Connect with us
Malayali Express

Malayali Express

ഇടുക്കിയില്‍ ഒരു ഷാളിന്റെ രണ്ടറ്റത്തായി ജീവനൊടുക്കി കമിതാക്കള്‍

KERALA

ഇടുക്കിയില്‍ ഒരു ഷാളിന്റെ രണ്ടറ്റത്തായി ജീവനൊടുക്കി കമിതാക്കള്‍

Published

on

കമിതാക്കളെ കാണാതായത് ആറു ദിവസം മുന്‍പ്

അടിമാലി മാങ്കടവില്‍നിന്ന് ആറു ദിവസം മുന്‍പ് കാണാതായ കമിതാക്കളുടെ മൃതദേഹങ്ങള്‍ മരച്ചില്ലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍ – മിനിമോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19), രണ്ടു കിലോമീറ്റര്‍ അകലെയുള്ള മാങ്കടവ് മരോട്ടിമൂട്ടില്‍ പരേതനായ രവീന്ദ്രന്റെയും തങ്കമണിയുടെയും മകന്‍ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇടുക്കി ആല്‍പാറയ്ക്കു സമീപം പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ കണ്ടെത്തിയത്. ശിവഗംഗ ധരിച്ചിരുന്ന ചുരിദാര്‍ ഷാള്‍ രണ്ടാക്കി മരച്ചില്ലയില്‍ കെട്ടിയ ശേഷം ഇരുവരുടെയും കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ട്. വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിലാണ് വനംവകുപ്പ് വാച്ചര്‍മാര്‍ തിങ്കളാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പതിമൂന്നിന് രാത്രി 7.15 വരെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി കുടുംബ പ്രാര്‍ഥനയ്ക്കിടെ ശുചിമുറിയില്‍ പോകുന്നെന്നുപറഞ്ഞാണ് വീട് വിട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്ന് രാത്രി 9.30 ന് ബന്ധുക്കള്‍ അടിമാലി പോലിസിയില്‍ പരാതി നല്‍കി. 13 ന് വീട് വിട്ട ഇരുവരും ബൈക്കില്‍ പോകുന്നത് മാങ്കടവ് ദേവീക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 68 എ 9417 പള്‍സര്‍ ബൈക്ക് ഇടുക്കി കരിമ്പനു സമീപം പാല്‍കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 15 ന് കണ്ടെത്തി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വീടുവിട്ട ശേഷം 14-ന് രാവിലെ 9.30-ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചു. പിന്നീട് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. വിവേക് അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇരിങ്ങാലക്കുടയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. ഇരുവരുടെയും പ്രണയബന്ധം ഇരുവീട്ടുകാര്‍ക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയായ ശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.

ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനും മറ്റു നടപടികള്‍ക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉച്ചകഴിഞ്ഞ് ഇരുവരുടെയും സംസ്‌കാരം വീട്ടുവളപ്പുകളില്‍ നടക്കും. വിശാഖ് വിവേകിന്റെ ഇരട്ട സഹോദരനും വിഷ്ണു മറ്റൊരു സഹോദരനുമാണ്. അമര്‍നാഥാണ് ശിവഗംഗയുടെ ഏക സഹോദരന്‍.

Continue Reading

Latest News