Saturday, April 27, 2024
HomeKeralaക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍; കേരളത്തിന് ദേശീയ പുരസ്‌കാരം; മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍; കേരളത്തിന് ദേശീയ പുരസ്‌കാരം; മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം

തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് അവാര്‍ഡ്. 2015നെ അപേക്ഷിച്ച്‌ 2021ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് സില്‍വര്‍ കാറ്റഗറിയിലും എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ബ്രോണ്‍സ് കാറ്റഗറിയിലും പുരസ്‌കാരമുണ്ട്.
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡ് സാഹചര്യത്തിലും ക്ഷയരോഗികളെ കണ്ടെത്തുന്നതിന് അക്ഷയ കേരളം പദ്ധതി വളരെ ഊര്‍ജിതമായി നടപ്പിലാക്കി. ക്ഷയരോഗികളെ ഈ പദ്ധതിയിലൂടെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ പുതിയതായി ഉണ്ടാകുന്ന ക്ഷയരോഗികളില്‍ നാലില്‍ ഒരാള്‍ ഇന്ത്യയിലാണ്. എന്നാല്‍ കേരളത്തില്‍ ക്ഷയരോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ്. 2025ഓടെ ക്ഷയരോഗ മുക്തിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലുള്ള ചികിത്സാ രേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധന, രേഖകളില്‍പ്പെടാത്ത ക്ഷയരോഗികളുണ്ടോ എന്നറിയുന്നതിനായി തിരഞ്ഞെടുത്ത ക്ലസ്റ്ററുകളില്‍ നടത്തിയ സാമൂഹിക സര്‍വേ തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ചാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. ക്ഷയരോഗ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ അല്ലാതെ കേരളത്തില്‍ ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് ബ്രോണ്‍സ് കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular