Friday, April 26, 2024
HomeKeralaഇപിയുടെ വഴി പുറത്തേക്ക്; ബിജെപിയില്‍ ചേരാൻ ശ്രമിച്ചെന്ന ശോഭാ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലില്‍ വീണുരുണ്ട് ഇടത് കണ്‍വീനര്‍

ഇപിയുടെ വഴി പുറത്തേക്ക്; ബിജെപിയില്‍ ചേരാൻ ശ്രമിച്ചെന്ന ശോഭാ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലില്‍ വീണുരുണ്ട് ഇടത് കണ്‍വീനര്‍

തിരുവനന്തപുരം: “ഇൻകം ടാക്സ് അന്വേഷണം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് പദവി ഉപയോഗിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച ആളാണ് വി.ഡി.സതീശൻ.

രക്ഷപ്പെടാൻ കഴിയുന്നില്ലെന്ന് വന്നപ്പോള്‍ സതീശൻ ഡല്‍ഹിക്ക് പോയി. ബിജെപി, ആർഎസ്‌എസ് നേതാക്കളെ കണ്ട് ധാരണയുണ്ടാക്കി. കേരളത്തിലെ ഇടതുപക്ഷത്തെ ശക്തമായും ബിജെപിയെ മൃദുവായും എതിർക്കാമെന്ന് ധാരണയുണ്ടാക്കിയാണ് സതീശൻ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. ഇപ്പോള്‍ ഇതാണ് കേരളത്തില്‍ സതീശൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ” കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ പ്രതിപക്ഷ നേതാവിനെതിരെ ചൊരിഞ്ഞ ആരോപണങ്ങളാണിതെല്ലാം. സതീശനെതിരെ ഉന്നയിച്ച ബിജെപി ആരോപണങ്ങള്‍ ഇടിത്തീയായി ഇപിക്ക് മേല്‍ വന്നു പതിച്ചിരിക്കയാണ്. ബിജെപിയില്‍ ചേരാൻ ജയരാജൻ ചർച്ചകള്‍ നടത്തിയെന്നും, അതു സംബന്ധിച്ച്‌ 90% ധാരണയിലെത്തിയെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെവെളിപ്പെടുത്തല്‍ സിപിഎമ്മിനെ പോലും നാണക്കേടിന്‍റെ പടുകുഴിയിലാക്കി.

ഇന്നത്തെ കോണ്‍ഗ്രസുകാർ നാളത്തെ ബിജെപിയെന്ന സിപിഎം നരേറ്റീവ് തിരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തിച്ച്‌ നിർത്തിയ സിപിഎമ്മിന് വോട്ടിംഗിന്‍റെ തലേന്ന് കിട്ടിയ പ്രഹരത്തില്‍ തലപൊക്കാനാവാത്ത അവസ്ഥയിലാണ്. പാർട്ടി കേന്ദ്ര കമ്മറ്റി അംഗവും ഇടതു കണ്‍വീനറുമായ വ്യക്തി തന്നെ ബിജെപിയില്‍ ചേരാൻ ചർച്ചകള്‍ നടത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് സാധ്യതയെപ്പോലും ബാധിക്കുമോ എന്ന ഭയത്തിലാണ് സിപിഎം നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്‍റെ പിറ്റെ ആഴ്ച ജയരാജൻ ബിജെപി സ്ഥാനാർത്ഥികള്‍ മികച്ചവരാണെന്നുള്ള പ്രസ്താവന പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. ഇടത് സ്ഥാനാർത്ഥികള്‍ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന ഇപി ന്യായീകരണം പാർട്ടി മുഖവിലക്കെടുത്തില്ല.

ഇടത് കണ്‍വീനർ ബിജെപിക്ക് ‘ഗുഡ് സർട്ടിഫിക്കറ്റ്’ കൊടുത്തതിന് പിന്നാലെയാണ് ഇപി ജയരാജനും ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ഡീലുണ്ടെന്ന് ആരോപണം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തൊടുത്തു വിട്ടത്. ജയരാജന്‍റെ ഭാര്യയും മകനും ചേർന്ന് കണ്ണൂർ മൊറാഴയില്‍ നടത്തുന്ന വൈദേകം ആയുർവേദ റിസോർട്ടില്‍ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖറിന്‍റെ നിരാമയ റിസോർട്ട്സിന് പങ്കാളിത്തമുണ്ടെന്നായിരുന്നു സതീശന്‍റെ ‘ആരോപണം. അങ്ങനെയൊരു ബിസിനസ് ഇടപാടുണ്ടെന്ന് തെളിയിച്ചാല്‍ സ്വത്തുക്കള്‍ സതീശന് നല്‍കാമെന്ന് ജയരാജൻ വീമ്ബു പറഞ്ഞതിന് പിന്നാലെ ബിസിനസ് ഡീലുമായി ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളും സതീശൻ പുറത്തുവിട്ടതോടെ ജയരാജൻ ആരോപണങ്ങള്‍ ശരിവച്ചു. വർഗീയതയുമായി സന്ധി ചെയ്യുന്ന ബിജെപിയെ നേരിടാൻ സിപിഎം മാത്രമേ കേരളത്തിലുള്ളു എന്നൊക്കെ സദാ പറയുന്ന പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാവ് തന്നെ സംഘപരിവാറുമായി കച്ചവടത്തില്‍ ഏർപ്പെട്ട് കരാറുണ്ടാക്കിയെന്ന ആരോപണത്തെ ന്യായീകരിക്കാനോ വെള്ള പൂശാനോ സിപിഎം നേതൃത്വം തയ്യാറായില്ല. സിപിഎമ്മിന്‍റെ ബിജെപി വിരുദ്ധ പ്രതിഛായ വെറും തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷനേതാവ് സതീശൻ പൂർണമായി വിജയിച്ചുവെന്ന വിലയിരുത്തല്‍ ഇടത് ക്യാമ്ബില്‍ പോലുമുണ്ടായി.

ബിജെപിയുമായുള്ള വ്യാപാര ബന്ധത്തിന്‍റെ ചൂടാറുന്നതിന് മുമ്ബേയാണ് പുതിയ വെളിപ്പെടുത്തല്‍. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്‍റെ മധ്യസ്ഥതയില്‍ ജയരാജൻ ബിജെപി നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു എന്ന ശോഭാ സുരേന്ദ്രന്‍റെ തുറന്ന് പറച്ചിലിന്‍റെ അലയൊലികള്‍ പാർട്ടിക്കുള്ളില്‍ ഉടനെയൊന്നും കെട്ടടങ്ങുന്ന ലക്ഷണമില്ല. ജയരാജന്‍റെ നീക്കങ്ങള്‍ മണത്തറിഞ്ഞ പാർട്ടി നടത്തിയ നീക്കങ്ങളാണ് ജയരാജൻ പിൻമാറാൻ കാരണമെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാന കോണ്‍ഗ്രസിലെ താഴെത്തട്ടിലുള്ള നേതാക്കള്‍ ബിജെപിയില്‍ ചേർന്നാല്‍ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് പത്രസമ്മേളനം നടത്തി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പതിവുണ്ട്. അത്തരം പരിഹാസങ്ങള്‍ നടത്തുന്ന പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവും മുന്നണി കണ്‍വീനറുമായ വ്യക്തി ഡല്‍ഹിയില്‍ പോയി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുണ്ടാക്കിയ നാണക്കേടും അമ്ബരപ്പും എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പുലിവാല് പിടിച്ച അവസ്ഥയിലാണ് സിപിഎം. ജയരാജനെതിരെ നടപടി എടുക്കാതെ ഒരടി പോലും മുന്നോട്ട് പോകാനാവില്ല. തിരഞ്ഞെടുപ്പ് ഫലം എന്തായാലും ജയരാജന്‍റെ കാര്യത്തില്‍ പാർട്ടിക്ക് രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. പാർട്ടി നടപടികള്‍ എന്നുണ്ടാവുമെന്ന് മാത്രം നോക്കിയാല്‍ മതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular