Friday, April 26, 2024
HomeKeralaപൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആഭ്യന്തര മീറ്റിങ്ങില്‍ പറഞ്ഞത് സര്‍ക്കാര്‍ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.

ശിവൻകുട്ടി. ശില്‍പശാലകളില്‍ ഒരുപാട് അഭിപ്രായങ്ങള്‍ വരും. അത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി പറഞ്ഞു. അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്തവര്‍ എ പ്ലസ് നേടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്‍റെ വിവാദ പ്രസ്താവന. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്. ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കായി വിളിച്ച യോഗത്തിലാണ് പരാമര്‍ശം.

‘കേരളത്തില്‍ നിലവില്‍ 69,000ത്തിലധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്ബോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്ബറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള മാര്‍ക്കുകള്‍ ഔദാര്യമായി നല്‍കാം. ജയിക്കുന്നവര്‍ ജയിക്കട്ടെ. അതിന് ആര്‍ക്കും എതിര്‍പ്പില്ല. ബാക്കിയുള്ളത് പഠിച്ച്‌ തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. പരീക്ഷകള്‍ പരീക്ഷകളായി നടത്തണമെന്നും ഇനി മുതല്‍ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരോട് പറഞ്ഞിരുന്നു.

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുനിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. എല്ലാ കുട്ടികളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും ഗുണമേന്മ വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല -മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular