Thursday, April 25, 2024
HomeKeralaയൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം

യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: അധിക്ഷേപകരമായ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. വിജയ് പി നായരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു തമ്പാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആക്റ്റിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റു കുറ്റാരോപിതര്‍. മൂവരും 22നു നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

വിജയ് പി നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറല്‍, മര്‍ദനം, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആര്‍ട്ടിസ്റ്റിനെയും മറ്റു പ്രമുഖ ഫെമിനിസ്റ്റുകളെയും അവഹേളിച്ചുകൊണ്ടും സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിച്ചുകൊണ്ടും വിഡിയോ തയാറാക്കി വിജയ് പി നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തിനിടയാക്കിയത്. വിജയ് പി നായരെ കൈയേറ്റം ചെയ്ത ഇവര്‍ മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്നു സംഭവത്തിനു പിന്നാലെ ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്ലെന്നും ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു വിജയ് പി നായര്‍ മാധ്യമങ്ങളോടും പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്.

കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം, അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകളോടെയായിരുന്നു ഇത്.

സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി.നായര്‍ക്കെതിരെയും തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular