Friday, April 26, 2024
HomeGulfഗസ്സയുടെ ദാഹമകറ്റാന്‍ ഖത്തര്‍ റെഡ്ക്രസന്‍റ്

ഗസ്സയുടെ ദാഹമകറ്റാന്‍ ഖത്തര്‍ റെഡ്ക്രസന്‍റ്

ദോഹ: ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായി ഖത്തര്‍ റെഡ്ക്രസൻറ് സൊസൈറ്റി. വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഫലസ്തീനി ജനതയുടെ ജീവിതനിലവാരം മെച്ചെപ്പെടുത്തുന്നതിന്റെ ഭാഗമായി 40,000ത്തോളം പേര്‍ക്ക് ആശ്വാസമാവുന്ന ജലപദ്ധതി പൂര്‍ത്തിയാക്കി.

ദെയര്‍ അല്‍ ബലാഹ്, ബൈത് ഹനൂൻ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ കുഴല്‍ക്കിണറുകളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള വിതരണ സംവിധാനങ്ങളും പൂര്‍ത്തിയാക്കി. മേഖലയിലെ ജനങ്ങളുടെ ജല ആവശ്യം പൂര്‍ത്തിയാക്കാൻ ഉതകുന്നതാണ് പദ്ധതികള്‍.

215 സോളാര്‍ പാനലുകളും മൂന്ന് കുഴല്‍ക്കിണറുകളും ഉള്‍പ്പെടെ 17 ലക്ഷം റിയാലിന്റെ പദ്ധതിയാണ് ബൈത് ഹനൂൻ നഗരസഭക്കു കീഴിലായി പൂര്‍ത്തിയാക്കിയതെന്ന ഖത്തര്‍ റെഡ് ക്രസൻറ് ഗസ്സ ഓഫിസ് മേധാവി ഡോ. അക്രം നാസര്‍ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതാണ് സോളാര്‍ പദ്ധതി. 12 മണിക്കൂറിലേറെ വൈദ്യുതി വിതരണത്തിന് സോളാര്‍ സംവിധാനം സഹായിക്കും. 30,000 പേര്‍ക്ക് വെള്ളം ലഭ്യമാക്കും.

10,000ത്തോളം ജനങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് ദെയര്‍ അല്‍ബലാഹിലെ പദ്ധതിയെന്ന് വാട്ടര്‍സര്‍വിസ് ഡയറക്ടര്‍ എഞ്ചി. റദ്വാൻ കരീം വിശദീകരിച്ചു.

17 വര്‍ഷമായി ഉപരോധത്തില്‍ ജീവിതം ദുസ്സഹമായി ഗസ്സയില്‍ നിരവധി ഊര്‍ജ പദ്ധതികളും കുടിവെള്ള, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ഖത്തര്‍ റെഡ്ക്രസൻറ് പൂര്‍ത്തിയാക്കുന്നത്. ആശുപത്രികള്‍, യൂനിവേഴ്സിറ്റി, വീടുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സൗരോര്‍ജ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular