Connect with us
Malayali Express

Malayali Express

വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍

KERALA

വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍

Published

on

മകളെ നെഞ്ചോടുചേര്‍ത്തു ഞെരിച്ചു, ശ്വാസംമുട്ടിച്ചു ജീവനെടുത്തു

‘മകളെ ഇരുെകെകള്‍ കൊണ്ടും നെഞ്ചില്‍ ചേര്‍ത്ത് വരിഞ്ഞുമുറുക്കി ഞെരിച്ചു. മൂക്കുപൊത്തി ശ്വാസം മുട്ടിച്ചു. അപ്പോള്‍ മൂക്കില്‍നിന്നു രക്തം വാര്‍ന്നു. പിന്നീടു തോളില്‍ കിടത്തി കാറില്‍ കയറി മുട്ടാര്‍ പുഴയില്‍ തള്ളി.’ 13 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയതിനെപ്പറ്റി പിതാവ് സനു മോഹന്റെ (40) വിവരണം. മകളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസിനോടുള്ള കുറ്റസമ്മത മൊഴിയില്‍ സനു പറഞ്ഞു.
കടബാധ്യതയില്‍നിന്നു രക്ഷനേടാനായി ജീവനൊടുക്കാനാണു പദ്ധതിയിട്ടതെന്നും സനു പോലീസിനോടു പറഞ്ഞു. മകളെ ഭാര്യയുടെ പക്കലേല്‍പ്പിക്കാന്‍ വിശ്വാസക്കുറവുണ്ടായിരുന്നു. തന്റെ മരണശേഷം മകള്‍ ഒറ്റപ്പെട്ടുപോകുമെന്നായിരുന്നു ആശങ്ക. അതോടെ ആദ്യം മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ആലപ്പുഴയിലെ ഭാര്യാവീട്ടില്‍നിന്നു കാറില്‍ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം അപ്പാര്‍ട്ട്മെന്റ്സിലെ ഫ്ളാറ്റില്‍ വന്നതിനു ശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും സനു മോഹന്‍ പോലീസിനോടു പറഞ്ഞു.
കര്‍ണാടകയിലെ കാര്‍വാറില്‍നിന്നു പിടികൂടിയ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുക്കലിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. സനു മോഹന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. വിശദമായ അന്വേഷണവും തെളിവെടുപ്പും വേണ്ടിവരുമെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 22നാണു വൈഗയുടെ മൃതദേഹം കളമശേരി മുട്ടാര്‍ പുഴയില്‍നിന്നു ലഭിച്ചത്. കാണാതായ സനു മോഹനും മരിച്ചിട്ടുണ്ടാകാമെന്നു സംശയിച്ചെങ്കിലും ഇയാളുടെ കാര്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി പിന്നീടു വിവരം ലഭിച്ചു. പോലീസ് മൂന്നു സംഘങ്ങളായി തിരിഞ്ഞ് മൂന്നു സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തി. നാലു ഭാഷകളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. കൊല്ലൂര്‍ മൂകാംബികയിലുണ്ടെന്നു വിവരം ലഭിച്ച പോലീസ് അവിടെയെത്തിയപ്പോഴേക്കും സനു അവിടെനിന്നു മുങ്ങി.
അവിടെനിന്നു 125 കി.മീ. അകലെ കാര്‍വാര്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന സനുവിനെക്കണ്ട് സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ കര്‍ണാടക പോലീസിനു വിവരം നല്‍കി. കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തശേഷം കേരളാ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. 28 ദിവസത്തെ തെരച്ചിലിനു ശേഷമാണു സനു കസ്റ്റഡിയിലായത്.

Continue Reading

Latest News