Friday, April 26, 2024
HomeKeralaഗുരുവായൂരപ്പന് പിറന്നാളിന് ധരിക്കാന്‍ സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച്‌ ഭക്തന്‍

ഗുരുവായൂരപ്പന് പിറന്നാളിന് ധരിക്കാന്‍ സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച്‌ ഭക്തന്‍

കോയമ്ബത്തൂര്‍: രാജ്യത്തെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രം. ദിനംപ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്.

ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രമാണ് ഗുരുവായൂര്‍.

കുംഭമാസത്തില്‍ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തില്‍ലെ അഷ്ടമി രോഹിണി, തിരുവോണം, മേടമാസത്തില്‍ വിഷു, ധനു 22-നും മകരത്തിലെ നാലാമത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയും നടക്കുന്ന ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലികള്‍ എന്നിവയും വിശേഷമാണ്.

തിരുവോണാഘോഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ക്ഷേത്രത്തില്‍ വരാനിരിക്കുന്ന പ്രധാന ആഘോഷം അഷ്ടമി രോഹിണിയാണ്. ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാല്‍ അഷ്ടമി രോഹിണി ദിനത്തില്‍ വലിയ ആഘോഷങ്ങളും പൂജകളുമാണ് ക്ഷേത്രത്തില്‍ നടക്കുക. ഇപ്പോഴിതാ അഷ്ടനി രോഹിണി ദിനത്തില്‍ ഗുരുവായൂരപ്പന് ധരിക്കാന്‍ പൊന്നിന്‍ കിരീടമൊരുക്കി നല്‍കിയിരിക്കുകയാണ് കോയമ്ബത്തൂരിലെ ഒരു മലയാളി ഭക്തന്‍.

കോയമ്ബത്തൂരില്‍ താമസിക്കുന്ന കൈനൂര്‍ വേണുഗോപാലിന്റെയും ദേവകിയുടെയും മകന്‍ കെ വി രാജേഷ് ആചാരിയാണ് ഗുരുവായൂരപ്പന് സ്വര്‍ണകിരീടം സമ്മാനിച്ചത്. എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണക്കിരീടത്തിന് 38 പവന്‍ തൂക്കം വരും. 14 വര്‍ഷം മുന്‍പ് തുടങ്ങിയ ആഗ്രഹത്തിന്റെ ഭാഗമായാണ് ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം സമര്‍പ്പിക്കുന്നത് എന്ന് കെ വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമാണ് രാജേഷ്. നാസ് പതിറ്റാണ്ടായി കോയമ്ബത്തൂരില്‍ ആഭരണ നിര്‍മാണ രംഗത്ത് സജീവമാണ് ഇദ്ദേഹം. വന്‍കിട ജൂവലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ കെ വി രാജേഷ് കോയമ്ബത്തൂര്‍ മലയാളി ഗോള്‍ഡ് സ്മിത്ത് അസോസിയേഷന്‍ രക്ഷാധികാരി കൂടിയാണ്. ആര്‍ എസ് പുരത്തെ ആഭരണ നിര്‍മാണ ശാലയില്‍ അഞ്ച് മാസം മുന്‍പാണ് സ്വര്‍ണ്ണക്കിരീടത്തിന്റെ അളവെടുത്തത്.

നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്ന് അളവെടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വര്‍ണം കൊണ്ട് മാത്രം നിര്‍മിച്ച കിരീടമാണ് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ച്‌ തന്ത്രിക്ക് കൈമാറും എന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഷ്ടമി രോഹിണി ദിവസമായ ബുധനാഴ്ച നിര്‍മാല്യം ചടങ്ങിന് ശേഷം ഭഗവാന് കിരീടം ചാര്‍ത്തും.

ജിതിൻ ടി.പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular