Connect with us
Malayali Express

Malayali Express

ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന്‍ ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല

KERALA

ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന്‍ ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല

Published

on

ജോമോന്‍ ജോര്‍ജ്

രാജ്യസഭ ഏറ്റെടുത്തതു വെറെ വഴിയില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിനും പിടിച്ചുനില്ക്കാന്‍വെറേ മാര്‍ഗമില്ല. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ പോകുകയാണെങ്കില്‍ പോകട്ടെ. അതൊരു വിഷയമാക്കാനില്ല. അത്ര ജനസ്വാധീനമുളള നേതാവായി ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടി കണക്കാക്കുന്നില്ല. നിലവിലെ സര്‍ക്കാരിന്റെ കാലത്ത് അടക്കം നിരവധി അവസരങ്ങളാണ് ചെറിയാന് പാര്‍ട്ടി നല്‍കിയതെന്ന് നേതാക്കള്‍ പറയുന്നു. മൂന്ന് തവണ നിയമസഭാ സീറ്റ് നല്‍കിയ പാര്‍ട്ടി കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം അടക്കം നല്‍കിയിട്ടുണ്ട്. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ പാര്‍ട്ടി ചാനലിലടക്കം വലിയ പ്ലാറ്റ്‌ഫോം ചെറിയാന് തുറന്നുകൊടുത്തു. ഇത് സാധാരണ പാര്‍ട്ടി നേതാവിന് കിട്ടുന്നതിനെക്കാള്‍ അപ്പുറം അവസരങ്ങളാണെന്നും ദിവസവും ഒരു ഫേസ്ബുക്ക് കുറിപ്പെഴുതി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ചെറിയാന്റെ ശൈലി കേഡര്‍ പാര്‍ട്ടിയ്ക്ക് ചേര്‍ന്ന രീതിയല്ലെന്നും അദ്ദേഹം പറയുന്നു.

ചെറിയാന്‍ ഫിലിപ്പിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഇക്കാര്യം ചെറിയാന്‍ ഫിലിപ്പിനെ നേതാക്കള്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സി പി എമ്മിന്റെ രാജ്യസഭയിലെ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അത്. എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങുന്നതാണ് രാജ്യസഭയിലെ സി പി എം ഗ്രൂപ്പ്.

ഒരു പാര്‍ട്ടിയില്‍ നിന്നും അഞ്ച് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യസഭയില്‍ ഗ്രൂപ്പായി അംഗീകരിക്കുകയുളളൂ. ഇല്ലെങ്കില്‍ മറ്റുളളവര്‍ എന്ന കൂട്ടത്തില്‍ മാത്രമായിരിക്കും ഇവരെ പരിഗണിക്കുക. പാര്‍ലമെന്റില്‍ ഏറ്റവും സജീവവും കാര്യക്ഷമവുമായ ഇടപെടലിന് ഗ്രൂപ്പ് വേണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ഗ്രൂപ്പ് ഉണ്ടായാല്‍ അതിന് ഒരു ലീഡര്‍ ഉണ്ടാവും. ഇദ്ദേഹമാണ് ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാവുക. ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടിയാണ് രാജ്യസഭയിലും സി പി എമ്മിന് തിരിച്ചടിയായത്. ഗ്രൂപ്പ് ലീഡറായിരുന്ന തമിഴ്‌നാട്ടില്‍ നിന്നുളള ടി.കെ.രംഗരാജന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ഇപ്പോള്‍ എളമരം കരീമാണ് ഗ്രൂപ്പ് ലീഡര്‍.

രംഗരാജന്‍ ഒഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ നിന്നും ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് സി പി എമ്മിന് ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലാവധി കഴിഞ്ഞ കെ കെ രാഗേഷിന് പുറമെ ത്രിപുരയില്‍ നിന്നുളള ജര്‍ണാ ദാസ് വൈദ്യയുടെ കാലാവധിയും മാസങ്ങള്‍ക്കകം അവസാനിക്കും.

നിലവിലെ അംഗബലം അനുസരിച്ച് ത്രിപുരയില്‍ നിന്നും ഒരാളെ സഭയില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തുടര്‍ഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയില്‍ തങ്ങളുടെ ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സി പി എം തന്നെ എടുക്കാന്‍ തീരുമാനിച്ചത്.

രാജ്യസഭയിലെ സി പി എം ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ബി ജെ പി ഇടപെട്ടാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നീക്കം നടത്തിയതെന്ന സംശയം ഇടതുനേതാക്കള്‍ക്കുണ്ട്. നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സി പി എം നിയമപോരാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞത്.

ഇക്കാര്യം സി പി എം ആദ്യം ബോദ്ധ്യപ്പെടുത്തിയത് സി പി ഐയെ ആണ്. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും സ്വതന്ത്ര ചിഹ്നത്തിലായിരുന്നു ചെറിയാന്‍ ജനവിധി തേടിയത്. രാജ്യത്തെ പാര്‍ലമെന്റിലെ ഏക ഇടതുപക്ഷ ഗ്രൂപ്പ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സി പി എം ആദ്യം ബോദ്ധ്യപ്പെടുത്തിയത് സി പി ഐയെ ആണ്. കാനം രാജേന്ദ്രന്‍ മുന്‍കൈയെടുത്താണ് സീറ്റ് ആവശ്യപ്പെട്ട എന്‍ സി പി, ജെ ഡി എസ് നേതാക്കളെ ഇക്കാര്യം ബോദ്ധിപ്പിച്ചത്. ഇതോടെയാണ് പി സി ചാക്കോയ്ക്ക് വേണ്ടി സീറ്റ് ആവശ്യപ്പെട്ട എന്‍ സി പി തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്മാറിയത്.

Continue Reading

Latest News