Thursday, March 28, 2024
HomeKeralaമണ്ണാർക്കാട് തീപിടുത്തം: ഹോട്ടലിലെ താമസക്കാരെക്കുറിച്ച് വിവരങ്ങൾ കിട്ടാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു

മണ്ണാർക്കാട് തീപിടുത്തം: ഹോട്ടലിലെ താമസക്കാരെക്കുറിച്ച് വിവരങ്ങൾ കിട്ടാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു

മരിച്ചത് മലപ്പുറം, പട്ടാമ്പി സ്വദേശികൾ

മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചത്, ഹോട്ടലിലെ താമസക്കാരെക്കുറിച്ച് കൃത്യമായ വിവരം നൽകാത്തത് മൂലമെന്നാരോപണം. അപകടം ഉണ്ടായപ്പോൾ രണ്ടു പേർ മാത്രമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ജീവനക്കാർ അറിയിച്ചതെന്ന് ഫയർഫോഴ്സ് വ്യക്തമാക്കുന്നു. ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തിയ ശേഷം തീയണച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നാമത്തെ നിലയിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ തന്നെ ഹോട്ടലിൽ താമസിച്ചിരുന്ന മുഴുവൻ ആളുകളെക്കുറിച്ചും വിവരങ്ങൾ കിട്ടാതെ വന്നതാണ് രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ വന്നതെന്ന് ഫയർഫോഴ്സ് ജീവനക്കാർ പറയുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാലുനില കെട്ടിടത്തിൻ്റെ താഴത്തേ നിലയിൽ നിന്നും തീ പടർന്നത്. ഹിൽവ്യു ടവറിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ നിന്നുമാണ് തീ പടർന്നത്. ഹോട്ടൽ പൂർണ്ണമായും കത്തി. റിസപ്ഷൻ ഭാഗത്തേയ്ക്കും തീ പടർന്നു. മുകളിലെ നിലകളിലേക്ക് തീ ആളി തുടങ്ങിയെങ്കിലും ഫയർഫോഴ്സ് എത്തി തീ അണച്ചു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻ്റെ മൂന്നാമത്തെ നിലയിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാർ അപകടമുണ്ടായപ്പോൾ രണ്ടു പേർ മാത്രമാണ് താമസക്കാരായി ഉള്ളതെന്നാണ് പറഞ്ഞിരുന്നത്. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയിരുന്നു. മറ്റു രണ്ടുപേരുടെ വിവരങ്ങൾ അറിയ്ക്കാത്തതിനാൽ തീയണച്ച ശേഷമാണ് പരിശോധന നടത്തിയത്. തീപിടുത്തംമൂലം മുകളിലേക്ക് പുക പടർന്ന് ശ്വാസം മുട്ടിയാകും രണ്ടു പേർ മരിച്ചതെന്നാണ് നിഗമനം.

ഹിൽവ്യൂ ടവറിൻ്റെ അടിഭാഗമാണ് അഗ്നിക്കിരയായത്. വട്ടമ്പലം, പെരിന്തൽമണ്ണ, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫയർഫോഴ്സ് എത്താൻ ഒരുമണിക്കൂറോളം വൈകിയത് കൂടുതൽ നാശനഷ്ടത്തിന് ഇടയാക്കിയെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular