Connect with us
Malayali Express

Malayali Express

സനുമോഹന്‍ ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?

KERALA

സനുമോഹന്‍ ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?

Published

on

ജോസ് മാത്യു

വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാന്‍ പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്തിട്ടും യാതൊരു ഭാവവ്യത്യാസവുമില്ല. കുറ്റബോധമില്ലാത്ത ക്രിമിനല്‍ എന്ന വിശേഷണമാണ് സനുമോഹനു പോലീസ് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. മകളെ കൊന്നിട്ടും ഒന്നു പൊട്ടിക്കരയാത്ത മകളെ അമിതമായിസ്‌നേഹിക്കുന്ന ക്രിമിനല്‍. അടിക്കടി മൊഴികള്‍ മാറ്റി പറയുന്ന സനുമോഹന്റെ മൊഴികളൊന്നും തന്നെ പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്നാല്‍ വൈഗയെ കൊന്നതു സനുമോഹനാണെന്ന മൊഴിമാത്രം വിശ്വാസത്തിലെടുത്തു. എന്നാല്‍ എങ്ങനെ കൊന്നുവെന്ന കാര്യവും സംശയത്തിനിട നല്‍കുന്നു. വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കടന്നു കൂടിയിരിക്കുന്നു. സനുമോഹന്‍ ബ്രില്യന്റ് ക്രിമിനലാണെന്ന കാര്യത്തില്‍ പോലീസിനു സംശയമില്ല. മൊഴികള്‍ മാറ്റി മാറ്റി പറഞ്ഞു പോലീസിനെ വട്ടം കറക്കുകയാണ്. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയില്‍ സനുമോഹന്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവന്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടുകയായിരുന്നുവെന്നതാണ് പോലീസിനു മുന്നിലുള്ള തെളിവ്.
മകളെ കൊന്നിട്ടു ആത്മഹത്യ ചെയ്യാന്‍ പോകുന്ന പിതാവ് വിനോദയാത്ര ചെയ്യുന്ന ലാഘവത്തോടെ കറങ്ങി നടന്നു. ഒരു കുറ്റബോധവുമില്ലാതെ അടിപൊളി ജീവിതം നയിച്ചു. കൈയില്‍ ആവശ്യത്തിനു പണവുമുണ്ടായിരുന്നു. ചൂതാട്ടം നടത്തിയും മുന്തിയ ലോഡ്ജില്‍ താമസിച്ചും പണം നശിപ്പിച്ചു. മകളെ അമിതമായി സ്‌നേഹിച്ചു അവള്‍ അനാഥയാകുമെന്ന ഭയം മൂലം കൊന്നുവെന്നാണ് സനുമോഹന്റെ മൊഴി. ഇതെല്ലാം എങ്ങനെവിശ്വസിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. അതു കൊണ്ടു തന്നെ സനുമോഹന്‍ ബുദ്ധിമാനായ സൈക്കോയാണെന്നു പോലീസ് വിലയിരുത്തുന്നു.
മാര്‍ച്ച് 21നു രാത്രിയില്‍ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ വച്ച്, മരിക്കാന്‍ പോകുന്ന കാര്യവും അതിന്റെ സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്തു അമര്‍ത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം പോയപ്പോള്‍ ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കില്‍ നിന്നു തറയില്‍ വീണ ചോരത്തുള്ളികള്‍ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറില്‍ കിടത്തി. കളമശ്ശേരി മഞ്ഞുമ്മല്‍ റഗുലേറ്റര്‍ കം ബ്രിജിനു കീഴില്‍ മുട്ടാര്‍ പുഴയിലേക്കു വൈഗയെ തള്ളിയശേഷം കാറോടിച്ചു വാളയാര്‍ വഴി കോയമ്പത്തൂരിലെത്തിയെന്നാണ് സനു മോഹന്‍ പോലീസിനു നല്‍കിയ മൊഴി. അതിന് ശേഷം കാര്‍ വിറ്റു. പിന്നീട് ബസുകളിലാക്കി യാത്ര. എന്നാല്‍ വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കലര്‍ന്നതെങ്ങനെ. ഫ്‌ളാറ്റില്‍ വച്ചു വൈഗയ്ക്കു മദ്യം നല്‍കി ബോധം കെടുത്തിയോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നു. എന്നാല്‍ ഓരോ മൊഴികളും വ്യത്യസ്തമാക്കുകയാണ് സനുമോഹന്‍. കാമറകളില്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടും സനു എന്തുകൊണ്ടാണ് രക്ഷപ്പെടാന്‍ സ്വന്തം കാറുപയോഗിച്ചതെന്നായിരുന്നു ബന്ധുക്കളുടെയടക്കം പ്രധാന സംശയം. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സനുവിന്റെയും വൈഗയുടേതുമല്ലാത്ത രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണ് എന്നതും അന്വേഷണ സംഘത്തെ കുഴക്കി. സിനിമാ മാതൃകയില്‍ വ്യാജ തെളിവുണ്ടാക്കുന്നതിനുള്ള സനുവിന്റെ ബോധപൂര്‍വ്വ നീക്കമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്നു വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമിച്ചതെന്നാണ് പോലീസ് വിലയിരുത്തല്‍. മകളുടെ മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ മുഴുവന്‍ പ്രവൃത്തികളിലും അസ്വാഭാവികതകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുമുണ്ട്. മാര്‍ച്ച് 20നു ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ഭാര്യയെ കൊണ്ടുചെന്നാക്കിയ ശേഷമാണ് മകളുമായി കാറില്‍ സനു മോഹന്‍ യാത്രയാരംഭിച്ചത്. അതും അമ്മാവന്റെ വീട്ടിലേക്കു പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. തിങ്കളാഴ്ച 12യോടെ മഞ്ഞുമ്മല്‍ ആറാട്ട്കടവ് റെഗുലേറ്റര്‍ കംബ്രിഡ്ജ് ഭാഗത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തി.
ഫ്‌ളാറ്റ് പണയം വച്ച 10 ലക്ഷവും ഭാര്യ രമ്യയുടെ ആഭരണങ്ങള്‍ പണയം വച്ച 11.47 ലക്ഷവും കാര്‍ വിറ്റതിലൂടെ ലഭിച്ച 50,000 രൂപയും സാനുവിന്റെ കൈവശമുണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞ 21 ദിവസം കൊണ്ട് ഇതില്‍ നല്ലൊരു തുക പൊടിപൊടിച്ചെന്നും കുറച്ചു രൂപ പോക്കറ്റടിച്ചു പോയെന്നുമാണ് മൊഴി. ഇതൊന്നും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൂതാട്ടം നടത്തി പണം നഷ്ടപ്പെടുത്തിയെന്നാണ് കരുതുന്നത്.
ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് സനുമോഹന്‍ എല്ലാ കൃത്യവും നടത്തിയത്. മൂന്നോ നാലോ ഫോണുണ്ടെങ്കിലും അവസാനം കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പര്‍ ആര്‍ക്കും അറിയാത്തത്. സ്വന്തം ഫോണ്‍ കേടാക്കി കളഞ്ഞു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചു. അതും സ്വിച്ച് ഓഫാക്കി.
എന്നാല്‍ ഒരു ഡിജിറ്റല്‍ തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹന്‍ ഓരോ കരുക്കളും നീക്കിയത്. സനു കങ്ങരപ്പടി ഫ്ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫേസ്ബുക്കില്‍നിന്ന് വിട്ടു. ഫ്ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ കുറവായിരുന്നു. മൊബൈല്‍ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. ഫ്‌ളാറ്റിലെ സിസിടിവി കാമറ കേടായി. അതു നന്നാക്കാന്‍ സെക്രട്ടറിയായിട്ടും സനുമോഹന്‍ തയാറായില്ല. മൊബൈലുകള്‍ ഉപയോഗിച്ച് ഇടപാടുകളും ഇല്ല. സംഭവം നടക്കുന്ന മാര്‍ച്ച് 21-നു ശേഷമുള്ള ദിവസങ്ങളില്‍ പോലും മൊബൈല്‍ ഫോണില്‍ അസ്വാഭാവികമായി ഒന്നുമില്ല.
പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചു. ഇതിലും തെളിവൊന്നുമില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനുവിന്റെ കാര്‍ ചെക്‌പോസ്റ്റിലെ സിസിടിവി. കാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാര്‍ വിറ്റ ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്. ഫോണ്‍ സിഗ്നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യാത്രാ വഴികളും കണ്ടെത്താനാകുന്നില്ല.
കൊച്ചിയില്‍നിന്നു കാറില്‍ മാര്‍ച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹന്‍, കാര്‍ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരില്‍ ഏപ്രില്‍ 10ന് എത്തി. ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമായിരുന്നു കൈവശം. കൊല്ലൂരില്‍ 6 ദിവസം ലോഡ്ജില്‍ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാര്‍വാറിലെത്തി. ലോഡ്ജില്‍ ബില്‍ അടച്ചിരുന്നെങ്കില്‍ ഇന്നും സനുമോഹനെ പിടികൂടില്ലായിരുന്നു. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാര്‍വാര്‍ ബീച്ചില്‍, ഞായര്‍ പുലര്‍ച്ചെ കര്‍ണാടക പോലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിര്‍മ്മാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പോലീസ് പിടികൂടിയത്.

Continue Reading

Latest News