Connect with us
Malayali Express

Malayali Express

റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു

INDIA

റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു

Published

on

മെക്സിക്കോ സിറ്റി: ക്യൂബയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം “അഭിനിവേശവും സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും നിറഞ്ഞ” ഒരു യുവതലമുറയ്ക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച ചതുര്‍ദിന പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പ്രഖ്യാപനം.

ജൂണില്‍ 90 വയസ്സ് തികയുന്ന കാസ്ട്രോ വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച പ്രസംഗത്തില്‍, നേതൃസ്ഥാനത്തു നിന്ന് വിരമിക്കണമെന്ന തന്റെ ദീര്‍ഘകാല ആഗ്രഹം ആവര്‍ത്തിച്ചു. തിങ്കളാഴ്ച സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥാനമൊഴിയുകയും പകരക്കാരനെ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിനാണ് ചുമതല കൈമാറിയത്.

തന്റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറഞ്ഞു. ഇതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയില്‍ പരിസമാപ്തിയായി.

2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്‍റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ഈ ഉന്നത പദവിയില്‍.

ഫിഡലിനേക്കാള്‍ പ്രായോഗികനായിട്ടാണ് കാസ്ട്രോയെ വിലയിരുത്തുന്നത്. സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഇത് രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി. ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. പക്ഷേ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയിലേക്കാണ് നയിച്ചത്.

Continue Reading

Latest News