Friday, April 26, 2024
HomeKeralaകോണ്‍ഗ്രസില്‍ കലാപം ; ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കോണ്‍ഗ്രസില്‍ കലാപം ; ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കേരളത്തിലെ ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്ത് വന്നതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന അസ്വസ്ഥത പുതിയ തലത്തിലേയ്ക്ക്.കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലയും പരസ്യമായി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഒരേ സമയമാണ് ഇരുവരും രണ്ടിടങ്ങളിലായി മാധ്യമങ്ങളെ കണ്ടത്. ഹൈക്കമാന്‍ഡ് പുറത്തുവിട്ട ഡിസിസി പ്രസിഡന്റ് പട്ടിക അംഗീകരിക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞെങ്കിലും അംഗീകരിക്കുന്നു എന്നോ എല്ലാവരും അംഗീകരിക്കണമെന്നോ ഉമ്മന്‍ ചാണ്ടി പറഞ്ഞില്ല.  കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതെന്ന് ഇരുവരും ഓരേ സ്വരത്തില്‍ പറഞ്ഞു.
കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും ചര്‍ച്ചകള്‍ നടത്തി എന്നു വരുത്തി തീര്‍ക്കുകയായിരുന്നു വെന്നും നടക്കാത്ത ചര്‍ച്ചകള്‍ നടന്നു എന്നു പറഞ്ഞുവെന്നും ഇരുവരും കുറ്റപ്പെടുത്തി.
ശിവദാസന്‍ നായര്‍ക്കും അനില്‍ കുമാറിനുമെതിരെയെടുത്ത നടപടിയിലും ഉമ്മന്‍ ചാണ്ടി അതൃപ്തി രേഖപ്പെടുത്തി. വിശദീകരണം ചോദിച്ചശേഷം നടപടിയെന്നതാണ് ജനാധിപത്യ രീതിയെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഗ്രൂപ്പില്ലാത്തതെന്നും എല്ലാവരും ഗ്രൂപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചെന്ന് ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു വിഷയത്തില്‍ ഒരേ രീതിയില്‍ ശക്തമായ അതൃപ്തി അറിയിക്കുന്ന സംഭവം ഈ അടുത്ത കാലത്ത് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ഇത് ശക്തമായി കലാപത്തിലേയ്ക്കുള്ള സൂചന കൂടിയാണ്.  നടപടിയെടുത്തതില്‍ സാമാന്യമര്യാദ പാലിച്ചില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ് പറഞ്ഞു.  ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും അപമാനിക്കാനുള്ള ശ്രമം മനപൂര്‍വ്വം നടത്തിയെന്ന് ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. നടപടിയെടുത്ത രീതിയേയും വാഴയ്ക്കന്‍ വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി രംഗത്ത് വന്നതോടെ കൂടുതല്‍ വിമത സ്വരങ്ങളും ഒപ്പം സുധാകരന്റേയും മറുപടികളും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular