Connect with us
Malayali Express

Malayali Express

വയനാടിന് ഇപ്പുറം കടക്കാന്‍ ‘ടെസ്റ്റ് മസ്റ്റ്’

KERALA

വയനാടിന് ഇപ്പുറം കടക്കാന്‍ ‘ടെസ്റ്റ് മസ്റ്റ്’

Published

on

കേരളത്തിലേക്ക് എത്തുന്നവര്‍ക്കു വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ വയനാട് വഴി എത്തുന്നവര്‍ക്കാണു നിയന്ത്രണങ്ങള്‍. വരുന്നവര്‍ അതിര്‍ത്തിയില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയരായില്ലെങ്കില്‍ വീട്ടില്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് അതിര്‍ത്തികളില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്കു കര്‍ണാടകസര്‍ക്കാരും ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കലക്ടറുടെ ഉത്തരവുപ്രകാരം വയനാട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഇന്നുമുതല്‍ കര്‍ശനപരിശോധനയുണ്ടാകും. ബത്തേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ മുത്തങ്ങ അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വിലയിരുത്തി.

വയനാട്ടിലേക്കു കടക്കുന്ന അന്തര്‍സംസ്ഥാനയാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍/ടാക്സി/അന്തര്‍സംസ്ഥാന ബസ് ജീവനക്കാര്‍ ഒഴികെ) കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 48 മണിക്കൂറിനിടയിലുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ഹാജരാക്കുകയും വേണം. അല്ലെങ്കില്‍ അതിര്‍ത്തികേന്ദ്രത്തില്‍ പരിശോധനയ്ക്കു വിധേയരാകണം. അതിനു തയാറല്ലാത്തവര്‍ 14 ദിവസം നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ പ്രവേശിക്കണം.

അതിര്‍ത്തിയില്‍ പരിശോധനയ്ക്കു വിധേയരാകുന്നവര്‍ ഫലം വരുന്നതുവരെ വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ഫലം പോസിറ്റീവെങ്കില്‍ 14 ദിവസം ഹോം ക്വാറെന്റെന്‍. നെഗറ്റീവ് ആകുന്നവര്‍ക്കു രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാം. ചരക്കുവാഹനം/ടാക്സി/അന്തര്‍സംസ്ഥാന ബസ് ജീവനക്കാര്‍, 14 ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ഹാജരാക്കണം.

അന്തര്‍സംസ്ഥാനയാത്രക്കാര്‍ക്കായി മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോടു ചേര്‍ന്ന് സേവനകേന്ദ്രങ്ങള്‍ തുറക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ കിയോസ്‌കുകളുണ്ടാകും.

Continue Reading

Latest News