Saturday, April 20, 2024
HomeKeralaസിഎജി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; പത്ര സമ്മേളനം നടത്താന്‍ എന്ത് അവകാശം?: ഇപി ജയരാജന്‍

സിഎജി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; പത്ര സമ്മേളനം നടത്താന്‍ എന്ത് അവകാശം?: ഇപി ജയരാജന്‍

തിരുവനന്തപുരം: സിഎജി തെറ്റായ നിലപാട് സ്വീകരിച്ചു രാഷ്ട്രീയ കളി നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാജ് ഭവനു മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനം നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് സിഎജി തെറ്റായി പ്രചരിപ്പിച്ചു. നികുതി പിരിക്കാത്തതിനാല്‍ കേന്ദ്രത്തില്‍നിന്നുള്ള അര്‍ഹതപ്പെട്ട വിഹിതം കൊടുക്കേണ്ട എന്ന സ്ഥാപിച്ചെടുക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ആള്‍ മാത്രമാണ് സിഎജി. അദ്ദേഹത്തിനു പത്ര സമ്മേളനം നടത്താന്‍ എന്ത് അവകാശമാണുള്ളത്. രാഷ്ട്രീയ ഉദ്ദേശ്യമാണതിനു പിന്നില്‍. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ബിജെപി നയത്തിന്റെ ഭാഗമായാണ്’ ജയരാജന്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സിഎജി വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചതായി സിഎജി ചൂണ്ടിക്കാട്ടി. പട്ടികയില്‍നിന്ന് നീക്കം ചെയ്തതിനുശേഷവും അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ സോഫ്‌റ്റ്വെയറില്‍ വീഴ്ചയുണ്ടായി.

2017-18 മുതല്‍ 2020-21 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടിരൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായി. ഒരേ ഗുണഭോക്താക്കള്‍ക്ക് രണ്ട് വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20% അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ല. പെന്‍ഷന്‍ പ്രതിമാസം നല്‍കാതെ മാസങ്ങളുടെ ബാച്ചുകളായാണ് നല്‍കിയത്. ഇത് യഥാസമയം പെന്‍ഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തി. തെറ്റായ ബില്‍ പ്രോസസിങ്ങിലൂടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. വിധവാ പെന്‍ഷന്‍ ക്രമരഹിതമായി നല്‍കി. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്‌റ്റ്വെയറിനെ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular