Connect with us
Malayali Express

Malayali Express

ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്

KERALA

ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്

Published

on

മാത്യു ജോണ്‍

അവസാനം പി.സി. ജോര്‍ജിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ കൊട്ടിയടച്ചു. ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയും മുസ്ലീംലീഗിന്റെ നിര്‍ബന്ധ ബുദ്ധിയും എ ഗ്രൂപ്പിന്റെ വിരോധവും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹവും അവസാനം ജയിച്ചു. പി.സി. ജോര്‍ജ് ഇനി എന്‍ഡിഎയിലേക്കു ചെക്കേറും. എല്‍ഡിഎഫും യുഡിഎഫും പി.സി ജോര്‍ജിനെ ഉപേക്ഷിച്ചെങ്കിലും ജോര്‍ജിന്റെ വാശിയും വൈരാഗ്യവും യുഡിഎഫിനാണ്. ഇതു കോട്ടയം ജില്ലയില്‍ യുഡിഎഫിനു പ്രഹരമാകും. ജോസ് കെ മാണി യുഡിഎഫ് വി്ട്ടതിനുശേഷം അധികാരത്തില്‍ കയറണമെങ്കില്‍ കോട്ടയം ജില്ലയില്‍ ശക്തമായ വേരോട്ടമുള്ളവരെ കൂടെ ചേര്‍ക്കണമെന്ന നിലപാടുള്ളപ്പോഴാണ് പിടിവാശി മൂലം ജോര്‍ജിനെ പുറത്താക്കിയത്. ജോര്‍ജിന്റെ ബിജെപി അനുഭാവവും മുസ്ലീംവിരുദ്ധതയുമാണ് പ്രശ്‌നമാകുന്നതെങ്കിലും ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ചെറിയ കളിയൊന്നുമല്ല കളിച്ചത്. കോട്ടയത്തെ മണ്ഡലങ്ങളെടുത്താല്‍ കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ സീറ്റുകളില്‍ ജോര്‍ജിനു വ്യക്തമായ സ്വാധീനമുണ്ട്. പാലായില്‍ ജോസ് കെ മാണിയെ തോല്‍പിക്കണമെങ്കില്‍ ജോര്‍ജിന്റെ സാഹയം വേണമായിരുന്നുവെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ കോണ്‍്ഗ്രസ് ഇതെല്ലാം കളഞ്ഞു കുളിച്ചുവെന്നു ചിന്തിക്കുന്നവരാണ് കൂടുതല്‍. പ്രാദേശിക തലത്തിലുള്ള പടലപിണക്കം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി പരാജയപ്പെടുന്നു. തെരഞ്ഞെടുപ്പിലെ വിജയമല്ല, താല്‍ക്കാലിക ആശ്വാസമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നോക്കുന്നതെന്നു വ്യക്തമാകുന്നു. പാലായില്‍ പി. സി. തോമസും കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജും പൂഞ്ഞാറില്‍ പി.സി ജോര്‍ജും മത്സരിച്ചാല്‍ യുഡിഎഫിന്റെ അവസ്ഥ പരിതാപകരമാണ്.


പൂഞ്ഞാറില്‍ ജോര്‍ജ്
പൂഞ്ഞാറിലെ കാര്യം തന്നെ എടുക്കാം. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായാല്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെടും. മുസ്ലീംവിരുദ്ധത പ്രകടിപ്പിച്ചതുമൂലം ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇവിടെ ക്രൈസ്തവ വോട്ടുകളും ഏകീകരിക്കപ്പെടുമെന്നും ഉറപ്പാണ്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ ‌രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വന്നാല്‍ ബിജു മഞ്ഞക്കടമ്പന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ക്കാണ്് സാധ്യത. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും സാധ്യത. മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. മണ്ഡലത്തില്‍ സ്വാധീനമുള്ള സ്ഥാനാര്‍ഥിയാണ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍.
പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി എന്നിവരായിരിക്കും. യുഡിഎഫ് , എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി.സി.തോമസ് വന്നാല്‍ കാപ്പനാണ് തിരിച്ചടി ഉണ്ടാകുന്നത്. ജോസ് കെ മാണി വിരുദ്ധ വോട്ടുകള്‍ പി.സി.തോമസ് കൊണ്ടു പോകുമെന്ന ഭയം യുഡിഎഫ് ക്യാമ്പിലുണ്ട്. ഇതിനിടയിലാണ് പി.സി. ജോര്‍ജിനെ പിണക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കു ജയിച്ച ഷോണ്‍ ജോര്‍ജ് മത്സരിച്ചതു പാലാ മണ്ഡലത്തിലെ പഞ്ചായത്തുകളിലാണ്. കാഞ്ഞിരപ്പള്ളിയില്‍ ജയരാജ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇവിടെ ഷോണ്‍ ജോര്‍ജ് എന്‍ഡിഎയ്ക്കും വേണ്ടി മത്സരിക്കും. യുഡിഎഫിന്റെ സീറ്റ് വിഭജനം ഏതു പാര്‍ട്ടിക്കെന്നു തീരുമാനിച്ചിട്ടില്ല.


യുഡിഎഫ് പ്രവേശനത്തില്‍ ഇതുവരെ കോണ്‍ഗ്രസാണ് ചര്‍ച്ച നീട്ടിക്കൊണ്ടുപോയതെന്ന് നേരത്തെ ജോര്‍ജ് പറഞ്ഞിരുന്നു. എന്തായാലും ഞാന്‍ മത്സരരംഗത്തുണ്ടാവും. മുമ്പത്തേക്കാള്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കും. പൂഞ്ഞാറില്‍ തന്നെ കാണുമെന്നും ജോര്‍ജ് വ്യക്തമാക്കി. താന്‍ ഇതുവരെ ബിജെപിയിലോ എന്‍ഡിഎയിലോ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ജനപക്ഷവുമായി ബിജെപി ബന്ധപ്പെടുന്നുണ്ട്. ഞാനുമായി കൂടിക്കാഴ്ച്ചയ്ക്ക് അവര്‍ ശ്രമിക്കുന്നുണ്ട്. അത് വൈകാതെ ഉണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു.
പരാമവധി പേരെ ഒപ്പം ചേര്‍ത്ത് എന്‍ഡിഎയെ കരുത്തുറ്റതാക്കാനാണ് അമിത് ഷായും മോദിയും ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മേഖലകളില്‍ പടര്‍ന്ന് കയറി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ പാഠം പഠിപ്പിക്കണമെന്ന വാശിയിലാണ് ജോര്‍ജ്. കഴിഞ്ഞ ദിവസം റിജില്‍ മാക്കുറ്റി തന്റെ കൈയ്യില്‍ നിന്ന് മാല വാങ്ങിയിുന്നത് നിരസിച്ചത് പോലും ഈ എതിര്‍പ്പ് കാരണമായിരുന്നു. കോണ്‍ഗ്രസിലെ യുവനേതാക്കളുമായി ജോര്‍ജ് കൊമ്പുകോര്‍ത്തിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പുമാണ് ജോര്‍ജിന്റെ വരവ് മുടക്കിയതില്‍ പ്രധാനയെന്നു ജോര്‍ജിനറിയാം. ജോര്‍ജ് വരുന്നതോടെ കത്തോലിക്കാ സഭയുടെ പിന്തുണ ശക്തമാക്കാനും ബിജെപിക്ക് സാധിക്കും. നേരത്തെ സഭ അദ്ദേഹത്തെ മുന്നണിയിലെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പിസി തോമസ് കൂടി ഉള്ളതിനാല്‍ ബിജെപി അട്ടിമറി ലക്ഷ്യമിടുന്നുണ്ട്.

Continue Reading

Latest News