Friday, April 19, 2024
HomeKerala'പാർട്ടിയിൽ അച്ചടക്കം വേണം, ചർച്ച നടന്നില്ലെന്നത് അസത്യം', ഉമ്മൻചാണ്ടിയെ തള്ളി സുധാകരൻ

‘പാർട്ടിയിൽ അച്ചടക്കം വേണം, ചർച്ച നടന്നില്ലെന്നത് അസത്യം’, ഉമ്മൻചാണ്ടിയെ തള്ളി സുധാകരൻ

2 തവണ ചർച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി നൽകിയ പേരുകളുളള ഡയറി ഉയർത്തിക്കാട്ടി സുധാകരൻ പറഞ്ഞു.

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾ താരതമ്യേനെ കുറവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിൽ മനോ വിഷമമുണ്ട്. രണ്ട് തവണ ചർച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി നൽകിയ പേരുകളുളള ഡയറി ഉയർത്തിക്കാട്ടി സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടി പുനസംഘടന പല തവണ നടന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ ആളുകൾ മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ  പരിഗണിക്കപ്പെട്ടത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രം ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചർച്ച ചെയ്യാൻ ഇവർ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവർ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. വർക്കിംഗ് പ്രസിഡൻ്റായിരുന്ന തന്നോട് ഒരിക്കൽ പോലും ചർച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റിൽ ഉമ്മൻ ചാണ്ടിയുമായി 2 തവണ ചർച്ച നടത്തിയിരുന്നെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഉമ്മൻ ചാണ്ടി പേരുകൾ നൽകിയിരുന്നു. പാർട്ടിക്ക് നൽകിയ പേരുകൾ ഉമ്മൻ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മൻ ചാണ്ടി തന്നെ പരിശോധിക്കണം. രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടൺ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണ്. പക്ഷേ ചർച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണ്. തങ്ങൾ കാട്ടിയ അന്തസുള്ള സമീപനത്തോട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ച രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു.

ഡിസിസി അധ്യക്ഷപ്പട്ടികയ്ക്കെതിരെ ചാനൽ ചർച്ചയിൽ രൂക്ഷ വിമർശനം ഉന്നയിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതിനോട് പ്രതികരിച്ച സുധാകരൻ തീരുമാനത്തിൽ ഉറച്ചുനിന്നു. വിശദീകരണം ചോദിക്കേണ്ടത് വ്യക്തതയില്ലാത്ത കാര്യങ്ങൾക്കാണെന്നും ചാനലിൽ സംസാരിച്ച എല്ലാവരും കണ്ടതും അറിഞ്ഞതുമായ കാര്യത്തിന് അത്തരത്തിലുള്ള വിശദീകരണം ചോദിക്കേണ്ട  ആവശ്യമില്ലെന്നുമായിരുന്നു നേതാക്കൾക്കെതിരായ നടപടിയിൽ സുധാകരന്റെ പ്രതികരണം. കോഴിക്കോട് ഡി സി സി പ്രസിഡൻ്റാകാൻ അനിൽ കുമാർ താൽപര്യം അറിയിച്ചിരുന്നു. പ്രതിഷേധത്തെ ആ രീതിയിൽ കണ്ടാൽ മതിയെന്നും സുധാകരൻ വിമർശിച്ചു.

അച്ചടക്ക നടപടി കാണിച്ച് ഭീഷണിപ്പെടുത്തി മുന്നോട്ട് പോകാൻ നേതൃത്വത്തിന് താൽപ്പര്യമില്ല. കോൺഗ്രസ് എന്ന പാർട്ടി മുന്നോട്ട് പോകാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. രമേശ് പാർട്ടി വിരുദ്ധമായ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടേത് അഭിപ്രായപ്രകടനമാണെന്നുമായിരുന്നു  മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular