Connect with us
Malayali Express

Malayali Express

പിണറായി സര്‍ക്കാരില്‍ ആരെല്ലാം? 13 മന്ത്രിമാര്‍ സിപിഎമ്മിന്: സിപിഐ പുതുമുഖങ്ങള്‍; പുതുമുഖങ്ങളുമായി സര്‍ക്കാര്‍

KERALA

പിണറായി സര്‍ക്കാരില്‍ ആരെല്ലാം? 13 മന്ത്രിമാര്‍ സിപിഎമ്മിന്: സിപിഐ പുതുമുഖങ്ങള്‍; പുതുമുഖങ്ങളുമായി സര്‍ക്കാര്‍

Published

on

മാത്യു ജോണ്‍

പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ആരെല്ലാം. ഏതായാലും പുതുമുഖങ്ങളായിരിക്കും മന്ത്രിമാര്‍. സിപിഐയില്‍ എല്ലാം പുതുമുഖങ്ങള്‍ തന്നെയാണ്.രണ്ട് എംഎല്‍എമാരില്‍ അധികമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ചെറു കക്ഷികളുടെ അംഗങ്ങള്‍ക്ക് എംഎല്‍എമാരായി സഭയില്‍ ഇരിക്കേണ്ടി വരും. ഇതില്‍ കെബി ഗണേശ് കുമാറിനേയും കോവൂര്‍ കുഞ്ഞുമോനും മന്ത്രി പദം കിട്ടാനും സാധ്യതയുണ്ട്. കണ്ണൂരില്‍ ജയിച്ചു കയറിയ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യത. ഇതെല്ലാം തീരുമാനിക്കുക പിണറായി വിജയന്‍ മാത്രമാകും. എല്ലാം വേഗത്തില്‍ തീരുമാനിച്ച് സത്യപ്രതിജ്ഞ എത്രയും വേഗം നടത്താനാണ് പിണറായിയുടെ തീരുമാനം.

മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടേറിയറ്റും നിയമസഭാ കക്ഷി യോഗവും ഔദ്യോഗികമായി തീരുമാനിച്ചാല്‍ ഉടന്‍ പിണറായി മന്ത്രിമാരെ നിശ്ചയിക്കും. വിജയിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിസഭയിലുണ്ടാകും. കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി വച്ച് ശൈലജയ്ക്കാകും മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകാനാണു സാധ്യത. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എംഎം മണി സ്വയം മാറി നില്‍ക്കാനും സാധ്യതയുണ്ട്.

നിലവിലെ മന്ത്രിമാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍ എന്നിവരെ വീണ്ടും പരിഗണിച്ചേക്കും. മണി അല്ലെങ്കില്‍ മൊയ്ദീന്‍ എന്ന ഫോര്‍മുലയും ചര്‍ച്ചകളിലുണ്ട്. ജയിച്ച മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ്, സി.എച്ച്. കുഞ്ഞമ്പു എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ശബരിമല വിവാദത്തില്‍പെട്ട കടകംപള്ളി ഒഴിവാക്കപ്പെട്ടാല്‍ ശിവന്‍കുട്ടി മന്ത്രിയാകും. സജി ചെറിയാന്‍, വിഎന്‍ വാസവന്‍, എംബി രാജേഷ് എന്നിവരില്‍ രണ്ട് പേര്‍ മന്ത്രിമാരാകും. ഇതില്‍ കൂടുതല്‍ സാധ്യതയുള്ളത് എംബി രാജേഷിനാണ്.

കെ.ടി. ജലീലിനെ സ്പീക്കര്‍ പദവിയിലേക്കു പരിഗണിച്ചേക്കും എന്നാണ് സൂചന. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടതിനാല്‍ വനിതകളില്‍നിന്നു വീണാ ജോര്‍ജ്, ആര്‍. ബിന്ദു, കാനത്തില്‍ ജമീല എന്നിവരിലൊരാള്‍ക്കു സാധ്യതയുണ്ട്. ഇതിനൊപ്പം വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജയിച്ച പ്രശാന്തും മന്ത്രിയാകാന്‍ സാധ്യതയുണ്ട്. അരുവിക്കരയില്‍ ശബരിനാഥിനെ അട്ടിമറിച്ച ജി സ്റ്റീഫനും നാടാര്‍ പ്രാതിനിധ്യത്തിന്റെ പേരില്‍ മന്ത്രിയായാല്‍ അത്ഭുതപ്പെടേണ്ടതില്ല. നാടാര്‍ സമുദായം വലിയ തോതിലാണ് സിപിഎമ്മിനെ ഇത്തവണ സഹായിച്ചത്. കാട്ടക്കടയിലും നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും അരുവിക്കരയിലും അത് വിജയമായി മാറി. അതുകൊണ്ട് തന്നെ സ്റ്റീഫന്‍ അപ്രതീക്ഷിതമായി മന്ത്രിയാകാന്‍ സാധ്യത ഏറെയാണ്.

നേമത്തെ വിജയിയാണ് ശിവന്‍കുട്ടി. അതുകൊണ്ട് തന്നെ ബിജെപിയെ തറപറ്റിച്ച ശിവന്‍കുട്ടിക്ക് പാര്‍ട്ടിക്കാര്‍ക്കിടയില്‍ വലിയ വികാരമുണ്ട്. ഇതും പിണറായി കണക്കിലെടുക്കും. അങ്ങനെ വന്നാല്‍ കടകംപള്ളിക്ക് മുകളില്‍ ശിവന്‍കുട്ടിക്ക് സാധ്യത കൂടും. തിരുവനന്തപുരത്ത് നിന്ന് രണ്ടാമതൊരു മന്ത്രി ചര്‍ച്ചയില്‍ എത്തിയാല്‍ പ്രശാന്തിനും സ്റ്റീഫനും സാധ്യത കൂടുകയും ചെയ്യും. തിരുവനന്തപുരത്ത് പുതിയ നേതൃത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അത്.

സിപിഐയില്‍ നിന്ന് ഇ. ചന്ദ്രശേഖരന്‍, പി. പ്രസാദ്, കെ. രാജന്‍, പി.എസ്. സുപാല്‍ അല്ലെങ്കില്‍ ജെ. ചിഞ്ചുറാണി എന്നിങ്ങനെയാണു സാധ്യത. പുതുമുഖങ്ങള്‍ മാത്രം മതിയെന്ന 2016 ലെ തീരുമാനം ആവര്‍ത്തിച്ചാല്‍ ചന്ദ്രശേഖരന്‍ പുറത്താകും. ചിറ്റയം ഗോപകുമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇ.കെ. വിജയന്‍ എന്നിവരും പരിഗണിക്കപ്പെടും. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളിലേക്ക് ഇവര്‍ക്കു സാധ്യതയുണ്ട്.

ജോസ് കെ. മാണി തോറ്റതിനാല്‍ കേരള കോണ്‍ഗ്രസില്‍നിന്ന് റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവര്‍ക്കാണ് ആദ്യ സാധ്യത. യുഡിഎഫിലെന്ന പോലെ എല്‍ഡിഎഫിലും 2 മന്ത്രിപദം വേണമെന്നാണ് അവരുടെ ആവശ്യം. എ.കെ. ശശീന്ദ്രനോ തോമസ് കെ. തോമസോ മന്ത്രി എന്നത് എന്‍സിപിയാണു തീരുമാനിക്കേണ്ടത്. കെ.കൃഷ്ണന്‍കുട്ടിയോ മാത്യു ടി. തോമസോ ദള്‍ (എസ്) മന്ത്രി എന്ന കാര്യം ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡ തീരുമാനിക്കും. ഓരോ അംഗങ്ങള്‍ വീതമുള്ള ഘടകകക്ഷികളെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കണോയെന്ന് നാളെയോ മറ്റന്നാളോ ചേരുന്ന ഇടതുമുന്നണി യോഗം നിശ്ചയിക്കും.

രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, കെ.ബി. ഗണേശ്കുമാര്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിങ്ങനെ 5 പേര്‍ ഈ ഗണത്തിലുണ്ട്. വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഏകാംഗ കക്ഷികളെ പുറത്തുനിര്‍ത്താനാണു കൂടുതല്‍ സാധ്യത. എന്നാല്‍ ഗണേശിനും കോവൂരിനും ഇളവു കൊടുത്ത് മന്ത്രിയാക്കാന്‍ സാധ്യത ഏറെയാണ്.

Continue Reading

Latest News