Friday, April 26, 2024
HomeKeralaനിരോധിത ഉപഗ്രഹ ഫോണുമായി റഷ്യന്‍ പൗരന്‍ എയര്‍പോര്‍ട്ടില്‍: നിസാര വകുപ്പിട്ട് പോലീസ് കുറ്റപത്രം

നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യന്‍ പൗരന്‍ എയര്‍പോര്‍ട്ടില്‍: നിസാര വകുപ്പിട്ട് പോലീസ് കുറ്റപത്രം

തിരുവനന്തപുരം: നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യന്‍ പൗരന്‍ തലസ്ഥാനത്തെ എയര്‍പോര്‍ട്ടില്‍ എത്തിയ കേസില്‍ പ്രതി കെയ്‌ദോ കാര്‍മെക്കെതിരെ എയര്‍ക്രാഫ്റ്റ് നിയമത്തിലെ നിസാര പെറ്റി വകുപ്പിട്ട് കോടതിയില്‍ വലിയതുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ക്രിമിനല്‍ ഉദ്ദേശ്യമില്ലാതെയും നിയമപരിജ്ഞാനമില്ലാതെയുമാണ് പ്രതി തലസ്ഥാനത്ത് പറന്നിറങ്ങിയതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റം സമ്മതിച്ച്‌ 2000 രൂപ പിഴയൊടുക്കി കെയ്‌ദോ തലയൂരുകയും ചെയ്തു. തുടര്‍കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിയെ ഡീപോര്‍ട്ട് ചെയ്യാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വലിയതുറ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.വി. രവിതയാണ് പ്രതിയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ 2024 ജനുവരി 21 ഞായറാഴ്ച രാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയില്‍ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരനെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. മോസ്‌കോ സ്വദേശി കെയ്‌ദോ കാര്‍മയെ പരിശോധനയ്‌ക്കിടെ സിഐഎസ്‌എഫാണ് പിടികൂടിയത്.

ഫോണും അനുബന്ധ ഉപകരണങ്ങളും എക്‌സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളില്‍നിന്ന് കണ്ടെടുത്തത്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തശേഷം വലിയതുറ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാള്‍ ഫോണുമായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular