Thursday, March 28, 2024
HomeEditorialസ്നേഹ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്ന ഫെയറി ടെയിലുമായി സിറിൽ മുകളേൽ: അഭിമുഖം

സ്നേഹ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്ന ഫെയറി ടെയിലുമായി സിറിൽ മുകളേൽ: അഭിമുഖം

ചോദ്യം: താങ്കളുടെ ആദ്യ നോവലായ ലൈഫ് ഇൻ എ ഫെയ്‌സ്‌ലെസ് വേൾഡിനെക്കുറിച്ച് (Life in a Faceless World) ഇ-മലയാളി 2019-ൽ താങ്കളോട് സംസാരിച്ചിരുന്നു.  ഏറ്റവും പുതിയ പുസ്തകമായ ഫ്ലവർ പ്രിൻസസ് ആൻഡ് ദി മാൻ വിത്ത് മാജിക് റീഡിനെക്കുറിച്ച്(Flower Princess and the Man with Magic Reeed.) ഒന്ന് ചുരുക്കി പറയാമോ?

നമ്മുടെ സന്തോഷം, ജീവിതത്തിലെ നമ്മുടെ ബന്ധങ്ങളെ എത്രത്തോളം പരിപോഷിപ്പിക്കുന്നു എന്നതുമായും ബന്ധപ്പെട്ട് കിടക്കും എന്നാണ്  ഞാൻ വിശ്വസിക്കുന്നത്. കുറച്ച് കാലം മുൻപ്  എന്റെ ഒരു സഹപ്രവർത്തകയുമായി സംസാരിക്കുന്നതിനിടയിൽ,  അവരുടെ മകന്റെ വിവാഹമോചനത്തെപ്പറ്റി എന്നോട് പറയുകയുണ്ടായി. അവർക്ക്  വലിയ ഷോക്ക് ആയിരുന്നു എന്ന് എന്നോട് പറയുകയുണ്ടായി. അയാൾ ഒട്ടും റൊമാന്റിക് ആയിരുന്നില്ല എന്നതായിരുന്നു അയാളുടെ ഭാര്യയുടെ പരാതി. തന്റെ സ്നേഹം ഭാര്യയോട് തുറന്ന് പ്രകടിപ്പിക്കുന്നതിൽ അയാൾ പരാജയപ്പെട്ടു. ഈ സംഭാഷണം ഒരുപാട് കാലം എന്റെ മനസ്സിൽ കിടന്നു. നമ്മളിൽ പലർക്കും നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നകാര്യം പിന്നീട് എനിക്ക് തോന്നി, പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തിൽ. എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന വളരെ ലളിതമായ ഒരു പ്രശ്നമാണ് ഇതെന്ന് തോന്നിയേക്കാം. പക്ഷെ, ബന്ധങ്ങളുടെ കാര്യത്തിലെ മനഃശാസ്ത്രം വളരെ സങ്കീർണ്ണമാണ്. മാത്രമല്ല, ജീവിതത്തിൽ നിത്യേനയുണ്ടാകുന്ന സമ്മർദ്ദങ്ങളും അസ്വസ്ഥതകളും, ദീർഘകാലം നിലനിൽക്കേണ്ടുന്ന നമ്മുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മൃദുല വികാരങ്ങളും പ്രണയവുമൊക്കെ മറന്നുപോകാനുള്ള കാരണങ്ങളാകാം. നമ്മുടെ പങ്കാളിയെ നമ്മൾ എത്രമാത്രം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്ന് പറയാൻ പലപ്പോഴും നമ്മൾ മറന്നുപോകുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമല്ല, ജീവിതകാലം മുഴുവൻ താലോലിക്കാൻ കഴിയുന്ന നിരവധി ഓർമ്മകൾ സമ്മാനിക്കുകയും ചെയ്യും.

അതുകൊണ്ട്തന്നെ, ആളുകൾക്ക് അവരുടെ വികാരങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗം എന്ന  രീതിയിലാണ് ഫ്ലവർ പ്രിൻസസ് ആൻഡ് ദി മാൻ വിത്ത് മാജിക് റീഡ്(Flower Princess and the Man with Magic Reed) എഴുതിയിരിക്കുന്നത്. കാവ്യാത്മകമായ വികാരങ്ങളും ചിത്രങ്ങളും നിറഞ്ഞ ഒരു റൊമാന്റിക് ഫെയറി ടെയിൽ ആണ് ഈ പുസ്തകം. തന്റെ സ്വാപ്നത്തിൽ വന്ന പുഷ്പങ്ങളുടെ രാജകുമാരിയെ തിരയുന്ന മാന്ത്രിക മുളംതണ്ടുകൊണ്ട് സംഗീതം ഉതിർക്കുന്ന ഒരാളുടെ കഥയാണിത്. ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ള ഒരു പ്രണയകഥ. വിശേഷാവസരങ്ങളിൽ, ഏതൊരാൾക്കും തന്റെ പങ്കാളിക്ക് നൽകാൻ കഴിയുന്ന അനുയോജ്യമായ ഒരു സമ്മാനമായാണ് ഈ രചനയെ ഞാൻ കാണുന്നത്. കഥക്ക് കൂടുതൽ മിഴിവ് നൽകുന്നതിനായി ഉയർന്ന നിലവാരമുള്ള ഒറിജിനൽ പെയിന്റിംഗുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനകാർക് പ്രണയാദ്രമായ ചിത്രങ്ങളും സന്ദേശങ്ങളും പേജുകളിൽ ഉൾപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ചോദ്യം: ഒരു ഫെയറി ടെയിൽ എഴുതാൻ താങ്കളെ പ്രേരിപ്പിച്ച കാര്യം എന്താണ്? മറ്റ് റൊമാന്റിക് കഥകളും ഫെയറി ടെയിലുകളും താങ്കളുടെ എഴുത്തിന് പ്രചോദനമായത് എങ്ങനെയാണ്?

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഒരു ചെറുപ്പകാലം ഒളിഞ്ഞിരിക്കുന്നു. ഒരുപക്ഷെ അതായിരിക്കും ഫെയറി ടെയിലുകൾ വീണ്ടും വീണ്ടും കണ്ടാലും കേട്ടാലും ഒരിക്കലും നമുക്ക് മടുപ്പു  വരാത്തതിന്റെ കാരണം. ഫെയറി ടെയിലുകൾ നമുക്ക് സന്തോഷം നൽകുന്നു. നിത്യജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളും ധർമ്മസങ്കടങ്ങളും ഇല്ലാത്ത ഒരു ലോകത്തേക്കും കാലത്തേക്കും അവ നമ്മളെ കൂട്ടികൊണ്ടു പോകുന്നു. നിങ്ങളും നിങ്ങളുടെ പങ്കാളിയും കേന്ദ്ര കഥാപാത്രങ്ങളായി മാറുന്ന ഒരു ഫെയറി ടെയിൽ, നിങ്ങളുടെ പങ്കാളിക്ക് നിങ്ങൾ തന്നെ  വായിച്ചുകൊടുക്കുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ! അതിനേക്കാൾ പ്രണയാദ്രമായി മറ്റെന്താണുള്ളത് ? അത്തരത്തിൽ, നിങ്ങൾ രണ്ടുപേരെയും സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഫെയറി ടെയിൽ ആണ് ഫ്ലവർ പ്രിൻസസ് ആന്റ് ദി മാൻ വിത്ത് മാജിക് റീഡ്  (Flower Princess and the Man with Magic Reed).

ചോദ്യം: ഈ പുസ്‌തകത്തിന്റെ ചിത്രകാരൻ ഓസ്‌ഗുർ ഉഗൂസിനെ കുറിച്ച് പറയാമോ? ഇതിലെ ചിത്രങ്ങള്‍ കഥയുമായി എങ്ങനെ ബന്ധിപ്പെട്ടിരിക്കുന്നു?

ഈ പുസ്തകത്തിന്റെ പല കാര്യങ്ങളിലുമുള്ള വ്യത്യസ്തത അതിന്റെ ചിത്രങ്ങളിലും പ്രതിഫലിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പടിഞ്ഞാറിന്റെ ചാരുതയിലും വിസ്മയത്തിലും പൊതിഞ്ഞ, കിഴക്കിന്റെ സൗന്ദര്യവും ശാന്തതയും ചിത്രീകരിക്കുന്ന ഒരു ശൈലിയായിരുന്നു എനിക്ക് വേണ്ടത്. തനതായ ഒരു ശൈലിയിൽ  ചിത്രീകരിക്കാൻ കഴിവുള്ള ഒരു അനുഗ്രഹീത ടർക്കിഷ് കലാകാരനാണ് ഓസ്‌ഗുർ ഉഗൂസ്. ജീവൻ തുടിക്കുന്ന തന്റെ സൃഷ്ടികളിലൂടെ ദേജാവുവിന്റെ വികാരങ്ങൾ അദ്ദേഹം ഈ പുസ്തകത്തിന്റെ വായനക്കാരിലേക്കെത്തിക്കുന്നു.

ചോദ്യം: ഇതിനെല്ലാമുള്ള പ്രചോദനം താങ്കൾക്ക് ലഭിക്കുന്നത് എവിടെ നിന്നാണ്?

സാധാരണക്കാരുടെ ജീവിതമൂല്യങ്ങളും സ്വപ്നങ്ങളുമാണ് എന്റെ രചനകളെ സ്വാധീനിച്ചിട്ടുള്ളത്. നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന വെല്ലുവിളികളിൽ നിന്നാണ് എന്റെ മിക്ക ആശയങ്ങളും ഉടലെടുക്കുന്നത്. ചുറ്റും കാണുന്ന നല്ലതും അല്ലാത്തതുമായ കാര്യങ്ങൾ,  എന്റെ സൃഷ്ടികളുടെ ആശയങ്ങളായി മാറിയിട്ടുണ്ട്. എന്റെ രചനകൾ പ്രശ്നനങ്ങളെ വിശകലനം ചെയ്യുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും എന്റെ എഞ്ചിനീയറിംഗ് പശ്ചാത്തലവും എന്നെ സഹായിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലെ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് ഈ പുസ്തകം. ലൈഫ് ഇൻ എ ഫെയ്‌സ്‌ലെസ് വേൾഡ് (Life in a Faceless World) എന്ന ആദ്യ പുസ്തകത്തിന് പ്രേരണയായത് യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ തന്നെയാണ്. കുടിയേറ്റക്കാരുടെ നാട്ടിൽ സ്വന്തം അസ്തിത്വം  തിരയുന്ന ഇന്ത്യക്കാരിയായ ഒരു  അജ്ഞാതകുടിയേറ്റക്കാരിയിലൂടെ കഥ പറയുന്നു. നമ്മൾ സൃഷ്ടിച്ചെടുത്ത ആഗോള സമൂഹത്തിന്റെ ആത്മാവിനുള്ളിൽനിന്നുകൊണ്ട്  നമുക്കിടയിലുള്ള ബന്ധങ്ങളെക്കുറിച്ച് അത് സംസാരിക്കുന്നു.

ചോദ്യം: ഇനി അടുത്തത് എന്താണ്? താങ്കളുടെ മറ്റേതെങ്കിലും കഥകളുടെ വർക്കുകൾ നടക്കുന്നുണ്ടോ ?

കുട്ടികളൾക്കുവേണ്ടിയുള്ള  ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഞാൻ. ഏതൊരു  കുട്ടിയും ആദ്യമായി വായിക്കേണ്ട ഒരു പുസ്തകം ആയിരിക്കണം ഇതെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അടുത്ത തലമുറക്ക് മനോഹരമായ ഒരു നാളെക്ക് അടിത്തറ പാകുന്ന ഒരു രചന. വിവിധ സംസ്‌കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണ വളർത്താനും, വിവിധ ചേരികൾക്കിടയിൽ സൗഹൃദം സുഗമമാക്കാനും അതുവഴി നമ്മളെ ഭിന്നിപ്പിക്കുന്ന വേലികൾ നീക്കം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് എഴുത്തിലൂടെ ഞാൻ പൊതുവെ ശ്രമിക്കുന്നത് . വർണ വിവേചനത്തിന്റെയും സ്വജന-പക്ഷഭേതത്തിന്റെയും ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ കുട്ടികളെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് അവരിൽ നിന്ന് വ്യത്യസ്തരായവരുടെ കണ്ണിലൂടെ കാണാൻ പഠിപ്പിച്ചാൽ,  പരസ്പരം അംഗീകരിക്കുന്ന ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ കഴിയും.

ചോദ്യം: സമൂഹത്തിലെ മറ്റ് എഴുത്തുകാർക്കുള്ള താങ്കളുടെ ഉപദേശം എന്താണ്?

എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക, ഒരിക്കലും നിറുത്തരുത്. വിജയം നമ്മെ  പിന്തുടരും. അഭിനിവേശവും സ്ഥിരോത്സാഹവും ആവശ്യമുള്ള ഒരു മാരത്തോണാണ് ഒരു എഴുത്തുകാരന്റെ ജീവിതം. നമ്മൾ എല്ലാവരും വ്യത്യസ്തരാണ്. ജീവിതവഴിയിൽ നിന്ന് ലഭിച്ച അതുല്യമായ ധാരാളം അനുഭവങ്ങൾ നമുക്കെല്ലാവർക്കുമുണ്ട്. പ്രചോദനാത്മകമായ ആ കഥകൾ ലോകത്തോട് പറയേണ്ട ആവശ്യകത വളരെ വലുതാണ്. പലപ്പോഴും  ക്ഷമ നമുക്ക് ഇല്ല എന്നുമാത്രം.  ഇന്നത്തെ പ്രശസ്തരായ എഴുത്തുകാർ കടന്നുവന്ന വഴികളെപ്പറ്റി ഓർത്തുനോക്കൂ. പ്രശസ്തരാകുന്നതിന് മുൻപ്, നമ്മളിൽ പലരും ഇപ്പോൾ ഉള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നു അവരും ഉണ്ടായിരുന്നത്. പരാജയങ്ങളിലൂടെയാണ് മിക്കവരും വിജയം കണ്ടെത്തിയത്. അവർ ഒരിക്കലും വിട്ടുകൊടുത്തില്ല. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ, സ്റ്റീഫൻ കിംഗിന്റെ ആദ്യ നോവൽ കെയറി (Carrie) 30 തവണ പ്രസാദകർ നിരസിച്ചു. ഡോ. സ്യൂസിന്റെ കൈയെഴുത്തുപ്രതി 28 തവണ നിരസിക്കപ്പെട്ടതായിരുന്നു. ജെ.കെ. റൗളിംഗിന്റെ ആദ്യ കൈയെഴുത്തുപ്രതി 12 പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നിരസിച്ച ശേഷമാണ് വെളിച്ചം കണ്ടത്. ഹെർമൻ മെൽവില്ലെയും ഏണസ്റ്റ് ഹെമിംഗ്‌വേയെയും അവരുടെ ആദ്യകാലങ്ങളിൽ പ്രസാധകർ നിരസിക്കുകയും പരിഹസിക്കുകയും ചെയ്യപ്പെട്ടവരാണ്. ഇങ്ങനെ തിരസ്കരിക്കപ്പെട്ടപ്പോൾ ഈ മഹാരഥന്മാർ സാഹിത്യ രചന  ഉപേക്ഷിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു? അതുകൊണ്ട്  എഴുതൂ! നിറുത്താതെ എഴുതിക്കൊണ്ടിരിക്കൂ!

കഴിഞ്ഞ 20 വർഷത്തോളമായി മിനസോട്ടയിൽ താമസിക്കുന്ന സിറിൽ മുകളേൽ ജനിച്ചതും വളർന്നതും കേരളത്തിലാണ്. സാധാരണക്കാരുടെ ജീവിതമൂല്യങ്ങളും സ്വപ്നങ്ങളുമാണ് അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നത്. പുതിയതായി വരുന്ന കഴിവുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പോട്ടേഴ്‌സ് വീൽ പബ്ലിഷിംഗ് ഹൗസിന്റെ (Potter’s Wheel Publishing House) സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular