Tuesday, April 23, 2024
HomeKeralaകെഎസ്ആര്‍ടിസി: എസി സ്ലീപ്പര്‍ ഉള്‍പ്പടെ 100 പുതിയ ബസുകള്‍ ഡിസംബറില്‍ പുറത്തിറക്കുമെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസി: എസി സ്ലീപ്പര്‍ ഉള്‍പ്പടെ 100 പുതിയ ബസുകള്‍ ഡിസംബറില്‍ പുറത്തിറക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി വാങ്ങുന്ന 100 പുതിയ ബസുകൾ ഡിസംബറിൽ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. എട്ട് വോൾവാ എസി സ്ലീപ്പർ ബസും, 20 എസി ബസും ഉൾപ്പെടെ 100 ബസുകളാണ് ഡിസംബറിൽ ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സിഎൻജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങുമെന്നും മന്ത്രി അറിയിച്ചു.

”നിലവിലുള്ള ഡീസൽ എൻജിനുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസ് റൂട്ടുകൾ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ബസ് റൂട്ടുകൾ നിശ്ചയിക്കുന്നത്,” മന്ത്രി വ്യക്തമാക്കി

”സ്ഥിരമായി വലിയ നഷ്ടം വരുത്തുന്ന റൂട്ടുകൾ തുടർച്ചയായി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. ഓരോ റൂട്ടും പ്രത്യേകമായി വിലയിരുത്തി തുടർച്ചയായി വൻ നഷ്ടത്തിലാകുന്ന സർവീസുകൾ ഇനിയും തുടരാനാവില്ല. എന്നാൽ ആദിവാസി മേഖലകളിൽ ഉൾപ്പെടെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സർവീസ് തുടരേണ്ടതുണ്ട്,” മന്ത്രി പറഞ്ഞു.

”ജീവനക്കാരോടും പെൻഷൻകാരോടും അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളത്. ഹൈക്കോടതി വിധിക്ക് വിധേയമായി എം പാനൽ ജീവനക്കാരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ ലാഭകരമായ സിഎൻജി ബസുകൾക്ക് മുൻഗണന നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുത്തത് നഷ്ടത്തിൽ ആയതിനാൽ കരാർ റദ്ദാക്കുകയാണ്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആർടിസിയുടെ കെട്ടിടങ്ങൾക്ക് വളരെ പഴക്കമുള്ളതിനാൽ പുനർ നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ അതിന് കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ ഡിപ്പോകളിലെ ടോയ്‌ലറ്റുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന കാര്യം പരിഗണനയിലാണ്. കിഫ്ബിയുമായി സഹകരിച്ച് ഒരു പദ്ധതിയും തയാറിക്കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular