Connect with us
Malayali Express

Malayali Express

കുട്ടികളുടെ യാത്ര സ്‌കൂളുകളുടെ ബാധ്യത: വിദ്യാഭ്യാസവകുപ്പ് കൈയൊഴിയുന്നു ; പരീക്ഷ കുട്ടികള്‍ക്ക്; പരീക്ഷണം സ്‌കൂളുകള്‍ക്ക്

KERALA

കുട്ടികളുടെ യാത്ര സ്‌കൂളുകളുടെ ബാധ്യത: വിദ്യാഭ്യാസവകുപ്പ് കൈയൊഴിയുന്നു ; പരീക്ഷ കുട്ടികള്‍ക്ക്; പരീക്ഷണം സ്‌കൂളുകള്‍ക്ക്

Published

on

ലോക്ക്ഡൗണ്‍ കാലത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതാനുള്ള കുട്ടികളെ പരീക്ഷാഹാളിലെത്തിക്കേണ്ട ബാധ്യത സ്‌കൂളുകളുടെ തലയില്‍വച്ചുകെട്ടി വിദ്യാഭ്യാസ വകുപ്പ്‌ െകെകഴുകുന്നു. കുട്ടികളെ എത്തിക്കുന്നതിന് സ്‌കൂളുകള്‍ സംവിധാനം ഒരുക്കണമെന്നാണ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്.

ആവശ്യത്തിന് സ്‌കൂള്‍ ബസുകളും വാനുകളും ഇല്ലാത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇത് കടുത്ത വെല്ലുവിളിയാകും. വിദ്യാര്‍ഥികളെ സുരക്ഷാ അകലം പാലിച്ച് ബസില്‍ കൊണ്ടുവരണമെങ്കില്‍ പുലര്‍ച്ചെ മുതല്‍ വാഹനം പല ട്രിപ്പുകള്‍ ഓടിക്കേണ്ടിവരും. നഗരപ്രദേശങ്ങളില്‍ വലിയ പ്രശ്നമില്ലെങ്കിലും മലയോര-ആദിവാസി മേഖലകളില്‍ ഇതു ശ്രമകരമാകും. വര്‍ഷാവസാനമായതിനാല്‍ പല സ്‌കൂളിലും പി.ടി.എയുടെ പക്കല്‍ പണമില്ല. സാലറി കട്ട് നേരിടുന്ന അധ്യാപകരില്‍നിന്നു പിരിവെടുക്കാനും പ്രയാസമായതോടെ പല സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ പണത്തിനായുള്ള നെട്ടോട്ടത്തിലാണ്. ആവശ്യമെങ്കില്‍ അടുത്തുള്ള മറ്റു സ്‌കൂളുകളുടെ വാഹനങ്ങളും ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

പരീക്ഷയ്ക്കു മുമ്പ് സ്‌കൂളുകള്‍ അഗ്‌നിരക്ഷാസേന അണുവിമുക്തമാക്കും. കുട്ടികളെ ശരീരോഷ്മാവ് നോക്കിയതിനു ശേഷമായിരിക്കും ഹാളില്‍ പ്രവേശിപ്പിക്കുക. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്നുമായി തെര്‍മല്‍ സ്‌കാനറുകള്‍ എത്തിക്കാനാണു തീരുമാനം. അഞ്ഞൂറിലധികം കുട്ടുകളുള്ള സ്‌കൂളുകളില്‍ രണ്ട് തെര്‍മല്‍ സ്‌കാനര്‍ വേണ്ടിവരും. പരിശോധനാചുമതല ആശാ വര്‍ക്കര്‍മാര്‍ക്കാണ്. സാനിറ്റെസര്‍, മാസ്‌ക് എന്നിവ വാങ്ങേണ്ടത് അതത് സ്‌കൂളിന്റെ ചുമതല. സ്‌കൂളുകളില്‍ ശുചീകരണത്തിന് രണ്ട് പേരെ പ്രത്യേകം നിയോഗിക്കണം. ഓരോ പരീക്ഷ കഴിയുമ്പോഴും ക്ലാസ് മുറികള്‍ വൃത്തിയാക്കേണ്ടി വരും. രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ ഉള്ളതിനാല്‍ ഇത് ശ്രമകരമായിരിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനായി വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് തുടങ്ങി. പരീക്ഷ തീരുന്നതിനു മുമ്പ് ഇനി പുതിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായാല്‍ അവിടുത്തെ പരീക്ഷാകേന്ദ്രം രായ്ക്കുരാമാനം മാറ്റേണ്ടിവരും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സെന്ററുകളോ പ്രത്യേക €ാസ് മുറികളോ നല്‍കേണ്ടി വരും.

എസ്.എസ്.എല്‍.സിക്ക് 2945 പരീക്ഷാകേന്ദ്രമുണ്ട്. 2032 എണ്ണം ഹയര്‍സെക്കന്‍ഡറിക്കും 389 എണ്ണം വി.എച്ച്.എസ്.ഇക്കും ഉണ്ട്. പരീക്ഷാ കേന്ദ്രം മാറ്റാനായി അയ്യായിരത്തിലധികം കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. അപേക്ഷകരുടെ ഏണ്ണം കൂടിയാലുള്ള ക്രമീകരണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സേ പരീക്ഷ ഉടനുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. സേ പരീക്ഷക്കൊപ്പം തന്നെയാകും ഇത്തരക്കാര്‍ക്കായി റെഗുലര്‍ പരീക്ഷ നടത്തുന്നത്.

സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ത്ഥികളെ ഇരുത്താനായി സ്‌കൂളുകളിലെ വലിയ ക്ലാസ് റൂമില്‍ പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്കു ശേഷം എസ്.എസ്.എല്‍.സി. പരീക്ഷയും എന്ന നിലയിലാണ് ക്രമീകരണം. എന്നാല്‍ 13 ലക്ഷത്തിലധികം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുമ്പോള്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.

Continue Reading

Latest News