Friday, April 26, 2024
Homeതോരാമഴ; ദേശീയപാതയില്‍ വെള്ളക്കെട്ടും കുഴികളും; യാത്ര ദുരിതമായി

തോരാമഴ; ദേശീയപാതയില്‍ വെള്ളക്കെട്ടും കുഴികളും; യാത്ര ദുരിതമായി

ചാവക്കാട്: കോടികള്‍ ചെലവിട്ട് നവീകരിക്കുന്ന ദേശീയപാതയില്‍ വെള്ളക്കെട്ടും വൻ കുഴികളുമായി നാട്ടുകാര്‍ ദുരിതത്തില്‍.

ചാവക്കാട്-ചേറ്റുവ ദേശീയപാതയില്‍ തെക്കേ ബൈപ്പാസ് മുതല്‍ ഒരുമനയൂര്‍ വില്യംസ് വരെയുള്ള ഭാഗങ്ങളിലാണ് കുണ്ടുകളും കുഴികളുമായി തകര്‍ന്നത്. തുടര്‍ച്ചയായ മഴ പെയ്തതോടെ തെക്കേ ബൈപ്പാസ് മുതല്‍ വെള്ളക്കെട്ടുമുയര്‍ന്ന് തിരക്കേറിയ റോഡില്‍ വാഹന ഗതാഗതവും ദൃഷ്ക്കരമായി.

പഴയ ദര്‍ശന തിയേറ്ററിനു സമീപം റോഡ് മധ്യത്തിലുയര്‍ന്ന കുഴിയില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ പലര്‍ക്കും പരിക്കുപറ്റി. പൊതുപ്രവര്‍ത്തകനായ കെ.വി. ഷിഹാബിന്റെ ഇടപെടലിനെ തുടര്‍ന്ന് ചാവക്കാട് പൊലീസെത്തി താല്‍ക്കാലികമായി കുഴിയടപ്പിച്ചു. അതുവഴി പോയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കുഴിയടച്ചത്. റോഡരികിലെ കാനകള്‍ മണ്ണു മൂടിയതിനാലാണ് വെള്ളക്കെട്ട് ഉയരാൻ കാരണം. നഗരത്തില്‍ പലഭാഗത്തും വെള്ളക്കെട്ടുയര്‍ന്നു.

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴ ചൊവ്വാഴ്ച രാത്രിയിലും ശക്തമായി തുടരുന്നു. ഇരിങ്ങാലക്കുടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തൃശൂര്‍ നഗരത്തിലും പുത്തൂരുമടക്കം വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. എടത്തിരുത്തി, ചാവക്കാട് നഗരസഭ, എടവിലങ്ങ്, മേത്തല, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളില്‍ മരം വീണും മഴയിലും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

തീരദേശ മലയോര മേഖലകളിലുള്‍പ്പടെ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇരിങ്ങാലക്കുട പൂമംഗലം അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ കാല്‍വഴുതി വീണ് പടിയൂര്‍ വളവനങ്ങാടി കൊലുമാപറമ്ബില്‍ വീട്ടില്‍ വെറോണി (20) ആണ് മരിച്ചത്.

തൃശൂരില്‍-ഷൊര്‍ണൂര്‍ റോഡില്‍ പെരിങ്ങാവിലാണ് കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീണത്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ്‌ വീണത്‌. തൈക്കാട്ടില്‍ ആട്ടോക്കാരന്‍ ഫ്രാന്‍സിസിന്റെ പറമ്ബിലെ പെരിങ്ങാവില്‍നിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ്‌ മരം വീണത്‌. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വൈദ്യുതിക്കാലുകളും ലൈനുകളും വീണ് വീടിന്റെ മതില്‍ തകര്‍ന്നു.

കോലോത്തുംപാടത്തും പാട്ടുരായ്ക്കലിലും പെരിങ്ങാവിലും വെളുപ്പിന് മുതല്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പുലര്‍ച്ചെയായതിനാല്‍ ഈ വഴിയില്‍ വാഹനങ്ങളോ, കാല്‍നടയാത്രികരോ ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ വിദേശത്താണ്‌. അതിനാല്‍ മറ്റ്‌ അപകടങ്ങള്‍ ഒഴിവായി. വിയ്യൂര്‍ കെ.എസ്.ഇ.ബി അധികൃതരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ്‌ മരം മുറിച്ചുമാറ്റിയത്‌. തൃശൂര്‍ ടൗണ്‍ഹാള്‍ കോമ്ബൗണ്ടിലുണ്ടായിരുന്ന മരം ബസ്‌സ്‌റ്റോപ്പിലേക്ക്‌ മറിഞ്ഞുവീണ്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു.

പുത്തൂര്‍ ചെമ്ബംകണ്ടത്ത്‌ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക്‌ മരം വീണു. യാത്രികൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചാലക്കുടിയില്‍ കാട്ടാനയാണ് മരം കടപുഴക്കിയിട്ടത്. എടത്തിരുത്തിയില്‍ തട്ടാരപുരയ്ക്കല്‍ തുപ്രന്റെ ഭാര്യ കണ്ണമ്മയുടെ വീടിന്റെ അടുക്കള വശത്ത് പുറത്തുള്ള സിമന്റ് തൂണ് മഴയില്‍ തകര്‍ന്നു വീണു,

ചാവക്കാട് നഗരസഭ വാര്‍ഡ് ഒന്നില്‍ കറുപ്പം വീട്ടില്‍ റുഖിയയുടെ വീടിന് മുകളിലേക്ക് തെങ്ങുവീണ് തകര്‍ന്നു. എടവിലങ്ങ് വില്ലേജില്‍ മഠത്തില്‍ പറമ്ബില്‍ അപ്പുവിന്റെ ഭാര്യ നന്ദിനിയുടെ വീട് പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്ന് നാശനഷ്ടം സംഭവിച്ചു. മേത്തല വാര്‍ഡ് 39ല്‍ മനയത്ത് രത്‌നകുമാറിന്റെ ഓടിട്ട വീടിന് മുകളില്‍ തെങ്ങുവീണ് വീട് തകര്‍ന്നു.

ചെന്ത്രാപ്പിന്നിയില്‍ പനക്കല്‍ വേലായുധന്റെ മകൻ ഷനിലിന്റെ ടെറസ് വീടിന് മേല്‍ തൊട്ടടുത്ത പുരയിടത്തിലെ തെങ്ങുവീണ് വീടിന് കേടുപറ്റി. ഒരിടത്തും ആളുകള്‍ക്ക് അപകടമുണ്ടായില്ല. ഗുരുവായൂര്‍ ബ്രഹ്മകുളം റെയില്‍വേ ഗേറ്റിന് സമീപം മരക്കൊമ്ബ് ഒടിഞ്ഞ് ലോട്ടറി വില്‍ക്കുകയായിരുന്ന ബ്രഹ്മകുളം കരിക്കന്ത്ര വീട്ടില്‍ ഗോപിയുടെ (72) ഷോള്‍ഡറില്‍ വീണ് പരിക്കേറ്റു.

ഗോപിയെ ഗുരുവായൂര്‍ ആക്‌ട്സ് പ്രവര്‍ത്തകര്‍ സെന്റ് ജോസഫ് ചൂണ്ടല്‍ ആശുപത്രിയിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാകാന്‍ ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കലക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങില്‍ ബന്ധപ്പെടാനായി രണ്ട് നമ്ബറുംകളും കണ്‍ട്രോള്‍ റൂമില്‍ സജ്ജമാണ്.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാൻ

ജില്ല കണ്‍ട്രോള്‍ റൂം നമ്ബര്‍: 0487-2362424, 9447074424

തൃശൂര്‍ താലൂക്ക്- 0487-2331443

തലപ്പിള്ളി താലൂക്ക്-04884-232226

മുകുന്ദപുരം താലൂക്ക്-0480-2825259

ചാവക്കാട് താലൂക്ക്-0487-2507350

കൊടുങ്ങല്ലൂര്‍ താലൂക്ക്-0480-2802336

ചാലക്കുടി താലൂക്ക്-0480-2705800

കുന്നംകുളം താലൂക്ക്-04885-225200, 225700

പൊലീസ് കണ്‍ട്രോള്‍ റൂം- (തൃശൂര്‍)-0487-2424111

പൊലീസ് കണ്‍ട്രോള്‍ റൂം- (കൊടുങ്ങല്ലൂര്‍)-0480-2800622

കെ.എസ്.ഇ.ബി-9496010101

ഫിഷറീസ് കണ്‍ട്രോള്‍ റൂം-0480-2996090

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular