Friday, April 26, 2024
HomeKeralaകര്‍ഷകരുടെ കണക്ക് തെറ്റിച്ച്‌ റബര്‍ വില താഴേക്ക്; കാരണമിതാണ്

കര്‍ഷകരുടെ കണക്ക് തെറ്റിച്ച്‌ റബര്‍ വില താഴേക്ക്; കാരണമിതാണ്

കോട്ടയം: വില ഉയരുമെന്ന കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ റബര്‍ വില താഴേക്ക്. ആര്‍.എസ്‌.എസ്‌ നാല് റബറിന്‌ കിലോക്ക് കഴിഞ്ഞയാഴ്‌ച 172 രൂപയായിരുന്നു.

എന്നാല്‍, തിങ്കളാഴ്ച ഇത് 167 രൂപയിലേക്ക് താഴ്‌ന്നു. ഒരുമാസംമുമ്ബ്‌ വില 180 രൂപവരെയെത്തിയിരുന്നു. ഉല്‍പാദനം സജീവമാകാത്തതിനാല്‍ വില ഉയരുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.

വന്‍കിട കമ്ബനികള്‍ റബര്‍ വാങ്ങാതെ വിട്ടുനില്‍ക്കുന്നതാണ് വിലകുറയാന്‍ പ്രധാനകാരണം. ടാപ്പിങ് സജീവമാകുന്നതോടെ കൂടുതല്‍ റബര്‍ വിപണിയിലെത്തുമെന്ന കണക്കുകൂട്ടലില്‍ വില പരമാവധി താഴ്‌ത്തിവാങ്ങാന്‍ ലക്ഷ്യമിട്ടാണ് ടയര്‍കമ്ബനികളുടെ വിട്ടുനില്‍ക്കല്‍ നീക്കം. ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ കൈയിലിരുന്ന റബര്‍ വലിയതോതില്‍ വിറ്റഴിച്ചിരുന്നു.

കുറഞ്ഞവിലയ്ക്കും വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇതും കമ്ബനികള്‍ മുതലെടുത്തു. തുടര്‍ച്ചയായി പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. വന്‍കിട വ്യാപാരികള്‍ ഏപ്രില്‍, മേയ്‌ മാസങ്ങളിലേക്ക്‌ റബര്‍ ശേഖരം കരുതിവെക്കാറുണ്ട്‌. മഴ തുടര്‍ച്ചയായി പെയ്യുന്നത്‌ ശേഖരിച്ച ഷീറ്റ് റബറിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ വ്യാപാരികള്‍ ഇത്‌ വിപണിയിലെത്തിച്ചത്‌ വിലയിടിവിന്‌ കാരണമായി.

നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ ലാറ്റക്‌സ്‌ വില ഉയര്‍ന്ന നിലയിലായിരുന്നു. ഇതില്‍ മാറ്റം വന്നതോടെ കര്‍ഷകരില്‍ പലരും ഷീറ്റാക്കി വില്‍ക്കാന്‍ തുടങ്ങി. അതിനിടെ, ടാപ്പിങ് പൂര്‍ണതോതിലാക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷകളും താളംതെറ്റിയ. വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

എന്നാല്‍, എല്ലാ ദിവസവും വൈകീട്ട് അതിശക്ത മഴ പെയ്യുന്നതിനാല്‍ ഇത് സാധ്യമായിട്ടില്ല. മഴ തുടരുന്നതിനാല്‍ പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കാനുള്ള തയാറെടുപ്പുകളും കര്‍ഷകര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്ലാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം കര്‍ഷകരെ പിന്നോട്ടു നയിക്കുകയാണ്.

പശക്കും പ്ലാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നു. 25 കിലോയുടെ ഒരു കുറ്റി പശക്ക് നേരത്തേ 1125 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1480 രൂപയായി. പ്ലാസ്റ്റിക് വില കിലോക്ക് 180 രൂപയായി. കഴിഞ്ഞ സീസണില്‍ 150 രൂപയായിരുന്നു. ചില്ലിനും ടാപ്പിങ്ങ് കത്തിക്കും 20 ശതമാനം വരെയാണ് വിലക്കയറ്റം. സാധാരണ ഈ സമയങ്ങളില്‍ മലയോരത്തെ തോട്ടങ്ങളില്‍ 60-75 ശതമാനംവരെ ജോലികള്‍ പൂര്‍ത്തിയാകുന്നതാണ്.

എന്നാല്‍, ഇത്തവണ കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡിങ്ങിലെ ചെലവു വര്‍ധനയോര്‍ത്ത് മടിച്ചു നില്‍ക്കുകയാണ്. റബറിന് വളപ്രയോഗം നടത്തേണ്ട കാലമാണിതെങ്കിലും രാസ, ജൈവ വിലയിലെ വര്‍ധനയും കര്‍ഷകര്‍ക്ക് ദോഷകരമായി. ചാണകത്തിന്‍റെ വില വര്‍ധിച്ചതും പലയിടങ്ങളിലും കിട്ടാനില്ലാത്തതും വളപ്രയോഗം വൈകുന്നതിന് കാരണമാകുന്നുണ്ട്.

കോട്ടയം: റബര്‍ ബോര്‍ഡിന്‍റെ വാക്ക് വിശ്വസിച്ച റബറുല്‍പാദക സംഘങ്ങള്‍ക്ക് തിരിച്ചടി. ഉല്‍പാദന വര്‍ധന ലക്ഷ്യമാക്കി റബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച റെയിന്‍ ഗാര്‍ഡിങ്, സ്‌പ്രേയിങ് പദ്ധതിയുടെ ഭാഗമായവരാണ് ദുരിതത്തിലായിരിക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് 5000 രൂപയും സ്‌പ്രേയിങ്ങിന് 7500 രൂപയും സബ്‌സിഡി നല്‍കുമെന്നായിരുന്നു റബര്‍ ബോര്‍ഡ് വാഗ്ദാനം. ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനായിരുന്നു നിര്‍ദേശം.

സബ്സിഡി ലഭിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ പദ്ധതിയുടെ ഭാഗമായിരുന്നു. സാമഗ്രികള്‍ റബര്‍ ബോര്‍ഡിനുകൂടി പങ്കാളിത്തമുള്ള കമ്ബനികളില്‍നിന്നും വാങ്ങി അവയുടെ ബില്ലുകളും ഗുണഭോക്താക്കളുടെ വ്യക്തിഗത അപേക്ഷകളും കരം അടച്ച രസീതിന്‍റെ കോപ്പികളും കൂടി നല്‍കി.

മാര്‍ച്ച്‌ 31നുമുമ്ബ് പണം റബര്‍ ഉല്‍പാദകസംഘങ്ങളുടെ (ആര്‍.പി.എസ്) അക്കൗണ്ടില്‍ നല്‍കുമെന്നുമായിരുന്നു ബോര്‍ഡിന്‍റെ വാഗ്ദാനം. ഇതനുസരിച്ച്‌ ആര്‍.പി.എസുകള്‍ കര്‍ഷകരില്‍നിന്ന് എണ്ണം ശേഖരിച്ച്‌ സാമഗ്രികള്‍ വാങ്ങി ബില്ല് സമര്‍പ്പിച്ചെങ്കിലും വാഗ്ദാനം ചെയ്ത സബ്‌സിഡി തുക റബര്‍ബോര്‍ഡ് നല്‍കിയിട്ടില്ല. 15 കോടിയിലേറെ രൂപയെങ്കിലും കര്‍ഷകരുടെ പക്കല്‍നിന്ന് ആര്‍.പി.എസ് മുഖേന വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular