Saturday, April 27, 2024
HomeEditorialസമര നായിക, സിനിമാ താരം, ബിബിസി അംഗീകാരം: വിജിയുടെ കഥ

സമര നായിക, സിനിമാ താരം, ബിബിസി അംഗീകാരം: വിജിയുടെ കഥ

ഓസ്‌ട്രേലിയയുടെ പ്രഥമ വനിതയും പ്രധാനമന്ത്രിയുമായ ജൂലിയ ഗില്ലാർഡും കോഴിക്കോട്ടെ  വിജി പെൺകൂട്ടും പങ്കു വയ്ക്കുന്ന ഒരു അസാധാരണ സാമ്യം എന്തായിരിക്കും. 2018 ൽ ബി ബി സി യുടെ ലോകത്തിലെ ഏറ്റവും പ്രചോദനം നല്‍കുന്നവരും സ്വാധീനം ചെലുത്തുന്നവരുമായ 100 വനിതകളുടെ പട്ടികയിലേക്ക് ഇവർ ഇരുവരും ഇടം പിടിച്ചു എന്നതാണത് .

നമ്മൾ മലയാളികൾക്ക് അവിശ്വസനീയമായി തോന്നാം.

ആ നൂറു പേരുടെ പട്ടികയിൽ പിന്നെ ഇന്ത്യയിൽ നിന്നുള്ളത് രണ്ടു പേർ മാത്രം: ബംഗാളിലെ  സുന്ദര്‍ബന്‍സ് തുരുത്തില്‍ നിന്നുള്ള  മീന ഗയെന്‍,  മഹാരാഷ്ട്രയുടെ ‘വിത്തമ്മ’ (സീഡ് മദര്‍) എന്നറിയപ്പെടുന്ന റാഹിബായ് സോമ പൊപ്പേരെ. മലയാളിക്ക്, പ്രത്യേകിച്ചു കോഴിക്കോട്ടുകാർക്കു സന്തോഷിക്കാനും അഭിമാനിക്കാനും ഏറെ വക നൽകുന്നു അത്.

വിജി ഈ വർഷവും ലോകം ശ്രദ്ധിക്കുന്ന താരമായി — സാക്ഷാൽ സിനിമാ   താരം. കുഞ്ഞില മാസ്സിലാമണി  സംവിധാനം ചെയ്‌ത വിജിയെക്കുറിച്ചുള്ള “അസംഘടിതർ “എന്ന സിനിമയിലെ പ്രധാന കഥാപാത്രമായി വിജി ജീവിക്കുന്നു.  വളെരയേറെ ജനശ്രദ്ധ ആകർഷിച്ച  ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയുടെ സംവിധയകാൻ ജിയോ ബേബിയാണ്   ‘ഫ്രീഡം ഫൈറ്റ്’ എന്ന അഞ്ചു സിനിമകളുടെ സമാഹാരം അവതരിപ്പിക്കുന്നത് .

അതിൽ രണ്ടാമത്തെ ചിത്രമാണ് ഡോക്യൂഫിക്ഷൻ എന്നു വിളിക്കാവുന്ന വിജിയുടെയും പെൺകൂട്ടിന്റെയും കഥ പറയുന്ന  അസംഘടിതർ  (The Unorganized). കോഴിക്കോട്ടെ മിഠായി തെരുവിൽ   ജീവിക്കുന്ന കഥാപാത്രമായി വിജി അഭിനയിക്കുന്നു.  മിഠായി തെരുവ് (S M Street) ആണ് വിജിയുടെ ജീവിതത്തിന്റെയും സിനിമയുടെയും പശ്ചാത്തലം.

വിജിയിലേക്കു എത്തുന്നത്,  മിഠായി  തെരുവിലൂടെ ഒരു നടത്തത്തിനു ശേഷമാകാം. ഈ തെരുവിലൂടെ നമുക്കു നടത്തമേ സാധിക്കൂ; കാരണം അതു  കാൽനട യാത്രക്കാർക്കു മാത്രമായി മാറ്റിവച്ചിരിക്കുകയാണ്.
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ബിരിയാണിയുടെ മണം കഴിഞ്ഞാൽ പിന്നെ മനസിൽ ഓടിയെത്തുന്നത് വാസ്കോഡെ ഗാമയല്ല,  മിഠായി  തെരുവാണ്.

കഥകളുടെ പെരുന്തച്ചൻ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എസ്. കെ. പൊറ്റെക്കാട് (1913 -1982 )  മിഠായി  തെരുവിനെക്കുറിച്ചുറിച്ച് 1960ൽ  “ഒരു തെരുവിന്റെ കഥ” എന്ന നോവലെഴുതി ഈ തെരുവിനെ  അനശ്വരമാക്കി. പത്ര വിൽപ്പനക്കാരൻ കൃഷ്ണകുറുപ്പാണ്‌ പ്രധാന കഥാപാത്രം.

കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി, ഗുജറാത്തികളെ  ക്ഷണിച്ചുവരുത്തി കൊട്ടാരമതിൽക്കെട്ടിനു  തൊട്ടു പുറത്തു  ഹലുവ കടകൾ തുടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ആരംഭിക്കുന്നു  മിഠായി  തെരുവിന്റെ  കഥ.
മിഠായിത്തെരുവിലെ ജീവിതം, പ്രതേകിച്ചു അവിടെയുള്ള നിരവധി കടകളിലെ സ്ത്രീ തൊഴിലാളികളുടെ  ജീവിതം, അത്ര മധുരമുള്ളതല്ലെന്നു ലോകത്തോട് വിളിച്ചുപറഞ്ഞത് വിജിയാണ്.

ശൗചാലയങ്ങൾ ഇല്ലാതിരുന്ന തെരുവിൽ ജോലിസമയത്തു ഇരിക്കാൻ പാടില്ല എന്ന അലിഖിത നിയമവും സ്ത്രീകൾക്ക് ഭീകരമായ കഷ്ടപ്പാടായി. മൂത്രപ്പുര ഇല്ലാത്തതിനാൽ ദിവസം മുഴുവൻ തീരെ വെള്ളം കുടിക്കാൻ സാധിക്കാതെ വന്നപ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ  ചിന്തിച്ചു നോക്കൂ.

പതിനാറാം വയസ്സിൽ വിജി മിട്ടായി തെരുവിലെ തയ്യൽ കടയിൽ ജോലിക്കു കയറി. അതിനു ശേഷമുള്ള  നാൽപ്പതോളം വര്ഷങ്ങളിൽ തുന്നി  ഉണ്ടാക്കിയത് സ്വന്തം ജീവിതം മാത്രമല്ല, എത്രയോ അശരണരായ, അസംഘടിതരായ വനിതകളുടെ ജീവിതം കൂടിയാണ്‌. 2009ലാണ് വിജി ‘പെൺകൂട്ടി’നു തുടക്കമിടുന്നത്.

മൂത്രപ്പുരയ്ക്കു വേണ്ടി വനിതകളുടെ മൂത്രപ്പുര സമരം ഒരു പക്ഷെ ലോകത്തു ആദ്യമായിരിക്കും. അതിനു ശേഷം ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി ഇരിക്കൽ സമരം. മനുഷ്യന്റെ ഏറ്റവും അത്യാവശ്യമായ കാര്യത്തിനു വേണ്ടി വിജി നടത്തിയ പോരാട്ടം ഫലം കണ്ടത് 2018ൽ കേരള സർക്കാർ ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ ആവശ്യമായ നിയമ ഭേദഗതികൾ കൊണ്ടുവന്നപ്പോഴാണ്.

2014 ൽ വനിതകളുടെ ക്ഷേമത്തിന് ഊന്നൽ നൽകികൊണ്ടുള്ള അസംഘടിത മേഖല തൊഴിലാളി യൂണിയനു വിജി രൂപം നൽകി. സംഘടിത തൊഴിലാളി യൂണിയനുകൾക്കു ഈ നീക്കം അത്രയ്ക്കങ്ങു പിടിച്ചിട്ടില്ല. മുഖ്യധാരാ  തൊഴിലാളി സംഘടനകൾ കണ്ണടക്കുകയും അവഗണിക്കുകയും ചെയ്ത  വ്യക്തി ജീവിതത്തെ ഇത്രയും ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തെ നീണ്ട സമരമുറകളിലൂടേയും ചർച്ചകളിലൂടെയും രാജ്യത്തിനു  മൊത്തം നൽകിയ സന്ദേശമാണ് വിജിയെ 2018 ൽ ത്തന്നെ ബി. ബി. സി. ലിസ്റ്റിൽ എത്തിച്ചത്.

അസംഘടിതരോട്‌ വിജിക്കുള്ള കരുതലാണ് “അസംഘടിതർ” എന്ന സിനിമക്ക് ക്ലാപ്പ് അടിച്ചത്.
കോഴിക്കോട് പാലാഴി സ്വദേശിയാണ് വിജി. ഭർത്താവു സുരേഷ്. മക്കൾ അമ്മുവും കണ്ണനും.
ഇനിയും കൂടുതൽ  ഉയരങ്ങളിലേക്ക് വിജിയും അസംഘടിത വനിതകളും മുന്നേറട്ടെ എന്ന് ആശംസിക്കുന്നു .ഒരുപാടു സ്വപ്നങ്ങൾ തയ്ച്ചു മുന്നേറട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular