Friday, April 19, 2024
HomeIndia'നിയന്ത്രണമില്ലാത്ത OTT ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയ്ക്ക് വിനാശം വരുത്തും

‘നിയന്ത്രണമില്ലാത്ത OTT ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയ്ക്ക് വിനാശം വരുത്തും

ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ വരുന്ന ഉള്ളടക്കത്തിനു മേൽ യാതൊരു നിയന്ത്രണവുമില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്(Mohan Bagavat). കോവിഡിനു ശേഷം ക്ലാസുകൾ ഓൺലൈൻ(Online Class) ആയി നടത്താൻ തുടങ്ങിയതിനാൽ കുട്ടികൾ ധാരാളമായി ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദസറയോടനുബന്ധിച്ച് നാഗ്‌പൂരിലെ ആർ എസ് എസ്(RSS) ആസ്ഥാനത്ത് ‘ശാസ്ത്രപൂജ’ നടത്തിയതിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

“കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം അവതരിപ്പിക്കപ്പെട്ടു. സ്‌കൂൾ വിദ്യാർത്ഥികൾ നിയമവിധേയമായി തന്നെ ഫോണുകൾ ഉപയോഗിക്കുന്ന നില വന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഒരു സംവിധാനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തണം”, അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’ കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഒപ്പം, ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു എന്നാരോപിച്ചുകൊണ്ട്‌ ആമസോണിന്റെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

“ഒ ടി ടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയിൽ താണ്ഡവ്, പാതാൾലോക് തുടങ്ങിയ പരിപാടികളിലെ ചില ഹിന്ദു വിരുദ്ധ ഉള്ളടക്കങ്ങൾ വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ചില സംസ്ഥാന സർക്കാരുകളുടെയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കമ്പനി ക്ഷമാപണം നടത്തിയിരുന്നു. ഹൈന്ദവ മൂർത്തികളെ കളിയാക്കുകയും കുടുംബ മൂല്യങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ പ്രൈം വീഡിയോ പതിവായി സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ജനങ്ങളിൽ നിന്ന് ആരോപണം ഉയർന്നിട്ടുണ്ട്”, ‘പാഞ്ചജന്യ’യിലെ ലേഖനം ആരോപിച്ചു.

മുമ്പ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട ചില സംഭാഷണങ്ങൾ ഉൾപ്പെടുത്തിയതിന് മനോജ് ബാജ്‌പേയിയുടെ ‘ദി ഫാമിലി മാൻ’ എന്ന സീരീസിനെതിരെയും ആർ എസ് എസ് പ്രസിദ്ധീകരണം രംഗത്തെത്തിയിരുന്നു. “ഈ സീരീസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു വനിത തന്റെ പുരുഷ സഹപ്രവർത്തകനോട് ആംഡ് ഫോഴ്‌സസ് സ്പെഷ്യൽ പവേഴ്സ് ആക്റ്റ് (അഫ്‌സ്പ) പോലുള്ള നടപടികളിലൂടെയും ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചും ഇന്ത്യൻ ഭരണകൂടം കശ്മീരി ജനതയെ അടിച്ചമർത്തുകയാണ് എന്ന് പറയുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ സംഭാഷണത്താൽ സ്വാധീനിക്കപ്പെട്ട പുരുഷ സഹപ്രവർത്തകനോട് സ്ത്രീ കഥാപാത്രം ഇന്ത്യൻ ഭരണ സംവിധാനവും തീവ്രവാദികളും തമ്മിൽ ഏതെങ്കിലും വ്യത്യാസമുണ്ടോ എന്ന് വരെ ചോദിക്കുന്നു”, ‘പാഞ്ചജന്യയിലെ ലേഖനത്തിൽ പരാമർശിക്കുന്നു.

2002-ലെ ഗുജറാത്ത് കലാപത്തെ തുടർന്നാണ് തീവ്രവാദം സംബന്ധിച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നാണ് സീരീസ് കാണിച്ചു തരുന്നത്. തീവ്രവാദത്തിലേക്ക് ആകൃഷ്ടനായ ഒരു കഥാപാത്രത്തിന് ഗുജറാത്ത് കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതായും സൂചിപ്പിക്കുന്നു. എന്നാൽ, ഈ കലാപത്തിൽ 300-ലധികം ഹിന്ദുക്കളും മരണമടഞ്ഞിട്ടുണ്ട് എന്നും അതുമൂലം ആരും തീവ്രവാദി ആകാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular