Connect with us
Malayali Express

Malayali Express

ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ

KERALA

ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ

Published

on

ആദിത്യവര്‍മ

പിതാവ് കോടിയേരി ബാലകൃഷ്ണനു അസുഖമാണെന്നും ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കൂടെ നില്‍ക്കണമെന്നും അതു കൊണ്ടു ജാമ്യം നല്കണമെന്ന അപേക്ഷ കോടതി മാറ്റി വച്ചു. ഈ അപേക്ഷ കര്‍ണാടക ഹൈക്കോടതി മാറ്റി വച്ചു. പരിഗണിക്കുന്നു പോലുമില്ല. ലഹരി ഇടപാടിനു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ ജാമ്യാപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ബിനീഷ് കോടിയേരിയോടു കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഇത്. 26 മുതല്‍ മെയ് 24 വരെ കോടതി അവധിയായതിനാലാണിത്. ബിനീഷ് 6 മാസമായി ജയിലിലാണ്. അവധിക്കാല ബഞ്ച് ഈ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ സാധ്യതയില്ല. തടസ്സവാദം അവതരിപ്പിക്കാന്‍ 2 മണിക്കൂറെങ്കിലും വേണമെന്ന് ഇഡി അറിയിച്ചതിനെത്തുടര്‍ന്നാണു കേസ് മാറ്റിയത്. ഒക്ടോബര്‍ 29ന് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് നവംബര്‍ 14 മുതല്‍ പാരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവിലാണ്. താന്‍ രോഗമുക്തനാണെന്നും മറ്റും പ്രചരണ യോഗങ്ങളില്‍ കോടിയേരി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിനീഷ് അച്ഛന്റെ രോഗാവസ്ഥ കോടതിയില്‍ ചര്‍ച്ചയാക്കുന്നത്.


അതുകൊണ്ട് അസുഖമില്ലെന്ന പൊതുചിത്രം പുറംലോകത്തിന് നല്‍കിയാല്‍ ബിനീഷിന്റെ ജാമ്യ പ്രതീക്ഷകളെ അത് സ്വാധീനിക്കും. അതുകൊണ്ടാണ് കോടിയേരിക്ക് ഇനി കുറച്ചു കാലം പുറത്ത് സജീവമാകാന്‍ കഴിയുമോ എന്ന ആശങ്ക ശക്തമാകുന്നത്. അച്ഛന്റെ അസുഖ കാരണത്താല്‍ ജാമ്യം കിട്ടിയാലും പ്രശ്നമുണ്ട്. ബിനീഷ് പുറത്തിറങ്ങിയ ശേഷം കോടിയേരി രാഷ്ട്രീയത്തില്‍ സജീവമായാല്‍ ഇത് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമം നടത്തും. ഇതും ബിനീഷിന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഓരോ നീക്കവും ബിനീഷിന് നിര്‍ണ്ണായകമാണ്.

ബിനീഷിന്റെ ജാമ്യ ഹര്‍ജിയും മറ്റും പൊതു സമൂഹത്തില്‍ ചര്‍ച്ചയായി. അതുകൊണ്ട് തന്നെ പുറത്തേക്കിറങ്ങിയാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളും കോടിയേരി നേരിടേണ്ടി വരും. ഇതും സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരിക്ക് ഉത്തരമില്ലാ പ്രശ്നമാകും. നിലവില്‍ പാര്‍ട്ടിയില്‍ അവധിയാണ് കോടിയേരി. പിണറായി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സിപിഎം സെക്രട്ടറിയായി തിരിച്ചെത്തണമെന്നതാണ് കോടിയേരിയുടെ ആഗ്രഹം. ഇതിന് ബിനീഷിന്റെ ജാമ്യ ഹര്‍ജി തടസ്സമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കുറ്റപത്രത്തില്‍ ബിനീഷിനെ പ്രതിചേര്‍ക്കുമെന്നാണ് ഇ.ഡി. കരുതിയതെന്നും എന്നാല്‍, നാലുദിവസം ചോദ്യം ചെയ്തിട്ടും ബിനീഷിനെ പ്രതിചേര്‍ത്തില്ലെന്നും അഭിഭാഷകരിലൊരാളായ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ഇ.ഡി. കുറ്റപത്രം നല്‍കിയശേഷമാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ബിനീഷ് കോടിയേരി ആറു മാസമായി ജയിലിലാണെന്ന് അഭിഭാഷകന്‍ കോടതിയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കാതെ കോടതി പിരിയുകയായിരുന്നു. ഇക്കാര്യം കോടതിയെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ മയക്കുമരുന്ന് കേസില്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ കിടക്കുന്നവര്‍ ഉണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News