സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വിദേശ രാജ്യങ്ങളിലെ റോഡ് നിര്‍മാണം പഠിക്കാന്‍ പൊതുപണം ചെലവാക്കി മന്ത്രിമാരും ഉദ്യാഗസ്ഥരും ഇടക്കിടെ രാജ്യങ്ങള്‍ മാറിമാറി സന്ദര്‍ശിക്കാറുണ്ടെങ്കിലും അവര്‍ക്കൊരു വിദേശയാത്ര എന്നതിലപ്പുറം സംസ്ഥാനത്തെ റോഡ് നിര്‍മാണങ്ങളില്‍ അതിന്റെ ഗുണഫലം അനുഭവപ്പെടാറില്ല. ഒറ്റ മഴക്കാലത്തെപ്പോലും അതിജീവിക്കാനാവാത്ത റോഡുകള്‍ നിര്‍മിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന സ്ഥിതിവിശേഷം ഇനിയും ഉണ്ടായിക്കൂടാ. പൊട്ടിപ്പൊളിയാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായകമാം വിധം റോഡ് നിര്‍മാണത്തില്‍ മികച്ച സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular