Friday, April 26, 2024
HomeKeralaനാട് വളര്‍ന്നു, റോഡ് ചുരുങ്ങി, വേണം ബൈപാസ്

നാട് വളര്‍ന്നു, റോഡ് ചുരുങ്ങി, വേണം ബൈപാസ്

മുട്ടം: മുട്ടം ടൗണ്‍ വികസനപാതയിലാണെങ്കിലും റോഡുകളുടെയും ബൈപാസുകളുടെയും കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. സ്പൈസസ് പാര്‍ക്ക്, പോളി ടെക്നിക് കോളജ്, എൻജിനീയറിങ് കോളജ്, ഐ.എച്ച്‌.ആര്‍.ഡി സ്കൂള്‍, ഐ.എച്ച്‌.ആര്‍.ഡി കോളജ്, ജില്ല കോടതി, ജില്ല ഹോമിയോ ആശുപത്രി, ജില്ല വിജിലൻസ് ഓഫിസ്, മലങ്കര ടൂറിസം പാര്‍ക്ക് തുടങ്ങിയവയെല്ലാം മുട്ടത്തുണ്ട്.

ഈ സ്ഥാപനങ്ങളിലേക്കായി ആയിരക്കണക്കിനുപേര്‍ ദിനംപ്രതി വന്നുപോകുന്നു. രാവിലെയും വൈകീട്ടും ടൗണ്‍ കേന്ദ്രീകരിച്ച്‌ തിരക്കുണ്ട്. ബൈപാസുകളുടെ അഭാവം ടൗണ്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സ്ഥാപനങ്ങളെല്ലാം വരുന്നതിനുമുമ്ബുള്ള അതേ റോഡ് സൗകര്യങ്ങളേ ഇന്നും ഇവിടുള്ളൂ.

മൂലമറ്റം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട, പാലാ ഭാഗത്തു നിന്നും മുട്ടം ടൗണിലേക്കെത്തുന്ന വാഹനങ്ങള്‍ ഒരേ സമയം ഇരുദിശയില്‍നിന്നുമാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. ടൗണില്‍ വാഹനങ്ങള്‍ മുഖാമുഖം എത്തുന്നതിനാല്‍ പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. അതിവേഗത്തിലാണ് വാഹനങ്ങള്‍ മുട്ടം ടൗണിലേക്ക് പ്രവേശിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ പൊലീസുകാര്‍ക്ക് വാഹനത്തിന്‍റെ അതിവേഗത്തിലുള്ള നഗരപ്രവേശനം നിയന്ത്രിക്കാനാകുന്നില്ല. സ്കൂള്‍ സമയങ്ങളില്‍ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് കാറിനടിയില്‍പെട്ട് സ്കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. 15 മീറ്ററോളം കാറിനടിയില്‍ കുടുങ്ങി നിരങ്ങി നീങ്ങിയ വിദ്യാര്‍ഥിയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. മുട്ടം ജങ്ഷന്‍റെ പ്രത്യേകത അറിയാതെ എത്തുന്ന വാഹനങ്ങള്‍ കഷ്ടിച്ചാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്.

രണ്ട് ബൈപാസുകള്‍ക്ക്‌ നിര്‍ദേശം ഉണ്ടെങ്കിലും ഒന്നു പോലും നടപ്പാക്കിയിട്ടില്ല. മലങ്കര-പെരുമറ്റം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട-പാലാ റൂട്ടിലെ ചള്ളാവയല്‍ ഭാഗത്ത് എത്തുന്ന ബൈപാസിന് രൂപരേഖ തയാറാക്കി കല്ലുകള്‍ നാട്ടിയെങ്കിലും തുടര്‍നടപടി ഒന്നും ഉണ്ടായില്ല.

ഈ ബൈപാസ് യാഥാര്‍ഥ്യമായാല്‍ മുട്ടം ടൗണില്‍ കയറാതെ തന്നെ പാലാ, ഈരാറ്റുപേട്ട റൂട്ടില്‍ എളുപ്പത്തില്‍ എത്താൻ കഴിയും. കൂടാതെ, 600 മീറ്ററോളം ദൂരം ലാഭിക്കാനും സാധിക്കും.

പെരുമറ്റം പാലം മുതല്‍ ചള്ളാവയല്‍ വരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. ചില ഉടമകള്‍ സ്ഥലം ഏറ്റെടുപ്പിന് എതിര് നിന്നതോടെയാണ് യഥാര്‍ഥ്യമാക്കാനാകാതെ വന്നത്. പിന്നീട് സ്ഥല ഉടമകള്‍ അനുകൂലമായെങ്കിലും ഭരണകര്‍ത്താക്കളുടെ ഭാഗത്ത് നിന്നും അനുകൂല നടപടികള്‍ ഉണ്ടായില്ല.

മുട്ടം എൻജിനീയറിങ് കോളജിന്‍റെ പരിസരത്തുനിന്ന് മൂലമറ്റം റൂട്ടിലേക്ക്‌ മുട്ടം ടൗണില്‍ പ്രവേശിക്കാതെ ശങ്കരപ്പള്ളിയില്‍ എത്താൻ കഴിയുന്ന ബൈപാസിനായി വര്‍ഷങ്ങള്‍ക്ക് മുമ്ബ് പഠനങ്ങള്‍ നടന്നിരുന്നു. ഈ ബൈപാസ് യാഥാര്‍ഥ്യമായാല്‍ മലങ്കര തടാകത്തിന്‍റെ ദൃശ്യഭംഗി നുകര്‍ന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം ലാഭിച്ച്‌ ശങ്കരപ്പിള്ളിയില്‍ എത്താൻ കഴിയും. എം.വി.ഐ.പിയുടെയും വനംവകുപ്പിന്‍റെയും കൈവശമിരിക്കുന്നതുമായ ഭൂമികള്‍ ഏറ്റെടുത്താല്‍തന്നെ ബൈപാസ് യാഥാര്‍ഥ്യമാകും. ഇത് മലങ്കര ടൂറിസത്തിനും ഉണര്‍വേകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular