Connect with us
Malayali Express

Malayali Express

മുസ്ലീം ലീഗില്‍ തട്ടി ബിജെപി: വിജയയാത്ര വേദിയില്‍ വിമതസ്വരം; സുരേന്ദ്രനെ പരസ്യമായിഎതിര്‍ത്ത് ശോഭ, വിമതനീക്കം കടുപ്പിക്കുന്നു

KERALA

മുസ്ലീം ലീഗില്‍ തട്ടി ബിജെപി: വിജയയാത്ര വേദിയില്‍ വിമതസ്വരം; സുരേന്ദ്രനെ പരസ്യമായിഎതിര്‍ത്ത് ശോഭ, വിമതനീക്കം കടുപ്പിക്കുന്നു

Published

on

ആദിത്യവര്‍മ

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും ബിജെപിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മുസ്ലീം ലീഗില്‍ തട്ടിയാണ് ബിജെപിയില്‍ പൊട്ടിത്തെറിയും വിവാദവും കത്തുന്നത്. മുസ്ലീം ലീഗിനെ കൂടെ കൂട്ടുന്നതാണ് പ്രശ്‌നം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വഴിനീളെ എതിര്‍ക്കുന്ന ശോഭസുരേന്ദ്രന്റെ നീക്കമാണ് പാര്‍ട്ടിക്കു തിരിച്ചടിയാകുന്ന്ത്. മുസ്ലീംലീഗിനെ കൂടെ കൂട്ടാം, അവര്‍ വര്‍ഗീയത ഉപേക്ഷിച്ചാല്‍ എന്നാണ് ശോഭ സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഒരു തരത്തിലും അടുപ്പിക്കില്ലെന്നും ചര്‍ച്ചയില്ലെന്നും സംസ്ഥാന അധ്യക്ഷനും രംഗത്ത് വരുന്നു. സംസ്ഥാനഅധ്യക്ഷന്റെ വിജയ യാത്രയാണ് പാര്‍ട്ടിയില്‍ വിവാദം കത്തിക്കാന്‍ ശോഭ തെരഞ്ഞെടുത്തിരിക്കുന്നത്.
മാസങ്ങള്‍ക്കുശേഷം ബിജെപിയിലേക്കുള്ള മടങ്ങിവരവ് ശോഭനമാക്കി ശോഭാ സുരേന്ദ്രന്‍ മുന്നേറുമ്പോള്‍ ഇവര്‍ ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ ഔദ്യോഗിക വിഭാഗം വിഷമിക്കുന്ന കാഴ്ചയാണിപ്പോള്‍. അവസാനം മുസ്ലീംലീഗിനും ബിജെപിയിലേക്കു കടന്നു വരാം എന്ന നിലപാടുമായി ശോഭ സുരേന്ദ്രന്‍ കളംനിറയുമ്പോള്‍ മറുപടി നല്‍കാന്‍ വിഷമിച്ചു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നില്‍ക്കുന്നു. എന്‍ഡിഎയിലേക്ക് ആര് വന്നാലും സ്വീകരിക്കും. മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കും. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദേശീയധാര സ്വീകരിച്ച് വന്നാല്‍ അവരെ അംഗീകരിക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതാണ് ബിജെപിയില്‍ പൊല്ലാപ്പായത്. ഈ വഴിയില്‍ ലീഗ് ആലോചിച്ചാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനും മുസ്ലിം സമൂഹത്തിനും ഗുണമാണ് എന്നും അവര്‍ പറഞ്ഞു കത്തിക്കയറുന്നതാണ് ബിജെപി ഔദ്യോഗികവിഭാഗത്തെ വിഷമിപ്പിക്കുന്നത്. ബിജെപിക്ക് മറ്റു മതസ്ഥരോട് വിരോധമില്ല. കശ്മീരില്‍ ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സുമായി ബിജെപി സഖ്യമുണ്ടാക്കിയ കാര്യവും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു മുഖം രക്ഷിക്കണ്ട അവസ്ഥയിലാണ് സംസ്ഥാന പ്രസിഡന്റ് നേരിടുന്ന പ്രതിസന്ധി. ശോഭ സുരേന്ദ്രന്‍ പൊതുജനമധ്യേ നിന്നു കൈയടി വാങ്ങുമ്പോള്‍ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഔദ്യോഗികവിഭാഗം. മുസ്ലിം ലീഗുമായി ഒരു ചര്‍ച്ചയും ബിജെപി നടത്തില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. മുസ്ലിം ലീഗുമായി സിപിഎം ചര്‍ച്ച നടത്തും. ഞങ്ങള്‍ അതിന് തയാറല്ല. ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കേട്ടിട്ട് മറുപടി നല്‍കാമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപി ഇതിനെ പൂര്‍ണമായും തള്ളിക്കളയുമ്പോഴും ശോഭ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്കു പിന്നാലെ പോയി മറുപടി നല്‍കേണ്ട അവസ്ഥയിലാണ് ബിജെപി നേതൃത്വം.
ബിജെപിയില്‍ കെ സുരേന്ദ്രന്റെ അപ്രമാദിത്വത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്ന നേതാവു കൂടിയാണ് ശോഭാ സുരേന്ദ്രന്‍. മാസങ്ങളോളം പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി അവര്‍ ഉടക്കി നിന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് ശേഷമാണ് ശോഭ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരിക്കാനില്ല എന്നാണ് ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചത് എന്നാണ് വിവരം. ഇതും സുരേന്ദ്രന്‍ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ശോഭയുടെ പരിപാടികള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെയാണെന്ന സൂചനയാണ് ഔദ്യോഗികവിഭാഗം പറയുന്നത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ ഉപവസിച്ച ശോഭ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണറെ കണ്ടത് മടങ്ങിവരവിന് കരുത്തും ഊര്‍ജവും പകരുന്ന അപ്രതീക്ഷിത നീക്കമായി. പാര്‍ട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭ ഒറ്റയ്ക്കു പ്രഖ്യാപിച്ചു നടത്തിയ സമരത്തോട് അകലംപാലിച്ചു നില്‍ക്കുകയായിരുന്നു ബിജെപി നേതൃത്വം. നേതാക്കളാരും സമരപ്പന്തലില്‍ എത്തിയില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് സമരത്തെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നെന്നാണ് ശോഭയോട് അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, പാര്‍ട്ടി അവഗണിക്കുമെന്ന് അവര്‍ കരുതിയതേയില്ല. സമരവും ഗവര്‍ണറെ കാണലും നേതൃത്വത്തെ അമ്പരിപ്പിച്ചെങ്കിലും പാര്‍ട്ടി ഒപ്പമില്ലെന്ന സൂചനയാണ് കെ. സുരേന്ദ്രന്റെ നിലപാടിലൂടെ വരുന്നത്.

Continue Reading

Latest News