Connect with us
Malayali Express

Malayali Express

കോടതിയും ഇഡിയും പണി കൊടുത്തു : ഇബ്രാഹീംകുഞ്ഞിനു വമ്പന്‍പൂട്ട്; മകന്റെ മോഹവും വെള്ളത്തില്‍

KERALA

കോടതിയും ഇഡിയും പണി കൊടുത്തു : ഇബ്രാഹീംകുഞ്ഞിനു വമ്പന്‍പൂട്ട്; മകന്റെ മോഹവും വെള്ളത്തില്‍

Published

on

ആദിത്യവര്‍മ

ഹൈക്കോടതിയും ഇഡിയും കൂടി ചെറിയ പണിയൊന്നുമല്ല ലീഗ് നേതാവും കളമശേരി എംഎല്‍എമായ വി.കെ. ഇബ്രാഹീംകുഞ്ഞിനു കൊടുത്തത്. കളമശേരിയില്‍ മത്സരിക്കാന്‍ കച്ചക്കെട്ടിയിരുന്ന ഇബ്രാംഹീംകുഞ്ഞിന്റെ ജാമ്യം പോലും പ്രശ്‌നമാകുകയാണ്. മത്സരിച്ചാല്‍ ജയിലില്‍ കിടന്നു മത്സരിക്കേണ്ടി വരും.
നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി സീറ്റില്‍ നിന്നും മത്സരിക്കുകയോ പകരം മകനു സീറ്റ് തരപ്പെടുത്തി കൊടുക്കാനുള്ള വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നീക്കങ്ങള്‍ക്കാണ് രാഷ്ട്രീയ തിരിച്ചടി നേരിട്ടത്. ഹൈക്കോടതിയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുമുള്ള നീക്കം ഇബ്രാഹീംകുഞ്ഞിനും മു്സ്ലീംലീഗിനു തിരിച്ചടിയായി. കളമശേരിയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു ഇബ്രാഹീംകുഞ്ഞ് ലീഗ നേതൃത്വത്തിന്റെ പിന്തുണയോടെ നില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍നിന്നും ഇഡിയുടെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹീംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതു കളമശേരി സീറ്റ് എന്ന ആഗ്രഹത്തിനു വിലങ്ങുതടിയായി. ഈ മാസം 22ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ട്നിരോധന കാലത്ത് 10 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയതെങ്കിലും രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് നേടിയ ജാമ്യം നേരായ മാര്‍ഗത്തിലല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചത്.

വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന് സംശയമുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് ഇതു വാക്കാല്‍ പറഞ്ഞത്. സിംഗിള്‍ബെഞ്ചിന്റെ പ്രതികൂല നിരീക്ഷണത്തെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.രോഗം ഗുരുതരമാണെന്നു പറഞ്ഞു ജാമ്യം നേടിയശേഷം ഇബ്രാഹിം കുഞ്ഞ് പല പൊതു പരിപാടികളിലും പങ്കെടുത്തെന്നും രോഗബാധിതനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്നു മറുപടി നല്‍കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും തിരിച്ചടിയായി. കാന്‍സര്‍ രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴാണ് പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രോഗം ഗുരുതരാവസ്ഥയിലായെന്നും ആരോഗ്യം മോശമായെന്നും വ്യക്തമാക്കി ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനാണ് ഇതേ ബെഞ്ച് ജാമ്യം നല്‍കിയത്.


കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കണമെന്നാണ് ലീഗിന്റെ നിര്‍ദേശം. ഇതു ഇബ്രാഹീംകുഞ്ഞിനു സീറ്റ് നിഷേധിക്കാന്‍ കാരണമാകും. പി.കെ. കുഞ്ഞാലിക്കുട്ടിയുമായിട്ടുള്ള ബന്ധം മൂലം സീറ്റ് തരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇബ്രാഹീംകുഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയത്. പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യ്ക്തമാക്കിയിരുന്നു. എന്നാല്‍ വിജിലന്‍സിനു പിന്നാലെ കോടതിയും ഇഡിയുംരംഗത്തു വന്നതോടെ പ്രശ്‌നമായിരിക്കുകയാണ്. മകനു സീറ്റ് തരപ്പെടുത്താനുള്ള നീക്കത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പടലപിണക്കം ആരംഭിച്ചു കഴിഞ്ഞു. മകന് സീറ്റ് വേണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിക്ക് കാരണമാക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കണമെന്ന ആവശ്യത്തിനെതിരെ ജില്ലാ നേതൃത്വത്തില്‍ ഭൂരിപക്ഷവും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എയുടെയും വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെയും നേതൃത്വത്തില്‍ രണ്ട് പ്രബല ഗ്രൂപ്പുകളാണ് ജില്ലയിലെ പാര്‍ട്ടിയിലുള്ളത്. മങ്കടയില്‍ അഹമ്മദ് കബീറിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. സ്വന്തം ജില്ലയിലെ മുസ്ലീം ലീഗ് സീറ്റില്‍ അദ്ദേഹവും അവകാശവാദവുമായി രംഗത്തുണ്ട്. ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം പേരു കറകളഞ്ഞ വ്യക്തികളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കളമശേരിയിലെ സ്ഥാനാര്‍ഥിത്വത്തിനായി മൂന്ന് പേരാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. വി.ഇ.അബ്ദുള്‍ ഗഫൂറും ടി.എ.അഹമ്മദ് കബീറും ലോയേഴ്‌സ് ഫോറം സംസ്ഥാന അധ്യക്ഷനായ അഡ്വ.മുഹമ്മദ് ഷായും. ഇബ്രാഹിം കുഞ്ഞിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെടുമ്പോള്‍ അഹമ്മദ് കബീറിനും സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. പിന്നീട് അബ്ദുള്‍ ഗഫൂറും മുഹമ്മദ് ഷായും തമ്മിലാകും പോരാട്ടം. മുഹമ്മദ് ഷാ ഗ്രൂപ്പുകള്‍ക്കതീതനെന്നതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി സൗഹൃദത്തിലാണെന്നതുമാണ് അനുകൂല ഘടകം. ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജഹാന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞോ മകനോ മത്സരിച്ചാല്‍ തോല്‍വി ഉറപ്പെന്നായിരുന്നു ഷാജഹാന്റെ ആരോപണം. കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Latest News