Connect with us
Malayali Express

Malayali Express

തൊടുപുഴയില്‍ ആരു വീഴും ആരു വാഴും:ജനവിധി അറിയാന്‍ കണ്ണുംനട്ട് മുന്നണികളും വോട്ടര്‍മാരും

KERALA

തൊടുപുഴയില്‍ ആരു വീഴും ആരു വാഴും:ജനവിധി അറിയാന്‍ കണ്ണുംനട്ട് മുന്നണികളും വോട്ടര്‍മാരും

Published

on

തൊടുപുഴ: തെരഞ്ഞെടുപ്പ് അങ്കത്തിന് തിരശീല വീണതോടെ ആരു വീഴും ആരു വാഴും എന്ന ആകാംക്ഷയിലാണ് മുന്നണികള്‍. ഒപ്പം ജനവിധി അറിയാന്‍ കണ്ണും നട്ട് വോട്ടര്‍മാരും. പോളിങ് ഏജന്റുമാരില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ച് പഞ്ചായത്ത്, നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മിറ്റികള്‍ വിലയിരുത്തിയുള്ള കണക്കെടുപ്പുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ശക്തമായ മത്സരം നടന്ന തൊടുപുഴ നിയോജക മണ്ഡലത്തില്‍ അവകാശ വാദം ഉന്നയിച്ച് ഇരുമുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ മത്സരം കാഴ്ച വച്ചതിനാല്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി സൃഷ്ടിക്കാനായിട്ടുണ്ടെന്ന് എന്‍.ഡി.എയും കണക്കു കൂട്ടുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേയും കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിലെയും മുന്‍തൂക്കം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് കണക്കു കൂട്ടുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 45200 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് പി.ജെ ജോസഫ് ജയിച്ചു കയറിയത്. തുടര്‍ന്നു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊടുപുഴ മണ്ഡലത്തില്‍ യു.ഡി.എഫിന് ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിന് കീഴില്‍ വരുന്ന കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലും സാങ്കേതികപരമായി തൊടുപുഴ നഗരസഭയിലും ഭരണം നഷ്ടമായെങ്കിലും യു.ഡി.എഫിന് ലഭിച്ച വോട്ടിങ് ശതമാനത്തില്‍ കുറവ് വന്നിരുന്നില്ല. അതിനാല്‍ ഇത്തവണയും യു.ഡി.എഫ് മേല്‍ക്കോയ്മ തുടരുമെന്നും നേതാക്കള്‍ പറയുന്നു. എതിര്‍പക്ഷം ആരോപിക്കുന്നതു പോലെ യു.ഡി.എഫ് പാളയത്തില്‍ അടിയൊഴുക്കുകള്‍ സംഭവിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറുമായ പ്രഫ. എം.ജെ ജേക്കബ് വ്യക്തമാക്കുന്നു. പോളിങ് ശതമാനത്തില്‍ കുറവ് വന്നത് യു.ഡി.എഫ് ക്ഷീണം ചെയ്യില്ലെന്നും 30000 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തില്‍ പി.ജെ ജോസഫ് ജയിച്ചു കയറുമെന്നും എം.ജെ ജേക്കബ് പറയുന്നു. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. എല്‍.ഡി.എഫ് സംഘടനാ സംവിധാനം ശക്തമായി ഉപയോഗിച്ചുള്ള പ്രചരണമാണ് നടന്നിരുന്നത്. അത് വോട്ടായി മാറുമെന്നും മണ്ഡലത്തില്‍ എല്‍.ഡി.എഫ് കൊടിനാട്ടുമെന്നും നേതാക്കള്‍ പറയുന്നു. യു.ഡി.എഫില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് എല്‍.ഡി.എഫിന്റെ വിജയത്തിലേയ്ക്ക് നയിക്കുമെന്നും എല്‍.ഡി.എഫ് കണക്ക് കൂട്ടുന്നു. പോളിങ് ശതമാനത്തില്‍ കുറവ് വന്നത് യു.ഡി.എഫിനാണ് ക്ഷീണം ചെയ്തതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 5000-10000 ഇടയില്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും തൊടുപുഴ നിയോജക മണ്ഡലം കണ്‍വീനര്‍ വി.വി മത്തായി പറഞ്ഞു. തങ്ങളുടെ വോട്ടിങ് ശതമാനത്തില്‍ വന്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.എ നേതാക്കളും പറയുന്നു. ഇരുമുന്നണികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ച് ഇത്തവണ ജയിച്ചു കയറുമെന്ന് എന്‍.ഡി.എ നേതൃത്വം പറയുന്നു. ശബരിമല വിഷയവും മറ്റു അനുകൂല വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞെന്നും ഇവര്‍ പറയുന്നു. ഏതായാലും ഫലമറിയുന്ന മേയ് 2 വരെ മുന്നണികളും സ്ഥാനാര്‍ഥികളും ഒപ്പം വോട്ടര്‍മാരും പിരിമുറക്കത്തോടെ കണക്കിലെ കളിയുമായി പ്രതീക്ഷ ഉയര്‍ത്തി കാത്തിരിപ്പിലാണ്.

Continue Reading

Latest News