Friday, March 29, 2024
HomeGulfഎല്‍.എന്‍.ജി വിപണി; ഖത്തറും അമേരിക്കയും നയിക്കും

എല്‍.എന്‍.ജി വിപണി; ഖത്തറും അമേരിക്കയും നയിക്കും

ദോഹ: ലോകത്തെ ദ്രവീകൃത പ്രകൃതിവാതകവിപണി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖത്തറിന്റെയും അമേരിക്കയുടെയും പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്ന് പഠനറിപ്പോര്‍ട്ട്.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലാവും എല്‍.എൻ.ജി ഉല്‍പാദനത്തിലും വിപണനത്തിലും പ്രധാന മത്സരമെന്ന് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ‘വുഡ് മകൻസി’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഊര്‍ജ, ഖനന മേഖലയില്‍ ഡേറ്റ ശേഖരണം നടത്തുന്ന സ്ഥാപനമാണ് വുഡ് മകൻസി. ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയുടെ 40 ശതമാനം ഇപ്പോള്‍ അമേരിക്കയും ഖത്തറുമാണ് കൈയടക്കിയിരിക്കുന്നത്. 2040ഓടെ ഈ രാജ്യങ്ങളുടെ വിപണി ഓഹരി 60 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കാനഡയിലെ വാൻകൂവറില്‍ നടന്ന എല്‍.എൻ.ജി സമ്മേളനത്തില്‍ 2029 ഓടെതന്നെ മാര്‍ക്കറ്റിന്റെ 40 ശതമാനം വിഹിതം ഖത്തറിന്റേതാകുമെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രി പ്രഖ്യാപിച്ചിരുന്നു.

നോര്‍ത്ത് ഫീല്‍ഡ് പ്രോജക്ടില്‍നിന്നുള്ള ഇന്ധനം ലഭിച്ചുതുടങ്ങുന്നതോടെ ഖത്തറിന്റെ ഉല്‍പാദനം ഗണ്യമായി കൂടും. നിലവിലെ ഉല്‍പാദനത്തേക്കാള്‍ പ്രതിവര്‍ഷം 100 ദശലക്ഷം മെട്രിക് ടണ്‍കൂടി ആഗോള തലത്തില്‍ ആവശ്യകതയുണ്ടെന്നാണ് വിലയിരുത്തല്‍. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍നിന്ന് വലിയ ആവശ്യകതയുണ്ടെങ്കിലും ഏഷ്യതന്നെയായിരിക്കും എല്‍.എൻ.ജിയുടെ സ്ഥായിയായ മാര്‍ക്കറ്റ്.

വിപണിയില്‍ വരും വര്‍ഷങ്ങളില്‍ ഖത്തറിനും അമേരിക്കക്കും വെല്ലുവിളി ഉയര്‍ത്തി കാനഡ കറുത്ത കുതിരകളാകുമെന്നും വുഡ്മാകിലെ വിദഗ്ധര്‍ അനുമാനിക്കുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ എല്‍.എൻ.ജിയെ മുഖ്യ ഊര്‍ജസ്രോതസ്സായി കണക്കാക്കുന്നതോടെ വിപണിയിലെ ആവശ്യം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular