Friday, April 26, 2024
HomeIndiaസംഗീതത്തിലെ അവതാരപുരുഷന് ജന്മദിനാശംസകൾ

സംഗീതത്തിലെ അവതാരപുരുഷന് ജന്മദിനാശംസകൾ

അവതാരപുരുഷന് ജന്മദിനാശംസകൾ 
മനുഷ്യൻ മതങ്ങളെ സൃഷ്ഠിച്ചു എന്ന് തുടങ്ങുന്ന ഗാനം. അതിൽ ഒരു ഭാഗത്തു ചോദിക്കുന്നു ‘ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരങ്ങൾ എവിടെ” എന്ന്. അത് ദാസേട്ടൻ അല്ലെ? അത് എനിക്ക് ദാസേട്ടനോട് പറയാനുള്ള അവസരവും എനിക്കുണ്ടായിട്ടിട്ടുണ്ട്. ആയിരം യുഗങ്ങളിൽ ഒരിക്കൽ എന്നല്ല, വരുവാനുള്ള എത്ര യുഗങ്ങൾ വന്നാലും ദാസേട്ടനെ പോലെ ഒരു അവതാര പുരുഷൻ ഉണ്ടാകണമെന്നില്ല. സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞത് ലോകത്തിലെ ഏറ്റവും സുന്ദരമായ ശബ്ദത്തിനുടമ എന്നാണ്. നാളെ ഒരുവൻ വരുമോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. സത്യമല്ലേ? കഠിന ഹൃദയത്തേയും കരിങ്കല്ലിനെയും ആർദ്രമാക്കുന്ന ശബ്ദലയനം. എണ്ണ ഒഴുകും പോലെ നേർമയേറിയ ശബ്ദം. ശ്രീകുമാരൻ തമ്പി സാറിന്റെ ഭാഷയിൽ ശബ്ദത്തോടൊപ്പം, അതിനനുസരിച്ചു മുഖത്തു വരുന്ന ഭാവം. ദാസേട്ടന് സമാനതകൾ ഇല്ല. എല്ലാ ഭാഷകളിലും പാടിയിട്ടുണ്ടെങ്കിൽ കൂടി, മമ്മുക്ക പറയുന്നതുപോലെ, വേഷത്തിലും, ഭാവത്തിലും തനി മലയാളി. മലയാളിയുടെ അഹങ്കാരമെന്നോ പര്യായമെന്നോ ഒക്കെ വിശേഷിപ്പിക്കാം. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ, മലയാളത്തിലെ വിശേഷണങ്ങളുടെ വാക്കുകൾ തികയില്ല. 

ഒരിക്കൽ പ്രേം നസീറിന്റെ നവതി ആഘോഷത്തിൽ ഉർവശി ശാരദ പറഞ്ഞത് ” ദൈവം മനുഷ്യന്റെ രൂപത്തിൽ അവതരിക്കും, അതാണ് പ്രേം നസീർ സർ” എന്ന്. അതുപോലെ തന്നെ അല്ലെ ഗന്ധർവ്വൻ മനുഷ്യന്റെ രൂപത്തിൽ അവതരിച്ചു ഗന്ധർവ ശബ്ദം കൊണ്ട് നമ്മെ ധന്യരാക്കിയ ഗാനഗന്ധർവൻ യേശുദാസ്. 
രണ്ടു ഗന്ധർവൻമാർ ദാസേട്ടനും പ്രേംനസീറും. ഒരാൾ സുന്ദരനെങ്കിൽ, മറ്റൊരാൾ ശബ്ദത്തിൽ. നസീർ സാറിന്റെ ശബ്ദവും ദാസേട്ടന്റെ ശബ്ദവും കൂടിയാകുമ്പോൾ അത് ചിലപ്പോൾ നസീർ സർ പാടിയതാണോ എന്ന് പോലും സംശയിച്ചു പോയിട്ടുണ്ട്.  അത്രമാത്രം ശബ്ദങ്ങളിൽ ഉള്ള ഒരു ഇഴയടുപ്പം.  

ഒരിക്കൽ ദാസേട്ടൻ പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ” ആയിരം പാദസരം പാടുമ്പോൾ, നസീർ സാറിന്റെ പിടലിയിലെ ഞരമ്പുകൾ പാട്ടിനൊപ്പം വികസിക്കുന്നതും താഴുന്നതും”. അത് മറ്റൊരാൾക്കും സാധിക്കില്ല. ആ കാലഘട്ടം രണ്ടുപേരും കൂടിയപ്പോൾ, ആ കാലഘട്ടത്തിൽ  ജനിച്ചത് ഒരു ഭാഗ്യമായി  ഞാൻ കാണുന്നു.
കേരളത്തിൽ നിന്നും പലരും ദാസേട്ടന് ജന്മദിനാശംകൾ നേരുന്നത്  കണ്ടു. ദാസേട്ടൻ അമേരിക്കയിൽ ഡാളസിൽ ഉള്ളപ്പോൾ നമ്മുടെ മക്കുക്ക, കളക്ടർ അടക്കം പലരും ആശംസകൾ നേരുന്നതും നാം കണ്ടു. മെസ്സിയുടെ കാലിനു വിലയെങ്കിൽ, ലോകത്തെ ഏറ്റവും വിലയുള്ള ഗന്ധർവ നാദം ദാസേട്ടൻ തന്നെ. 

എന്റെ അടുത്ത സുഹൃത്തും, ഇന്നു ദാസേട്ടന് ഏറ്റവും അടുത്ത സുഹൃത്തുമായ  ഫ്രെഡ് കോച്ചിനോട് സംസാരിക്കാൻ ദാസേട്ടന്റെ ജന്മദിനത്തിൽ എനിക്കവസരം വന്നു. ദാസേട്ടൻ പി സുശീലാമ്മയുടെ കൂടെ  പാടിയ ആദ്യം ഗാനം എന്നെ ഓർമിപ്പിച്ചു. ഫ്രെഡ് കൊച്ചിന്റെ ഭാഷയിൽ. ദാസേട്ടന്റെ ‘അമ്മ ഫ്രഡിചേട്ടനോട് പറയുന്നു, മോനെ ഇന്ന് എന്റെ മകൻ പി സുശീലയോടു കൂടി ആദ്യ ഗാനം ആലപിച്ചു  ആ ആദ്യ ഗാനം “എന്തെന്തു  മോഹങ്ങൾ ആയിരുന്നു.”  ആ അമ്മയുടെ കണ്ണിന്റെ തിളക്കം ഫ്രഡിചേട്ടൻ വിവരിച്ചപ്പോൾ, ഇന്ന്  എവറസ്റ്റ് കൊടിമുടിയേക്കാൾ ഉയർന്നു നിൽകൂന്ന ആ ഗായകന്റെ വലിപ്പം കാണാൻ ആ അമ്മ ഇന്നില്ല.

ആ ‘അമ്മ നട്ട മാവു ഇന്നും  കൊച്ചിയിൽ ഒരു വീടിനുള്ളിൽ കൂടി തലയുയർത്തി നില്കുന്നു.
1972 ൽ പാലായ്‌ക്കു സമീപം പൈകയിൽ പള്ളി പേരന്ന്നാളിനോട് അനുബന്ധിച്ചാണ് ആദ്യമായി ദാസേട്ടന്റെ ഗാനമേള കേൾക്കുന്നത്. അന്ന് കൂടെ പാടാൻ ഉണ്ടായിരുന്ന ഒരു കുട്ടിയെ കൂടി ഉള്പെടുത്തിയാലേ ഈ ലേഖനം പൂർണമാകൂ. അത് മറ്റാരും ആയിരുന്നില്ല, ബേബി സുജാത. ഏറിയാൽ അന്ന് പന്ത്രണ്ടോ പതിമൂന്നോ വയസ്സുപ്രായം, ഏതാണ്ട് 50 വര്ഷങ്ങള്ക്കു മുൻപ്, നാട്ടിൽ ഉണ്ടായിരുന്നപ്പോൾ രണ്ടുമൂന്നു തവണ ഗാനമേള നേരിൽ കേൾക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാദിവസവും മുടങ്ങാതെ  ഇന്നും രണ്ടുമൂന്നു മണിക്കൂറോളം ദാസേട്ടന്റെ പാട്ടുകൾ കേൾക്കാറുണ്ട്. മനസിന് പിരിമുറുക്കം വരുമ്പോൾ, രണ്ടുപാട്ടു കെട്ടുകഴിഞ്ഞാൽ മനസിന്റെ പിരിമുറുക്കം മാറിക്കിട്ടും. നാട്ടിൽ വെച്ച് നേരിൽ കാണാനോ പരിചയ പെടാനോ സാധിച്ചിട്ടില്ല.

1990 ൽ അമേരിക്കയിൽ വന്ന എനിക്ക് 2010 വരെ കാത്തിരിക്കേണ്ടി വന്നു നേരിൽ കാണാനും സംസാരിക്കാനും. 2010 ൽ ഫ്രെഡ് കൊച്ചിൻ നടത്തിയ ദാസേട്ടന്റെ ഗാനമേളയിൽ ആണ് നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. ഒരു അനുബന്ധം കൂടി. എന്റെ ഇളയസഹോദരിയുടെ ഭർത്താവ് സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ കൊച്ചുമകനാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ മൂത്ത സഹോദരനും ദാസേട്ടനുമായുള്ള ബന്ധo എനിക്കു നന്നായി  അറിയാം. പി എം ജോൺ കൽക്കത്തയിൽ ആയിരുന്നു എങ്കിലും ദാസേട്ടൻ എല്ലാവർഷവും മുടങ്ങാതെ അവിടെ പോകുകയും, ചാരിറ്റി പ്രവർത്തനത്തിനുവേണ്ടി അവിടെ താമസിച്ചു ഗാനമേള നടത്തികൊടുകാറും  ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. അങ്ങനെ സഹോദരിയോടും അവളുടെ ഭർത്താവിന്റെ ഒപ്പമാണ് ദാസേട്ടനെ കാണണമെന്നുള്ള ആഗ്രഹത്തോടുകൂടി പോയത്.

പി.എം. ജോൺ

ഇന്റർവെൽ  സമയത് പി എം ജോണിന്റെ വിസിറ്റിംഗ് കാർഡ് ഒരാൾ വശം ദാസേട്ടന്റെ കൈയിൽ കൊടുത്തിട്ടു ഫാമിലി കാണാൻ വന്നിരിക്കുന്നു എന്ന് കൂടി പറയാൻ പറഞ്ഞു.  കാർഡ് കൈയിൽ കിട്ടിയ ഉടൻ, ദാസേട്ടന്റെ മൂത്ത മകൻ വിനു ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. ദാസേട്ടന്റെ ഇന്റർവെൽ സമയം മുഴുവൻ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ച് കുടുംബ അംഗത്തെപോലെ ഞങ്ങളോട് സംസാരിച്ചു. കാർഡ് കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ദാസേട്ടന്റെ  മകന്റെ വിവാഹത്തിന് ക്ഷണിക്കാൻ പി എം ജോണിന്റെ അഡ്രസ് തെരഞ്ഞു കൊണ്ടിരുന്ന സമയത്താണ് അഡ്രെസ്സ് കൈയിൽ കിട്ടുന്നത്, അപ്പോൾ കിട്ടിയ സമയം പാഴാക്കാതെ  ഞാൻ പടം എടുത്തുകൊണ്ടിരുന്നു.
പടമെടുക്കാൻ എന്ത് സ്പീഡ്‌ന്നും ഫ്രെയിം ബൈ ഫ്രെയിം എന്ന് ദാസേട്ടൻ പറഞ്ഞതും  ഞാൻ ഓർമ്മിക്കുന്നു. ഗാനമേള തുടങ്ങുന്നതിനു മുൻപ് പടം എടുത്ത ആളിന്റെ ഫോട്ടോ ഒപ്പം വേണ്ടേ എന്ന് ചോദിച്ചപ്പോൾ, ദാസേട്ടന്റെ  മകൻ വിനുവിനോട് ദാസേട്ടൻ തന്നെ പറഞ്ഞാണ് വിനു എന്റെ പടം എടുത്തത്. അന്നെടുത്ത കുറെ പടങ്ങൾ ഇവിടെ  ചേർക്കുന്നു. ദാസേട്ടന്റെ മകന്റെ വിവാഹത്തിന്റെ   ഇൻവിറ്റേഷൻ  എനിക്കും കിട്ടിയിരുന്നു. 
2010 ഒക്ടോബറിൽ എന്റെ സഹോദരൻ റോയ് ചെങ്ങന്നൂർ ദാസേട്ടന്റെ  ഗാനമേള ഇവിടെ റോക്ക്‌ലാന്റിൽ നടത്തിയിരുന്നു.

കൂടെ പാടാൻ വിജയ് യേശുദാസും ഉണ്ടായിരുന്നു. ബുക്ക് ചെയ്ത സ്കൂൾ കിട്ടാതെ വരുകയും, പ്രോഗ്രാം തന്നെ നടക്കുമോ എന്ന് സംശയിച്ചു നിന്നപ്പോൾ മാവേലി തീയേറ്റർ ഉടമയായിരുന്ന ജേക്കബ്  റോയ്  തിയേറ്റർ വിട്ടുതന്നതും, പിന്നണി ഗായകനായ ദാസേട്ടൻ തിരശീലക്കു മുൻപിൽ മുന്നണി ഗായകനായി വന്നതും പെട്ടെന്നാരും മറക്കുമെന്നു തോന്നുന്നില്ല. ഭക്ഷണത്തിനു കാരവല്ലി റെസ്റ്റാറ്റാന്റിൽ കൂടിയപ്പോൾ കുറെ ഏറെ സമയം ദാസേട്ടനൊപ്പം ചിലവഴിക്കാൻ സാധിച്ചു.

ദാസേട്ടനാണ് എന്നെ പ്രേമിക്കാൻ പഠിപ്പിച്ചത് എന്നുപറഞ്ഞപ്പോൾ ചോദ്യരൂപേണ എന്നെനോക്കിയപ്പോൾ, വയലാർ, ദേവരാജൻ, പിന്നെ നസീർ, ഷീല, കൂടെ ദാസേട്ടന്റെയും, പി സുശീലാമ്മയുടെ ശബ്ദവും കൂടി ആകുമ്പോൾ പ്രേമിക്കാത്തവർ പോലും പ്രേമിച്ചു പോകും. 
ഒരിക്കൽ നടൻ ജയസൂര്യ, അല്ലെങ്കിൽ കഴിഞ്ഞ ദിവസം ദാസേട്ടന്റെ ജന്മമദിനാശംസകളിൽ മമ്മുക്ക പറഞ്ഞതുപോലെ മലയാള അക്ഷരം പഠിക്കണമെങ്കിൽ അത് ദാസേട്ടനിൽ നിന്ന് തന്നെ വേണം. മലയാള അക്ഷര സ്പുടതയുടെ നിഘണ്ടു ആണ് ദാസേട്ടൻ.

ദാസേട്ടനും അമ്മയും,  പിതാവ് അഗസ്റ്റിൻ ജോസഫ്, കുഞ്ഞുകുഞ്ഞു ഭാഗവതർ, ഫ്രെഡ് കൊച്ചിൻ, ഫ്രെഡ് കൊച്ചിന്റെ മകൾ തുടങ്ങി കുറെ പടങ്ങൾ ഈ ലേഖനത്തോടൊപ്പം ചേർക്കുന്നു. ഫ്രഡി ചേട്ടന്റെ പിതാവ് എഡിമാഷ്,  അഗസ്റ്റിൻ ജോസഫ്, പി ജെ ആന്റണി, ഗോവിന്ദൻ കുട്ടി, മുത്തയ്യ തുടങ്ങിയർ ഒത്തു കൂടിയപ്പോൾ, അതൊരു വലിയ കൂട്ടുകെട്ട് തന്നെ ആയിരുന്നു. 

ദാസേട്ടൻ ഇപ്പോൾ ഡാളസിൽ ഉണ്ട് . ഇളയ മകൻ വിശാലും. ഫ്രഡി ചേട്ടനെ കൂട്ടി താമസിക്കാത ദാസേട്ടനെ കാണണമെന്ന് കരുതുന്നു.
നസീർ സർ, മമ്മൂട്ടി, ദാസേട്ടൻ ഇവരോടൊക്കെ അടുത്തറിയാനും സംസാരിക്കാനും എനിക്കവസരം കിട്ടിയിട്ടുണ്ട്.

ഒരാളെ മാത്രം അവസരങ്ങൾ കിട്ടിയിട്ടുണ്ടങ്കിൽ കൂടി കാണാൻ കഴിഞ്ഞിട്ടില്ല. അത് മറ്റാരും അല്ല, മോഹൻ ലാൽ തന്നെ. ലാലേട്ടാ, ദാസേട്ടാ, മമ്മുക്ക ഇതൊക്കെ പ്രായപരിധിയില്ലാതെ ആരും വിളിക്കും. ഇവരെ ഒക്കെ കണ്ടു മുട്ടിയ നിമിഷം ഒരു ധന്യ മുഹൂർത്തം, അതൊരു  ഒരു സ്വാഭാഗ്യമായി  ഞാൻ കാണുന്നു. ഈ ലേഖനം ഫ്രഡി ചേട്ടൻ മുഖേന ദാസേട്ടനിൽ എത്തിക്കും.
ഫ്രഡി ചേട്ടൻ പറഞ്ഞതുപോലെ ഈ ലേഖനം  ദാസേട്ടനിൽ  എത്തിയിരിക്കും എന്നുറപ്പുണ്ട്.  

സംഗീതത്തിലെ അവതാരപുരുഷന് ജന്മദിനാശംസകൾ  (ഫിലിപ് ചെറിയാൻ)

ഫിലിപ് ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular