Saturday, April 27, 2024
Homehealthപ്രോട്ടീൻ പൗഡറുകളുടെ സ്ഥിരമായ ഉപയോഗം ദോഷം ചെയ്യുമോ ? അമിതമായാല്‍ സംഭവിക്കുന്നതെന്ത് ?

പ്രോട്ടീൻ പൗഡറുകളുടെ സ്ഥിരമായ ഉപയോഗം ദോഷം ചെയ്യുമോ ? അമിതമായാല്‍ സംഭവിക്കുന്നതെന്ത് ?

രീരത്തിന് ആവശ്യമായ മൂന്ന് പ്രധാന സ്ഥൂല പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീൻ അഥവാ മാംസ്യം. ശരീരപേശികളുടെ വളർച്ചയ്ക്കും നിലനില്‍പ്പിനും അപാകങ്ങള്‍ പരിഹരിക്കുന്നതിനും പ്രോട്ടീൻ ആവശ്യമാണ്.

ചർമം, നഖം, എല്ലുകള്‍, രക്തം, ഹോർമോണുകള്‍, എൻസൈമുകള്‍, ആന്റിബോഡി എന്നിങ്ങനെ എല്ലാ ശരീരഭാഗത്തിനും പ്രോട്ടീൻ വേണം. വളർച്ചാ കാലഘട്ടത്തിലും ഗർഭാവസ്ഥയിലും രോഗം മാറിവരുന്ന അവസ്ഥയിലും ഇവയുടെ ആവശ്യകത കൂടുതലായിരിക്കും.

പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം ഇന്ന് ധാരാളമായി കാണുന്നുണ്ട്. യഥാർഥത്തില്‍ സാധാരണ രൂപത്തില്‍ ഭക്ഷണം കഴിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരം പ്രോട്ടീൻ പൗഡറുകള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ ഇന്നും പല അഭിപ്രായങ്ങളുണ്ട്. ഇത്തരം പ്രോട്ടീൻ പൗഡറുകള്‍ ആർക്കൊക്കെ വേണം, ഇവയുടെ സ്ഥിരമായ ഉപയോഗം ഏതെങ്കിലും വിധത്തില്‍ ദോഷം ചെയ്യുമോ എന്ന പലവിധ സംശയങ്ങള്‍ ചോദിക്കാറുണ്ട്.

പ്രത്യേകിച്ച്‌ അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂർത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച്‌ ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീൻ ആവശ്യമുണ്ട്. പരിപ്പ്-പയറുവർഗങ്ങളും ധാന്യാഹാരവും മത്സ്യ-മാംസാദികളും കഴിക്കുന്ന ഒരാള്‍ക്ക് ഈ അളവ് ഭക്ഷണത്തിലൂടെ മാത്രം ലഭിക്കും. ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീൻ ഒറ്റ പ്രാവശ്യമായി ഉപയോഗിക്കുന്നതിലും നല്ലത് ഓരോ നേരത്തെ ഭക്ഷണത്തിലൂടെയും കുറേശ്ശെയായി ഉപയോഗിക്കുന്നതാണ്. കൂടിയ അളവില്‍ ഒരേസമയത്ത് പ്രോട്ടീൻ ഉപയോഗിക്കുന്നത് മൂലം ആഗിരണം ശരിയായി നടക്കാതെ വരും. അതിനാല്‍ ഇവയുടെ ദഹനശേഷമുള്ള മാലിന്യം വൃക്കകള്‍ക്ക് അധികഭാരം നല്‍കുന്നു.

പ്രോട്ടീൻ അമിതമായാല്‍

പ്രമേഹരോഗികള്‍ക്ക് ഒരു ദിവസത്തെ ആകെ ഊർജത്തിന്റെ 10-15 ശതമാനം വരെയേ പ്രോട്ടീനില്‍ നിന്ന് ആകാവൂ. വൃക്കരോഗങ്ങളുള്ളവരും സാധ്യതയുള്ളവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രായമായവരിലും മറ്റ് അവശതകളുള്ളവരിലും അമിതമായ പ്രോട്ടീൻ ഉപയോഗം (ആകെ ഊർജത്തിന്റെ 35 ശതമാനത്തില്‍ അധികം) കാത്സ്യം നഷ്ടത്തിനും എല്ലുകളുടെ ബലക്കുറവിനും നിർജ്ജലീകരണത്തിനും കാരണമായേക്കാം.

സപ്ലിമെന്റുകള്‍ കഴിക്കേണ്ടതെപ്പോള്‍

രോഗികള്‍ക്കും അല്ലാത്തവർക്കും ഏതെങ്കിലും അണുബാധയുള്ള സമയത്തും രോഗം മാറി വരുന്ന സമയത്തും രുചിക്കുറവ് മൂലവും ഭക്ഷണനിയന്ത്രണം കൊണ്ടും അളവ് കുറഞ്ഞുപോവുകയോ മരുന്നുകളുടെ ഉപയോഗം മൂലം പോഷകഘടകങ്ങളുടെ ശരിയായ ആഗിരണം നടക്കാതിരിക്കുകയോ ചെയ്യാം. ഈ അവസ്ഥയില്‍ ഡയറ്റ് സപ്ലിമെന്റുകള്‍ ഏറെ ഗുണപ്രദമാണ്. ആയാസം കൂടാതെ നിശ്ചിത അളവ് പോഷകഘടകങ്ങള്‍ ശരീരത്തിലെത്തുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കും. ഈ അവസ്ഥയിലുള്ള പ്രമേഹരോഗികള്‍ക്കും ഇത് ഏറെ ഗുണപ്രദമാണ്. കാരണം പ്രോട്ടീൻ ദഹിക്കാൻ കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നില്ല.

കഴിക്കുന്നതിന് മുൻപ്

പ്രോട്ടീൻ സപ്ലിമെന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു വിഭാഗം കായികതാരങ്ങളാണ്. ബോഡി ബില്‍ഡർമാരും ഇവ യഥേഷ്ടം ഉപയോഗിക്കുന്നു. ഇവർ മനസ്സിലാക്കേണ്ട ഒരു കാര്യം സപ്ലിമെന്റുകള്‍ കൊണ്ടുമാത്രം പേശിവർധന ഉണ്ടാവുന്നില്ല എന്നതാണ്. കൃത്യമായ വർക്ക്‌ഔട്ട് കൂടി ആവശ്യമാണ്. ഇത്തരം ആളുകള്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുമ്ബോള്‍ അവയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളെക്കുറിച്ച്‌ കൃത്യമായ ഒരു ധാരണ ഉണ്ടാവേണ്ടതാണ്. ഒരു ഡോക്ടറുടെയോ അംഗീകൃത ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം ഗുണനിലവാരം ഉറപ്പുവരുത്തിയ ബ്രാൻഡ് മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

ഡയറ്റ്/പ്രോട്ടീൻ സപ്ലിമെന്റുകള്‍ പ്രത്യേക വിഭാഗമായാണ് എഫ്.ഡി.എ. രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ ഗുണനിലവാരം കുറയുകയോ വ്യാജഗുണങ്ങള്‍ അവകാശപ്പെടുകയോ ചെയ്താല്‍ തന്നെ ഇക്കാരണത്താല്‍ ഇവയെ വിപണിയില്‍ നിന്ന് പിൻവലിക്കാനോ ഇവയ്ക്കെതിരെ നടപടി സ്വീകരിക്കാനോ എഫ്.ഡി.എയ്ക്ക് സാധിക്കുകയില്ല. വളരെ ഗുണകരമായതും എല്ലാവിധ പോഷക ഘടകങ്ങളും അനുവദനീയമായ അളവില്‍ മാത്രം അടങ്ങിയിട്ടുള്ളതുമായ നിരവധി ബ്രാൻഡ് പ്രോട്ടീൻ പൗഡറുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ പലതിലും ഉയർന്ന അളവില്‍ വിറ്റാമിനുകളും അഡിറ്റീവുകളും കഫീൻ, സ്റ്റിറോയ്ഡ് എന്നിവ പോലും അടങ്ങിയിട്ടുള്ളതായി കാണാം. അതിനാല്‍ തന്നെ നിർദേശാനുസരണം അല്ലാതെയുള്ള പ്രോട്ടീൻ പൗഡർ ഉപയോഗം ഗുണകരമാവില്ല.

പ്രോട്ടീൻ ഭക്ഷണത്തിലൂടെ

ആഹാരത്തിലൂടെ ലഭിക്കുന്ന പ്രോട്ടീൻ അളവ് (നൂറുഗ്രാമില്‍) അറിയാം.

അരി-6.5-8.5 ഗ്രാം
ഗോതമ്ബ്- 12.8 ഗ്രാം
മുത്താറി-7.3 ഗ്രാം
കടല-17.1 ഗ്രാം
വൻപയർ -24.0 ഗ്രാം
ചെറുപയർ-24.0 ഗ്രാം
ഗ്രീൻപീസ്-19.7 ഗ്രാം
ബദാം-20.8 ഗ്രാം
കശുവണ്ടിപ്പരിപ്പ്-21.2 ഗ്രാം
മത്തി-19.6 ഗ്രാം
അയല-18.9 ഗ്രാം
മുള്ളൻ-19.1 ഗ്രാം
ചെമ്മീൻ- 19.1 ഗ്രാം
ഞണ്ട്-8.9 ഗ്രാം
ചിക്കൻ-25.0 ഗ്രാം
ബീഫ്-22.6 ഗ്രാം
മുട്ട-13.3 ഗ്രാം
പശുവിൻ പാല്‍- 3.2 ഗ്രാം
തൈര്-3.1 ഗ്രാം
പനീർ-18.3 ഗ്രാം

ഒരു ദിവസത്തേക്ക് വേണ്ട പ്രോട്ടീൻ അളവ്

ധാന്യങ്ങള്‍: 400-600 ഗ്രാം
പയറുവർഗങ്ങള്‍: 75-120 ഗ്രാം
മാംസാഹാരങ്ങള്‍: 30-50 ഗ്രാം
പാല്‍-പാല്‍ ഉത്പന്നങ്ങള്‍: 300 മില്ലിലിറ്റർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular