Friday, April 26, 2024
HomeIndiaത്രിപുര തെര‍ഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് മണിക് സര്‍ക്കാര്‍; ഫലം അപ്രതീക്ഷിതം

ത്രിപുര തെര‍ഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് മണിക് സര്‍ക്കാര്‍; ഫലം അപ്രതീക്ഷിതം

ഗര്‍ത്തല : ത്രിപുര തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാര്‍.

വോട്ടെടുപ്പ് പ്രഹസനം ആയി മാറിയെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതില്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവണ്‍മെന്റിന്റെ പ്രകടനം പൂജ്യമായിരുന്നു. ജനാധിപത്യം ആക്രമിക്കപ്പെട്ടു, വോട്ട് ചെയ്യാനുള്ള അവകാശം പോലും കവര്‍ന്നെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തന്നെ ഒരു പ്രഹസനമായി മാറി. ഭരണഘടന ഇവിടെ പ്രാവര്‍ത്തികമായില്ല, എന്നിട്ടുമുള്ള തോല്‍വി അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാണ്. 60 ശതമാനം വോട്ടര്‍മാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സഹായിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇത് വളരെ വ്യക്തമാണ്, പക്ഷേ ഒരു പാര്‍ട്ടിയുടെയും പേര് പരാമര്‍ശിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 39 ശതമാനം വോട്ട് ഷെയറോടെയാണ് ബിജെപി 32 സീറ്റുകള്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാന്‍ ബി ജെ പിക്കായി. ഗോത്രമേഖലകളിലെ തിപ്ര മോത്ത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ്റ്റി ഇത്തവണ ഒറ്റ സീറ്റില്‍ ഒതുങ്ങി. 2018 ല്‍ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിറുത്തി. എന്നാല്‍ ഭരണത്തുടര്‍ച്ചയ്ക്കിടയിലും ബി ജെ പിക്ക് രണ്ട് കാര്യങ്ങളില്‍ ക്ഷീണം സംഭവിച്ചു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റതാണ് ബി ജെ പി സഖ്യത്തിനേറ്റ തിരിച്ചടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular