Connect with us
Malayali Express

Malayali Express

ഇലക്ഷന്‍ കഴിഞ്ഞു: വീണ്ടും കൊലക്കത്തി ഉയരുന്നു – ഷുഹൈബിനെ വധിച്ചതിനു തുല്യം; ലീഗ് പ്രവര്‍ത്തകനെ സിപിഎം കൊന്നു

KERALA

ഇലക്ഷന്‍ കഴിഞ്ഞു: വീണ്ടും കൊലക്കത്തി ഉയരുന്നു – ഷുഹൈബിനെ വധിച്ചതിനു തുല്യം; ലീഗ് പ്രവര്‍ത്തകനെ സിപിഎം കൊന്നു

Published

on

ആദിത്യവര്‍മ

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊന്നത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായി. കാലുകള്‍ കൊത്തി നുറുക്കി ചോര വാര്‍ന്നാണ് മട്ടന്നൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി കാലുകള്‍ക്ക് ആഴത്തിലുള്ള വെട്ടാണ് മന്‍സുറിനുമുള്ളത്. അക്രമം നടന്നതിനു ശേഷം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനായി മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരണമടയുകയായിരുന്നു. തലശേരി താലുക്കിലെ പ്രൊഫഷനല്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളാണ് കൊല നടത്തിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.ഇവരുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കിയാണ് സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം കൊല നടത്തിയത്. ഷുഹൈബിനും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലുടെ വധഭീഷണിയുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കുത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.ഇതിനിടെ തലശേരി താലൂക്കില്‍ വീണ്ടും ഒരിടവേളയ്ക്കു ശേഷം കൊലപാതക രാഷ്ട്രിയം അരങ്ങേറിയത് മേഖലയില്‍ അശാന്തി പടര്‍ത്തിയിരിക്കുകയാണ്. കൂടുതല്‍ സംഘര്‍ഷ മൊഴിവാക്കാനായി സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. തലശേരിക്കടുത്തെ പാനൂര്‍ കടവത്തൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഗുരുതരമായി വെട്ടേറ്റ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ തലശേരി താലുക്കില്‍ കാര്യമായ അക്രമമൊന്നും പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. കുത്തുപറമ്പ് ,തലശേരി മണ്ഡലങ്ങളില്‍ പൊതുവെ സ്ഥിതി ശാന്തമായിരുന്നു. ഇതിനിടെയാണ് കടുത്തുരില്‍ ചെറിയ തോതിലുണ്ടായ സംഘര്‍ഷം പടരുന്നത്. ഇതേ തുടര്‍ന്ന് പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

തെരഞ്ഞെടുപ്പില്‍ മന്‍സൂറും സഹോദരന്‍ മുഹ്സിനും ബൂത്ത് ഏജന്റായിരുന്നു. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു. മന്‍സൂറിന്റെ വീടിന് മുന്നില്‍വച്ചാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന വീട്ടിലെ സ്ത്രീകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ശേഷം മന്‍സൂറിനെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് കൃത്യമായി അറിയാമെന്നും കണ്ടാല്‍ തിരിച്ചറിയുന്നവരാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ന് മറക്കാന്‍ പറ്റാത്ത ദിവസമായിരിക്കും നിങ്ങള്‍ക്ക് എന്ന രീതിയില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി സന്ദേശം വാട്സാപ്പില്‍ പ്രചരിച്ചിരുന്നുവെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഒരു പ്രദേശമല്ല ഇവിടം. കള്ളവോട്ടുമായി ബന്ധപ്പെട്ട ചില ആരോപണ പ്രത്യാരോപണങ്ങളാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞിരുന്നു. അതിന്റെ പ്രതികാരമെന്നോണം ആണ് ഈ കൊലപാതകമെന്നാണ് ലീഗ് ആരോപിക്കുന്നത്.
പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Latest News