Connect with us
Malayali Express

Malayali Express

‘ആപ്പ്’ ആപ്പായി; കൂടുതല്‍ ബുക്കിങ് ബാറുകളിലേക്കെന്ന ആരോപണവുമായി ബവ്കോ

KERALA

‘ആപ്പ്’ ആപ്പായി; കൂടുതല്‍ ബുക്കിങ് ബാറുകളിലേക്കെന്ന ആരോപണവുമായി ബവ്കോ

Published

on

ബെവ്ക്യൂ വെര്‍ച്വല്‍ ക്യൂ ആപ്പിനെതിരെ ബവ്‌റിജസ് കോര്‍പ്പറേഷന്‍. വെര്‍ച്വല്‍ ക്യൂ ആപ്പ് വഴി കൂടുതല്‍ ബുക്കിങ് പോകുന്നത് ബാറുകളിലേക്കാണെന്ന് ബവ്കോ ആരോപിച്ചു. ബവ്ക്യൂ ആപ്പ് ഇതേരീതിയില്‍ തുടര്‍ന്നാല്‍ പല ഔട്ട്ലറ്റുകളും പൂട്ടേണ്ടിവരുമെന്നാണ് കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്.

ബവ്കോ ഔട്ട്ലറ്റുകള്‍ വഴി സാധാരണ നടക്കുന്ന മദ്യവില്‍പ്പന വെര്‍ച്വല്‍ ക്യൂ ആപ്പിലൂടെ നടക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്ലറ്റുകള്‍ക്ക് കിട്ടിയത് 49,000 മാത്രം. ബാക്കിയെല്ലാം ബാറുകള്‍ക്കാണ് ലഭിച്ചതെന്നും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും ബവ്കോ ആരോപിച്ചു.

മാര്‍ച്ച് 28 നു ഇരുപത്തിരണ്ടര കോടിയുടെ മദ്യമാണ് ബവ്കോ ഔട്ട്ലറ്റുകള്‍ വഴി വിറ്റത്. എന്നാല്‍, ഇന്നലെ ഇത് 17 കോടിയില്‍ ഒതുങ്ങി. ഇന്ന് അവധി ദിവസം ആയതിനാല്‍ പൊതുവേ കച്ചവടം വര്‍ധിക്കുകയാണ് വേണ്ടത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ വരുമാനനഷ്ടമുണ്ടായത് വ്യക്തമാണെന്ന് ബവ്കോ ചൂണ്ടിക്കാട്ടുന്നു. ബുക്കിങ്ങുകള്‍ കൂടുതലും ബാറുകളിലേക്കാണ് പോകുന്നതെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവില്‍പ്പന തുടരുകയാണ്. ആദ്യം നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന നടക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഫെയര്‍കോഡും നേരത്തെ അറിയിച്ചിരുന്നു.

ബെവ്ക്യൂ ആപ്പ് പിന്‍വലിക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഏതാനും മാസത്തേക്ക് കൂടി മദ്യവില്‍പ്പന വെര്‍ച്വല്‍ ക്യൂ ആപ്പ് മുഖേനയായിരിക്കും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News