Friday, April 26, 2024
HomeKerala'ആല്‍ഫ എയര്‍ലൈന്' തീപിടിച്ചു; വിമാനത്താവളത്തില്‍ രക്ഷാദൗത്യം

‘ആല്‍ഫ എയര്‍ലൈന്’ തീപിടിച്ചു; വിമാനത്താവളത്തില്‍ രക്ഷാദൗത്യം

കൊച്ചി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുള്‍സ്‌കെയില്‍ എമര്‍ജൻസി മോക്ഡ്രില്‍ കൊച്ചി വിമാനത്താവളത്തില്‍ നടത്തി.

വിമാനത്താവളത്തിലെ സുരക്ഷ സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച്‌ മോക്ഡ്രില്‍ നടത്തുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ വിമാനം 130 യാത്രക്കാരും ആറ് ജീവനക്കാരുമുള്ള ‘ആല്‍ഫ എയര്‍ലൈൻ’ ആക്കിയാണ് അപകട സാഹചര്യം സൃഷ്ടിച്ചത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് ഉച്ചക്ക് 2.30ന് എൻജിനില്‍ ‘തീപിടിത്തമുണ്ടായതായി’ ക്യാപ്റ്റൻ, എ.ടി.സിയെ അറിയിച്ചു. ഇതോടെ വിമാനത്താവളത്തില്‍ പൂര്‍ണ എമര്‍ജൻസി പ്രഖ്യാപിച്ചു. സിയാല്‍ അഗ്നിശമന രക്ഷാവിഭാഗം (എ.ആര്‍.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി എത്തി ഓപറേഷൻസ് ഇൻ-ചാര്‍ജ് എബ്രഹാം ജോസഫിന്റെ നേതൃത്വത്തില്‍ മൊബൈല്‍ കമാൻഡ് കണ്‍ട്രോള്‍ സജ്ജമായി.

നിമിഷങ്ങള്‍ക്കകം നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ ഹെലികോപ്ടറുകള്‍ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കുചേരുകയും ചെയ്തു. 22 ആംബുലൻസുകളില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രേം എം.ജെയുടെ നേതൃത്വത്തില്‍ സി.ഐ.എസ്.എഫ് സുരക്ഷ ചുമതല ഏറ്റെടുത്തു.

കമാൻഡ് പോസ്റ്റില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാൻ എമര്‍ജൻസി കണ്‍ട്രോള്‍ റൂം, അംബ്ലി ഏരിയ, സര്‍വൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റര്‍, ക്രൂ റിസപ്ഷൻ സെന്റര്‍, ഫ്രണ്ട്‌സ് ആൻഡ് റിലേറ്റിവ്സ് റിസപ്ഷൻ സെന്റര്‍, റീ യൂനിയൻ ഏരിയ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മതപരമായ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സൗകര്യം മിനിറ്റുകള്‍ക്കകം ആരംഭിച്ചു.

ജില്ല ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘമാണ് വിമാനത്താവളത്തിന് പുറത്തെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. മൂന്നരയോടെയാണ് മോക്ഡ്രില്‍ പൂര്‍ത്തിയായത്.

സിയാല്‍ എമര്‍ജൻസി ടാസ്‌ക് ഫോഴ്‌സ്, കസ്റ്റംസ്, ഇമിഗ്രേഷൻ, കേരള പൊലീസ്, കേരള ഫയര്‍ ഫോഴ്‌സ്, മീറ്റിയറോളജി ഡിപ്പാര്‍ട്മെന്റ്, പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റ്, ഇന്ത്യൻ നേവി, കോസ്റ്റ് ഗാര്‍ഡ്, ബി.പി.സി.എല്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസ്, മെഡിക്കല്‍ ട്രസ്റ്റ്, ലിറ്റില്‍ ഫ്ലവര്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ 17 ആശുപത്രികള്‍, 22 ആംബുലൻസ് സര്‍വിസുകള്‍, ബി.സി.എ.എസ്, എയര്‍പോര്‍ട്ട് അതോറിറ്റി, വിവിധ എയര്‍ലൈൻ പ്രതിനിധികള്‍, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികള്‍, എയര്‍ലൈൻ കോഓഡിനേഷൻ കമ്മിറ്റി എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തു.

സങ്കീര്‍ണമായ മോക്ഡ്രില്‍ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular