Friday, April 26, 2024
HomeIndiaആത്മനിര്‍ഭറില്‍ തിളങ്ങി എച്ച്‌‌ എ എല്‍; തേജസിന് 50,000 കോടിയുടെ ഓര്‍ഡറിനുകൂടി സാദ്ധ്യത

ആത്മനിര്‍ഭറില്‍ തിളങ്ങി എച്ച്‌‌ എ എല്‍; തേജസിന് 50,000 കോടിയുടെ ഓര്‍ഡറിനുകൂടി സാദ്ധ്യത

ബംഗളൂരു : ഇന്ത്യയുടെ സ്വന്തം യുദ്ധ വിമാനമായ തേജസിന് വിദേശ രാജ്യങ്ങളില്‍ നിന്ന് 50,000 കോടി രൂപയുടെ കൂടി ഓര്‍ഡറിന് വഴിയൊരുങ്ങി.

നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓര്‍ഡറിന് പുറമെയാണിത്.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌.എ.എല്‍) തദ്ദേശീയമായി നിര്‍മ്മിക്കുന്ന ലഘു യുദ്ധ വിമാനമാണ് ( ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ) തേജസ്.

അര്‍ജന്റീന 15 ഉം ഈജിപ്ത് 20 ഉം തേജസ് വാങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളുടെയും വ്യോമസേനാ ഉന്നതര്‍ ബംഗളൂരുവിലെത്തി തേജസ് പരിശോധിച്ച്‌ തൃപ്തി അറിയിച്ചു. താത്പര്യം അറിയിച്ച മലേഷ്യയുമായും ഫിലിപ്പീന്‍സുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ ഓര്‍ഡറുകള്‍ ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് എച്ച്‌.എ.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ബി. അനന്തകൃഷ്ണന്‍ എയ്‌റോ ഇന്ത്യ 2023 പ്രദര്‍ശന നഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024 ഫെബ്രുവരിയില്‍ ആദ്യ തേജസ് കൈമാറും. 2025ല്‍16 വിമാനങ്ങള്‍ കൈമാറുകയാണ് ലക്ഷ്യം. ഇപ്പോള്‍ വര്‍ഷം 30 തേജസ് നിര്‍മ്മിക്കാനാണ് തീരുമാനം. ആവശ്യക്കാര്‍ വര്‍ദ്ധിച്ചാല്‍ നിര്‍മ്മാണശേഷി 90 ആയി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെട്ട 12 ഹെലികോപ്റ്ററുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും ആറുവീതം ഹെലികോപ്റ്ററുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. തുംകൂറിലെ യൂണിറ്റില്‍ നിര്‍മ്മാണം ആരംഭിച്ചു.

പി. എസ്. എല്‍.വി റോക്കറ്റും നിര്‍മ്മിക്കും

ഐ.എസ്.ആര്‍.ഒയ്ക്ക് വേണ്ടി പി.എസ്.എല്‍.വി റോക്കറ്റ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നതാണ് എച്ച്‌.എ.എല്ലിന്റെ മറ്റൊരു വമ്ബന്‍ പദ്ധതി. അഞ്ചു റോക്കറ്റുകള്‍ നിര്‍മ്മിക്കാനാണ് കരാര്‍. ഇതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

”ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് എച്ച്‌.എ.എല്‍. വിമാന നിര്‍മ്മാണത്തിന് പരമാവധി തദ്ദേശീയ വസ്‌തുക്കള്‍ ഉപയോഗിക്കും.””

സി.ബി. അനന്തകൃഷ്ണന്‍
സി.എം.ഡി, എച്ച്‌.എ.എല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular