Friday, April 26, 2024
HomeIndiaഛത്രപതി ശിവാജിയില്‍ നിന്നും പ്രചോദനം; ഇന്ത്യന്‍ നേവിയുടെ പിന്നിലെ ചരിത്രം മറാഠ സാമ്രാജ്യ ചക്രവര്‍ത്തിയുടേത്.

ഛത്രപതി ശിവാജിയില്‍ നിന്നും പ്രചോദനം; ഇന്ത്യന്‍ നേവിയുടെ പിന്നിലെ ചരിത്രം മറാഠ സാമ്രാജ്യ ചക്രവര്‍ത്തിയുടേത്.

ലോകത്തെ കരുത്തരായ എണ്ണം പറഞ്ഞ കടല്‍ സൈന്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയ സൈനിക ശക്തിയാണ് ഇന്ത്യന്‍ നേവി. കടലില്‍ ശത്രുവിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ കാത് കൂര്‍പ്പിച്ച്‌ കണ്ണിമ ചിമ്മാതെ തീ തുപ്പുന്ന യന്ത്ര തോക്കുകളുമായി നിലയുറച്ച്‌ നില്‍ക്കുന്ന ഇന്ത്യന്‍ നേവിയുടെ ചരിത്രം പുളകം കൊള്ളിക്കുന്നതാണ്.

ശത്രുവിന്റെ മേല്‍ തീ പടര്‍ത്തി ഞൊടിയിടയില്‍ പാഞ്ഞടുത്ത മറാഠ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ഛത്രപതി ശിവാജിക്ക് ഇന്ത്യന്‍ നേവിയുടെ പിതാവെന്ന് കൂടിയൊരു വിളിപ്പേരുണ്ട്. തന്റെ രാജ്യത്തിന്റെ സംരക്ഷണത്തിനായി കരുത്തുറ്റ സൈനിക ശക്തിയെ തയ്യാറാക്കി, അതിര്‍ത്തികള്‍ ഭേദിച്ച്‌ വരുന്ന അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടാന്‍ തയ്യാറെടുത്ത ഛത്രപതി ശിവാജിയുടെ നാവിക സൈന്യം കടലിന്റെ മുകളില്‍ കഴുകന്റെ കണ്ണുമായി വട്ടമിട്ടു പറക്കുന്ന കാവല്‍ക്കാര്‍ കൂടിയായിരുന്നു. .

കരയുദ്ധത്തിലൂടെ മാത്രം പോരടിച്ചുകൊണ്ടിരുന്ന അക്കാലത്ത് ശിവാജി അക്ഷരാര്‍ത്ഥത്തില്‍ എതിരാളികള്‍ക്ക് നിലം തൊടാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിരോധം തീര്‍ക്കുകയായിരുന്നു. കരയിലും കടലിലും ഒരു പോലെ സൈനിക അഭ്യാസം നടത്തി തന്റെ സേനകളെ അദ്ദേഹം ശക്തിപ്പെടുത്തി. അക്കാലത്ത് കടല്‍ മാര്‍ഗ്ഗം വഴിയാണ് കൂടുതല്‍ കടന്നുകയറ്റം നടന്നിരുന്നത്. തന്റെ രാജ്യത്തിനെതിരെ വരുന്ന അക്രമണകാരികളില്‍ നിന്നും , കടല്‍ കൊള്ളക്കാരില്‍ നിന്നും രക്ഷ നേടാന്‍ യുദ്ധോപകരണങ്ങളും , തോക്കുകളും പീരങ്കികളും നിര്‍മ്മിച്ച്‌ അദ്ദേഹം സ്വന്തമായി ഒരു നാവിക സേനയെ പടുത്തുയര്‍ത്തി.

കടല്‍ മാര്‍ഗ്ഗം ആക്രമണം നടത്തി ഓരോ സമയങ്ങളിലും കടന്നു വന്ന അധിനിവേശ ശക്തികളെ നേരിടാന്‍ അദ്ദേഹം നിരവധി യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുകയും വാങ്ങുകയും ചെയ്തു. കടല്‍കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹം കൊങ്കണ്‍ തീരമുള്‍പ്പെടെ ജയ്ഗഢ്, വിജയദുര്‍ഗ്, സിന്ധുദുര്‍ഗ് തുടങ്ങയ ഇടങ്ങളില്‍ കോട്ടകള്‍ സ്ഥാപിച്ചു.

കോട്ടകളിലും കടല്‍ തീരങ്ങളിലും നൂറ് കണക്കിന് പടയാളികളെ വിന്യസിപ്പിച്ചു. പോര്‍ച്ചുഗീസുകാരില്‍ നിന്നും വാങ്ങിയ 400 പടക്കപ്പലുകളുമായി ശിവാജിയുടെ പടയാളികള്‍ കടലിന്റെ കാവല്‍ ഏറ്റെടുത്ത് പലയിടങ്ങളിലായി നിലയുറച്ചു. കൃത്യമായ തന്ത്രം മെനഞ്ഞുകൊണ്ട് ഓരോ ചുവടും കരുതലോടെ മുന്നോട്ട് നീങ്ങാന്‍ തന്റെ പടയാളികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കടല്‍ത്താവളങ്ങള്‍, കോട്ടകള്‍, സൈനികര്‍ക്കുള്ള താവളം, വ്യാപാര സാമഗ്രികളുടെ സംഭരണം എന്നിവ ഉണ്ടാക്കി രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും വിദേശീയരും, കടല്‍ക്കൊള്ളക്കാരും നടത്തുന്ന ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്തു.

ഛത്രപതി ശിവാജി തന്റെ രാജ്യത്തെ സംരക്ഷിക്കുകയും കടല്‍ മാര്‍ഗ്ഗമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സ്വന്തമായി സംവിധാനമുണ്ടാക്കുകയും ചെയ്തു. രാജ നൈതീക തന്ത്രങ്ങളും ശക്തമായ നാവികസേനയുമാണ് അദ്ദേഹത്തെ ഇന്ത്യന്‍ നേവിയുടെ പിതാവായി അവരോധിക്കാന്‍ കാരണം. കടലിലെ കഴുകന്മാരായി നിലയുറപ്പിച്ച്‌ കിടക്കുന്ന ഇന്ത്യന്‍ നേവിയെ വീരേതിഹാസം സൃഷ്ടിച്ച യുദ്ധ തന്ത്രജ്ഞന്‍ ഛത്രപതി ശിവാജിയുടെ പിന്‍ഗാമികളെന്നാണ് അറിയപ്പെടുന്നത്. ശിവാജിയുടെ രാജമുദ്ര നാവികസേനയുടെ കൊടിയില്‍ ആലേഖനം ചെയ്തതും അതുകൊണ്ട് തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular