Connect with us
Malayali Express

Malayali Express

കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു: കടലില്‍ തിരച്ചില്‍ തുടരുന്നു

KERALA

കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു: കടലില്‍ തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. ശേഷിച്ച രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂട്ടുകാരായ 3 പേരെയാണ് കാണാതായത്. ഇവര്‍ തിരയില്‍പെടുകയായിരുന്നു എന്ന് സംശയിക്കുന്നു.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. നിഷയും ശരണ്യയും ബിബിഎ വിദ്യാര്‍ഥിനികളും ഷാരു ഷമ്മി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. നിഷയുടെ സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തുനിന്ന്പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാര്‍ഥിനികള്‍ സ്കൂട്ടറില്‍ അടിമലത്തുറ കടല്‍ത്തീരത്തേക്ക് പോയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് നിഷയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു ആനന്ദ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി.

പിന്നീട് കടലിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി അടിമലത്തുറ കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ലൈഫ് ഗാര്‍ഡിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ എസ്. ഐ. ഇ.ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.

നിഷയുടെ അമ്മ ഇന്ദു. സഹോദരി :വര്‍ഷ

Continue Reading

Latest News