Friday, March 29, 2024
HomeKeralaഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ പുറത്താക്കി കെ സുധാകരൻ; എം എ ലത്തീഫിനെതിരായ നടപടി സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ പുറത്താക്കി കെ സുധാകരൻ; എം എ ലത്തീഫിനെതിരായ നടപടി സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ

തിരുവനന്തപുരം: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മുൻ കെപിസിസി (KPCC) സെക്രട്ടറി എം എ ലത്തീഫിനെ (M A Latheef) കോൺ​ഗ്രസ്സിൽ നിന്ന് സസ്പെൻഡ് (Suspend) ചെയ്തു. 6 മാസത്തേക്കാണ് പുറത്താക്കൽ. ഓരാഴ്ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പൂർണ്ണമായി പുറത്താക്കുമെന്നും കെപിസിസി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. തിരുവനന്തപുരത്തെ എ​ഗ്രൂപ്പ് നേതാവും ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) വിശ്വസ്തനുമാണ്  എംഎ ലത്തീഫ്. തലസ്ഥാനത്തെ കോൺ​ഗ്രസിന്റെ പല സമരങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ലത്തീഫാണ്.

സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതാണ് നടപടിക്ക് കാരണമായി പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ മേഖലയായ മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ നിർദ്ദേശം നൽകിയെന്നാണ് ഒരു ആരോപണം. കെപിസിസി ഭാരവാഹി പട്ടികക്കെതിരെ ഇന്ദിരാഭവനിലേക്ക് മാർച്ച് നടത്താൻ നിർദ്ദേശം നൽകി, യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, ചിറയിൻ കീഴ് നിയോജക മണ്ഡലത്തിൽവിഭാ​ഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയാണ് ലത്തീഫിനെതിരായ കണ്ടെത്തൽ.

ലത്തീഫിനെതിരായ നടപടിയിൽ ​ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ടെന്നാണ് സൂചന. കോൺ​ഗ്രസ്സ് സംഘടന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നാണ് എ ​ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മികച്ച സംഘാടകനായി അറിയപ്പെടുന്ന ലത്തീഫിനെ പാർട്ടിക്ക് പുറത്തുനിർത്തിയാൽ ​തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് മുന്നിൽ കണ്ടാണ് കെ സുധാകരൻ നടപടിയെടുത്തതെന്ന് ​ഗ്രൂപ്പുകൾ ആരോപിക്കുന്നു.

പുതിയ നേതൃത്വം ചുമതലയേറ്റശേഷം ഒരു വിഭാ​ഗം നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി നേരത്തെ തന്നെ വിവാദമായിരുന്നു. പുനഃസംഘടനക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ കെ പി അനിൽകുമാറിനും കെ ശിവദാസൻ നായർക്കുമെതിരെയായിരുന്നു ആദ്യം നടപടി. ശിവദാസൻ നായരെ പിന്നീട് തിരികെയെടുത്തു . കെ പി അനിൽകുമാർ കോൺ​ഗ്രസ്സ് വിട്ട് സിപിഎമ്മിലെത്തി.

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഷനിലായ എം എ ലത്തീഫിനെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പെരുമാതുറയിലെ പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പച്ചക്കള്ളമാണെന്നും നടപടി സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണെന്നും എം എ ലത്തീഫ് പ്രതികരിച്ചു. പുറത്താക്കിയാലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ട് കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് ജീവ വായുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular