Friday, April 26, 2024
HomeIndiaയു പിയിൽ പുതിയ സമീപനങ്ങളുടെ വിജയം

യു പിയിൽ പുതിയ സമീപനങ്ങളുടെ വിജയം

ഉത്തർ പ്രദേശിൽ ഫല പ്രഖ്യാപനം പൂർത്തിയായപ്പോൾ 403 അംഗ നിയമസഭയിൽ ബി ജെ പി 255 സീറ്റ് നേടി. ഭൂരിപക്ഷത്തിനു ആവശ്യമായ 202 നേക്കാൾ 53 കൂടുതൽ. എന്നാൽ 57 സീറ്റുകളാണ് പാർട്ടിക്ക് ഇക്കുറി നഷ്ടമായത്. കഴിഞ്ഞ തവണ ബി ജെ പി ഒറ്റയ്ക്കു 313 സീറ്റ് നേടിയിരുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വേറെയും.
സമാജ്‌വാദി പാർട്ടി ആവട്ടെ, 2017 ൽ നേടിയ 47 സീറ്റിൽ നിന്ന് ഒരു കുതിപ്പ് നടത്തി ഇത്തവണ 111 സീറ്റിൽ എത്തി — 64 സീറ്റിന്റെ വർധന. ബി ജെ പിക്ക് സീറ്റ് കുറയ്ക്കാൻ കഴിയുന്നതെങ്ങിനെ എന്ന് തെളിയിച്ചതായി എസ് പി നേതാവ് അഖിലേഷ് യാദവ് അവകാശപ്പെട്ടു.
എന്തായാലും യു പിയിൽ ഇതിനു മുൻപൊരിക്കലും ഒരു പാർട്ടിയും അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ചിട്ടില്ല. അങ്ങിനെ ഒരു റെക്കോർഡ് സ്ഥാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും അതിന്റെ ക്രെഡിറ്റ് നേടുന്നു.
വികസനവും ക്രമസമാധാന നേട്ടവും ഹിന്ദുത്വവും ചേർന്ന ഒരു പ്രചാരണം ആയിരുന്നു ബി ജെ പി നയിച്ചത്. അഞ്ചു വർഷത്തിനിടയിൽ യു പിയിലെ ക്രിമിനൽ മാഫിയകളെ അമർച്ച ചെയ്‌തു ബുൾഡോസർ ബാബ എന്ന പേര് നേടിയ യോഗിയിൽ നിന്ന് ആ സമീപനം തുടർന്നും പ്രതീക്ഷിക്കുന്നു യു പി.
ബി ജെ പിയുടെ നയങ്ങൾക്കും മോദിയുടെയും യോഗിയുടെയും ഭരണ മികവിനുമുള്ള അംഗീകാരമാണ് പാർട്ടിയുടെ വിജയമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. “ഇന്നത്തെ ചരിത്ര വിജയം മോദിജിയുടെ സത്യസന്ധമായ ഭരണ സമീപനത്തിന്റെ വിജയമാണ്. വികസനം, കരുതൽ, കോവിഡ് നിയന്ത്രണം, രാജ്യാന്തര വേദികളിലെ മികവ്, ഇരട്ട എൻജിൻ ഗവൺമെന്റിൽ ജനങ്ങൾക്കുണ്ടായ വിശ്വാസം ഇതെല്ലാം ഈ വിജയത്തിന് കാരണമായി.”
കോവിഡിനെയും ഗൂഢാലോചനകളെയും തകർത്തു എന്നാണ് യോഗി ലക്‌നോവിൽ പറഞ്ഞത്. “ഉത്തർ പ്രദേശ് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയം കുഴിച്ചു മൂടി. ഞങ്ങൾ കോവിഡിനെതിരെ പൊരുതുമ്പോൾ പ്രതിപക്ഷം ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു.
“എന്നാൽ ഞങ്ങളെ ജയിപ്പിച്ച ജനങ്ങൾ ഒരിക്കൽ കൂടി ദേശീയതയ്ക്കും സൽഭരണത്തിനും അംഗീകാരം നൽകി. ജനങ്ങൾക്കു ഞാൻ നന്ദി പറയുന്നു.”
ബി ജെ പി വോട്ടുകൾ ഇനിയും കുറച്ചു കൊണ്ടിരിക്കും എന്നാണ് അഖിലേഷ് പറഞ്ഞു. “ഞങ്ങളുടെ സീറ്റുകൾ രണ്ടര ഇരട്ടിയാക്കി തന്ന യു പി ജനതയോട് നന്ദി പറയുന്നു. ബി ജെ പി സീറ്റുകൾ എങ്ങിനെ കുറയുമെന്ന് ഞങ്ങൾ കാട്ടിത്തന്നു. ഈ കുറവ് തുടർന്നു കൊണ്ടേയിരിക്കും.”
അടി തെറ്റി
പിന്നോക്ക വിഭാഗങ്ങളിൽ പെട്ട നിരവധി നേതാക്കൾ പരാജയം ഏറ്റു വാങ്ങിയത് പക്ഷെ അഖിലേഷിനു തിരിച്ചടിയാണ്. യോഗിയുടെ മന്ത്രിസഭാ വിട്ടു വന്നു അഖിലേഷിന്റെ കൂടെ ചേർന്ന പ്രമുഖ പിന്നോക്ക നേതാവ് സ്വാമി പ്രസാദ് മൗര്യ അദ്ദേഹം ജയിക്കാറുണ്ടായിരുന്ന ഫാസിൽനഗർ സീറ്റിൽ വീണു. അദ്ദേഹത്തോടൊപ്പം മന്ത്രിസഭാ വിട്ട ധരം സിംഗ് സൈനിയും  പൊട്ടി — സഹ്‌റാൻപൂരിൽ.
ബി ജെ പിക്ക് ഞെട്ടലായത് പിന്നോക്ക നേതാവായ ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തോൽവിയാണ്. സിറാതു സീറ്റിൽ എസ് പിയുടെ പല്ലവി പട്ടേൽ ആണ് അദ്ദേഹത്തെ തോല്പിച്ചത്.
ഇക്കുറി ജയിച്ചവരിൽ 36 മുസ്ലിങ്ങളുമുണ്ട്. അതായതു മൊത്തം എം എൽ എ മാരിൽ 8.93%. യു പിയിൽ മുസ്ലിം ജനസംഖ്യ 20% ആണ്.
ജയിലിൽ കഴിയുന്ന എസ് പി നേതാവ് അസം ഖാൻ ഒന്നേകാൽ ലക്ഷം വോട്ടിനാണ് ജയിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular