Thursday, April 25, 2024
HomeKeralaമോഡലുകളുടെ മരണം ലഹരിസംഘത്തിലേക്ക് അന്വേഷണം മദ്യലഹരിയില്‍ അപകടം റെയ്ഡ് തുടരുന്നു

മോഡലുകളുടെ മരണം ലഹരിസംഘത്തിലേക്ക് അന്വേഷണം മദ്യലഹരിയില്‍ അപകടം റെയ്ഡ് തുടരുന്നു

കൊച്ചിയിലെ  മോഡലുകളുടെ മരണത്തിനു പിന്നില്‍ ലഹരിനുരയുന്നു.  ഡിജെ പാര്‍ട്ടിയുടെ മറവില്‍  നടക്കുന്നതു  ലഹരി മാത്രമാണ്. കൊച്ചിയില്‍ മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറുടെ വീട്ടില്‍ പൊലീസ് പരിശോധന. അറസ്റ്റിലായ അബ്ദുള്‍ റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അപകടസമയത്ത് ഡ്രൈവര്‍ അബ്ദുല്‍ റഹമാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ തെളിവിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മദ്യം മാത്രമാണോ ലഹരി മരുന്ന് ഉപയോഗവും നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, മുന്‍ മിസ് കേരള  അന്‍സി കബീറും റണ്ണര്‍ അപ്പായ അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചത് തൊട്ടുമുന്‍പ് അവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍  വീണ്ടും പോലീസ് റെയ്ഡ് നടത്തിയിരുന്നു. വാഹനാപകടത്തില്‍ ഇവര്‍ മരിക്കും മുന്‍പ് പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പോലീസ് വീണ്ടും ഹോട്ടലില്‍ എത്തിയത്. എന്നാല്‍, ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിനായില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്നാണു വിവരം. അപകടത്തിനു പിറ്റേന്നു തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയാണ് പോലീസ് നിഗമനം. ഇന്നലെ റെയ്ഡിനെത്തിയപ്പോള്‍ കംപ്യൂട്ടറിന്റെ പാസ് വേര്‍ഡ് അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് കംപ്യൂട്ടര്‍ വിദഗ്ധരുമായി പോലീസ് എത്തിയത്. ദൃശ്യങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് അപ്രത്യക്ഷമാണെന്ന് സംഘം കണ്ടെത്തി.  ഇന്നും ഹോട്ടലില്‍ പോലീസ് സംഘം പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അപകടസമയത്തു വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിനു ശേഷം നടത്തിയ രക്തപരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഡിജെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നെന്ന് പോലീസിനു വ്യക്തമായ സൂചന ലഭിച്ചതായാണു സൂചന. ഇതേത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ചോ എന്നറിയാനാണ് പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസ തേടിയത്. അപകടത്തിനു പിന്നാലെ ഈ ഹോട്ടലിലെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കിയിരുന്നു. ഇതിനു നാലു ദിവസം മുന്‍പ് ലഹരിമരുന്ന് ഉപയോഗം നടന്നെന്ന വിവരത്തെ തുടര്‍ന്നും ഹോട്ടലില്‍ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു.

ഡിജെ പാര്‍ട്ടി കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു അപകടം. 2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ആന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

അര്‍ധരാത്രിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.  മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടതുവശം ചേര്‍ന്നു പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ചെന്നിടിച്ചതാണ് ദുരന്തമായത്.  ബൈക്കില്‍ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറില്‍ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് തത്ക്ഷണം മരിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി വാഹനത്തില്‍ ഞെരിഞ്ഞമര്‍ന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനില്‍ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചത്.  ഡ്രൈവര്‍ സീറ്റില്‍ എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ സീറ്റിലെ അബ്ദുള്‍ റഹ്മാന് കാര്യമായ പരുക്കുകള്‍ സംഭവിച്ചില്ല. പിന്നില്‍ വലതുവശത്തിരുന്ന ആഷിഖ്  മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേല്‍ക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular