Friday, April 26, 2024
HomeIndiaവിജയവഴിയില്‍ 
നിഴലായൊരമ്മ

വിജയവഴിയില്‍ 
നിഴലായൊരമ്മ

ബാകൂ നാഗലക്ഷ്മിക്ക് ചെസ് അറിയില്ല. പക്ഷെ നിഴല്‍പോലെ കൂടെയുണ്ട്. ചെസ് ലോകകപ്പ് ഫൈനല്‍ കളിച്ച ആര്‍ പ്രഗ്നാനന്ദയുടെ അമ്മയാണ് ഈ വീട്ടമ്മ.

അവന്റെ വിജയത്തിലും ഉയര്‍ച്ചയിലും താങ്ങും തണലുമായി നില്‍ക്കുന്നൊരമ്മ. വര്‍ഷങ്ങളായി അവനൊപ്പം യാത്രചെയ്യുന്ന നാഗലക്ഷ്മി ലോകകപ്പ് നടക്കുന്ന അസര്‍ബൈജാനിലെ ബാകുവിലുമുണ്ട്. ഉദ്വേഗത്തോടെ മകന്റെ കളി കാണുകയും അഭിമാനത്തോടെ അവന്റെ വിജയവഴികളില്‍ കാത്തിരിക്കുകയും ചെയ്യുന്ന അമ്മയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചെന്നൈയിലെ കുമരൻനഗറിലെ ചെറിയൊരു വീട്ടില്‍നിന്നാണ് വരവ്. അച്ഛൻ രമേഷ് ബാബു ബാങ്ക് മാനേജരാണ്. മക്കളായ ആര്‍ വൈശാലിയും പ്രഗ്നാനന്ദയും അമിതമായി ടെലിവിഷൻ കാണുന്നത് ഒഴിവാക്കാനുള്ള രക്ഷിതാക്കളുടെ തീരുമാനമാണ് ഇരുവരെയും ചെസിലേക്കെത്തിച്ചത്. ചേച്ചിയുടെ ചെസ് കളി കണ്ടിരുന്ന കൊച്ചു ‘പ്രഗ്ഗ’യും വൈകാതെ ചതുരക്കളത്തിലേക്ക് മൂക്കുകുത്തുകയായിരുന്നു. ഇരുവര്‍ക്കും യാത്രയിലും ചെസ് ക്ലാസിലും ടൂര്‍ണമെന്റുകളിലും അമ്മയായി കൂട്ട്. വൈശാലി വനിതാ ഗ്രാൻഡ്മാസ്റ്ററായപ്പോള്‍ അനിയൻ പ്രഗ്നാനന്ദ അതിനുമുകളിലേക്കും വളര്‍ന്നു.

മുൻ കളിക്കാരനായിരുന്ന പി ബി രമേഷിന്റെ അക്കാദമിയാണ് അവനിലെ ചെസ് താരത്തെ രൂപപ്പെടുത്തിയത്. ഇക്കുറി യാത്രയില്‍ അച്ഛൻ രമേഷ് ബാബുവിനും കോച്ച്‌ രമേഷിനും കൂടെപ്പോകാനായില്ല. പ്രഗ്നാനന്ദയുടെ വിജയത്തിന് അടിസ്ഥാനം അമ്മയുടെ കരുതലും സ്നേഹവുമാണെന്ന് ഇതിഹാസതാരം ഗാരി കാസ്പറോവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

കളിയില്‍ ഏകാഗ്രതയ്ക്കും ആത്മവിശ്വാസത്തിനും അമ്മയുടെ സാന്നിധ്യം പ്രധാനമാണെന്നാണ് പ്രഗ്നാനന്ദയുടെ പ്രതികരണം. കളത്തില്‍ അവൻ ശാന്തനാണെന്ന് അമ്മ പറയുന്നു. ‘ചെറിയ പ്രായത്തിലും പെട്ടെന്നുള്ള വികാരങ്ങള്‍ നിയന്ത്രിക്കാൻ അവനറിയാം. അവന്റെ മുഖത്ത് അതൊന്നും കാണില്ല. പക്ഷേ മനസ്സ് എനിക്കറിയാം’.

ടൂര്‍ണമെന്റിന് പോകുമ്ബോള്‍ ചെറിയൊരു ഇൻഡക്ഷൻ സ്റ്റൗവുമായാണ് നാഗലക്ഷ്മി പോകുക. ആവശ്യത്തിന് അരിയും അല്‍പ്പം മസാലയും കരുതും. അമ്മയുടെ ചോറും രസവുമാണ് ‘പ്രഗ്ഗ’യുടെ ഭക്ഷണം. ‘ചെസ് കളി എനിക്കറിയില്ല. പക്ഷെ, അവന്റെ മുഖം കണ്ടാല്‍ കളിയിലെ വിജയവും തോല്‍വിയും അറിയാനാകും’–- നാഗലക്ഷ്മി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular