Friday, April 19, 2024
HomeIndiaഉത്സവ ലഹരി മറന്ന് രണ്ടു മുഖ്യമന്ത്രിമാർ

ഉത്സവ ലഹരി മറന്ന് രണ്ടു മുഖ്യമന്ത്രിമാർ

നാളെ ഹോളിയാണ്. നിറങ്ങളുടെ മഹോത്സവം. മാർച്ച് 10 നു വോട്ടെണ്ണിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു, ബി ജെ പിക്ക് ഉത്സവം നേരത്തെ എത്തിയെന്ന്. എന്നാൽ അടങ്ങാത്ത ചങ്കിടിപ്പിൽ ഉത്സവ ലഹരി മറന്നു പോയ രണ്ടു മുഖ്യമന്ത്രിമാരെങ്കിലും പാർട്ടിക്കുണ്ട്. ഒന്ന്, തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയപ്പോഴും സ്വന്തം സീറ്റ് നഷ്‌ടമായ ഉത്തരാഖണ്ഡിലെ പുഷ്‌കർ സിംഗ് ധാമി. രണ്ട്, പാർട്ടിക്ക് സ്വന്തമായി ഭൂരിപക്ഷം കിട്ടാതെ വന്ന ഗോവയിലെ പ്രമോദ് സാവന്ത് (ചിത്രം).

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ കസേരയ്ക്കു ഭീഷണി ഇല്ല. മണിപ്പൂരിൽ മാധ്യമ പ്രവർത്തകനായിരുന്ന മുഖ്യമന്ത്രി ബീരേൻ സിംഗ് തുടരുമെന്നും ഉറപ്പായി. എന്നാൽ ഗോവയിലും ഉത്തരാഖണ്ഡിലും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും “ഹോളി കഴിയട്ടെ” എന്നാണ് ഇപ്പോൾ പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ഗോവയിൽ 40-അംഗ നിയമസഭയിൽ സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്ത ബി ജെ പി ക്കു ഭരിക്കാൻ എം ജി പി എന്ന പ്രാദേശിക കക്ഷിയുടെ സഹായം വേണം. ബി ജെ പി പിടിച്ചത് 20 സീറ്റാണ് — കേവല ഭൂരിപക്ഷത്തിനു ഒന്ന് കുറവ്. എം ജി പിക്ക് രണ്ടു സീറ്റുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് എം ജി പിയെ ഇറക്കി വിട്ട മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇപ്പോൾ അവരുടെ സഹായം വേണം. പക്ഷെ അതിനു അവർ കട്ടിയായ ഉപാധികൾ വയ്ക്കുന്നു. അതിൽ ഒന്ന് മുഖ്യമന്ത്രി സ്ഥാനം വേണം എന്നതു തന്നെ.

മൂന്ന് സ്വതന്ത്രരും പിന്തുണ നൽകും എന്ന ഉറപ്പിലാണ് സാവന്ത് കേന്ദ്ര നേതൃത്വത്തെ കണ്ടു സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടിയത്. പക്ഷെ അദ്ദേഹത്തെ തീരുമാനിച്ച മോദി പോലും ഇപ്പോൾ മൗനത്തിലാണ്. ഗവർണർ പി എസ് ശ്രീധരൻ പിള്ള 39 എം എൽ എ മാരെ സത്യപ്രതിജ്ഞ ചെയ്യിച്ചു നിയമസഭയൊക്കെ ഉഷാറാക്കി വച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ആരെന്നു അദ്ദേഹത്തിനു പോലും ഉറപ്പില്ല. പാർട്ടി സർക്കാരുണ്ടാക്കാൻ അനുമതി തേടിയിട്ടുമില്ല.
എം ജി പിയെ അനുനയിപ്പിക്കാൻ മോദി കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമറെയും എൽ മുരുഗനെയും നിയോഗിച്ചിട്ടുണ്ട്. അവർ പക്ഷെ ഹോളി കഴിഞ്ഞേ പനാജിയിൽ എത്തൂ.
മനോഹർ പരീക്കറുടെ നിര്യാണത്തെ തുടർന്ന് 2019 ൽ മുഖ്യമന്ത്രി ആയ സാവന്ത് എം ജി പിയുടെ രണ്ടു മന്ത്രിമാരെ പുറത്താക്കി അവരുടെ രോഷം വിളിച്ചു വരുത്തിയിരുന്നു. ആ പാപത്തിന്റെ കൂലിയാണ് എം ജി പി ചോദിക്കുന്നത്.
എം ജി പി അടുക്കുന്നില്ലെങ്കിൽ ബദൽ നീക്കങ്ങൾ വേണം. 2017 ൽ 14 കോൺഗ്രസ് എം എൽ എ മാരെ അടിച്ചു മാറ്റിയ ബി ജെ പിക്ക് അത്തരം കളികൾ നിസാരമാണ്. അന്ന് 27 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 11 മാത്രം. ആം ആദ്‌മി പാർട്ടിയുടെ രണ്ടു എം എൽ എ മാരെ കണ്ണ് വച്ചിട്ട് കാര്യമില്ലെന്നു ബി ജെ പിക്കറിയാം. ജി എഫ് പി എന്ന കക്ഷിക്ക്‌ ഒരു എം എൽ എ ഉണ്ട്. സ്വതന്ത്രർ മൂന്നും. അവരെ കൂടെ നിർത്താൻ കഴിഞ്ഞാൽ പ്രശ്‌നമൊന്നും ഇല്ല. അങ്ങിനെ നോക്കുമ്പോൾ ഭൂരിപക്ഷം ഉണ്ടാക്കാൻ പല വഴികളുണ്ട്.
സാവന്ത് ചൊവാഴ്ച ഡൽഹിയിൽ ചെന്ന് മോദിയെയും അമിത് ഷായെയും കണ്ടിരുന്നു. മോദി പിന്നീട് ട്വീറ്റ്  ചെയ്‌തു: ‘പ്രമോദ് സാവന്തിനയെയും ടീമിനെയും കണ്ടു, ഗോവൻ ജനതയോട് നന്ദി അറിയിക്കുന്നു, വരാനിരിക്കുന്ന നാളുകളിൽ നമ്മൾ ഒന്നിച്ചു ഗോവയുടെ പുരോഗതിക്കു പ്രവർത്തിക്കും.’

അത് തനിക്കു കിട്ടിയ അംഗീകാരമായി ഉയർത്തിപ്പിടിക്കാൻ ശ്രമം നടത്തി സാവന്ത്.
ഉത്തരാഖണ്ഡിൽ സ്ഥിതി മറിച്ചാണ്. ധാമി തുടരണം എന്നാണ് പാർട്ടിയിലെ നിരവധി നേതാക്കൾ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അദ്ദേഹത്തിന് പാർട്ടിയിൽ മേൽകൈയുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് അവിടേക്കു നിരീക്ഷകനായി പോവുക.  ബുധനാഴ്ച്ച ഡൽഹിയിൽ അമിത് ഷായെ ധാമി കണ്ടിരുന്നു.

ബീരേൻ വീരൻ

മണിപ്പൂരിൽ 60 അംഗ സഭയിലെ 32 സീറ്റ് ബി ജെ പി  നേടിയതിനാലും ആദ്യമായി പാർട്ടിക്കു സ്വന്തം ഭൂരിപക്ഷം കിട്ടിയതിനാലും ബീരേൻ  സിംഗിനു വലിയ ഭീഷണിയില്ല. അദ്ദേഹത്തിന്റെ കാര്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു എന്ന സൂചനയാണ് ഡൽഹിയിൽ ലഭ്യമാവുന്നത്. സിംഗ് ബുധനാഴ്ച മോദിയെയും അമിത് ഷായെയും കണ്ടിരുന്നു. മന്ത്രിമാരായ നിർമല സീതാരാമനും കിരൺ ഋജുവും ഹോളി കഴിഞ്ഞു മണിപ്പൂരിൽ എത്തി സിങിന്റെ പേരു പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മന്ത്രിസഭയിൽ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്ന എൻ പി പി ക്കു അതു നടക്കില്ലെന്ന സൂചന ലഭിച്ചതായി റിപോർട്ടുണ്ട്. എന്നാൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ പാർട്ടി കൂട്ടിനിരിക്കട്ടെ എന്ന സമീപനമാണ് ബീരേൻ  സിങ്ങിനുള്ളത്. കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിൽ മണിപ്പൂരിൽ എന്നും ബന്ദും അക്രമവും പതിവായിരുന്നെങ്കിൽ അതിനൊരു അന്ത്യം കണ്ടത് സിംഗിന്റെ കാലത്താണ്. ഏഴു സീറ്റുള്ള പ്രാദേശിക കക്ഷിയെ കൂടെ നിർത്തിയാൽ സമാധാനത്തിനു ഒരു കൈത്താങ്ങു കിട്ടുമെന്നാണ് പ്രതീക്ഷ. അവർ ബി ജെ പി നയിക്കുന്ന എൻ ഇ ഡി എ സഖ്യത്തിൽ ഉണ്ടു താനും.
നാഗ പീപ്പിൾസ് ഫ്രണ്ട് മന്ത്രിസഭയിൽ ഉണ്ടാവുമെന്ന് സിംഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular