Connect with us
Malayali Express

Malayali Express

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

LATEST NEWS

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

Published

on

ഐ.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ തെരെഞ്ഞെടുപ്പ് ചര്‍ച്ച അവിസ്മരണീയമായി

ഫ്രാന്‍സിസ് തടത്തില്‍

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസും യു.ഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുകയുള്ളുവെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. അതിനായി ഐ.ഒ. സി പോലുള്ള പ്രവാസി സംഘടനകളുടെ സഹായവും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രേസ് കേരളയുടെ ന്യൂയോര്‍ക്ക് ചാപ്പററിന്റെ ആഭിമുഖ്യത്തില്‍ കേരള നിയമസഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് വിജയിപ്പിക്കാന്‍ അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നേരിട്ടെത്തി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കഴിയുന്നവര്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അതിനു കഴിയാത്തവര്‍ തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണിലൂടെ വോട്ടുകള്‍ അഭ്യര്‍ത്ഥിക്കണം. അങ്ങനെ കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെ നമുക്ക് ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തതാണ് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തി പകരാന്‍ ഐ.ഒ സി പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

കഴിവുള്ള പുതുമുഖങ്ങള്‍ക്ക് പ്രാധിനിത്യം നല്‍കണം: വി.ഡി സതീശന്‍ എംഎല്‍എ

അടുത്ത നിയമ സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധിനിത്യം നല്‍കേണ്ടതാണെന്ന് തുടര്‍ന്ന് പ്രസംഗിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റകൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അതിനായി ഐഒസി, ഇന്‍കാസ് പോലുള്ള പ്രവാസി സംഘടനകളുടെ സഹായ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സമസ്ത മേഖലകളിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഇടതു സര്‍ക്കാരിന് ജന പിന്തുണ പൂര്‍ണമായും നഷ്ട്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ കഴിവും മികവുമുള്ള സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരികെ എത്തുമെന്ന കാര്യം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

രോഗ ബാധിതനായി ഹോസ്പറ്റലില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം അവിടെ നിന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിസുമായി ബന്ധപ്പെട്ടാണ് ഏറ്റവും വലിയ അഴിമതികള്‍ നടന്നുവരുന്നത്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര അഴിമതി ആരോപണങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നേരിടുന്നത്. ഓരോ ദിവസവുമെന്നപോലെ പുതിയ അഴിമതിക്കഥകള്‍ പുറത്തു വരുന്നു. ജനാവിശ്വാസം നഷ്ടപ്പെട്ട ഇടതുസര്‍ക്കാര്‍ ഏതുവിധേനയും അധികാരം നിലനിര്‍ത്താനായി ബി.ജെ.പിയുമായി രഹസ്യ ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഈ സഹചര്യത്തില്‍ യു.ഡി.എഫിനു ശക്തമായ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ അവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച പ്രകടന പത്രിക യായിരിക്കും ഡോ.ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചുവരുന്നത്. അതിനായി അദ്ദേഹം ലോകം മുഴുവനുമുള്ള മലയാളികളില്‍ നിന്ന് അഭിപ്രായസ്വരൂപണം നടത്തി വരികയാണ്. – സതീശന്‍ പറഞ്ഞു.

ഐ.ഒ.സി ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സാമ്പത്തികമായ സഹായത്തേക്കാളുപരി നാട്ടില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തുകയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വിളിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബന്ധപ്പെടുകയാണെങ്കില്‍ നാടിനു വേണ്ടി പ്രവാസികള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ കഴിവുള്ള ഒരുപാട് പേര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതില്‍ ധരാളം സ്ത്രീകളും യൂവാക്കളുമുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെപ്പോലെ അനുഭവ സമ്പത്തും കഴിവുമുള്ള ഒട്ടേറെ നേതാക്കന്മാര്‍ക്ക് പല കാരണങ്ങള്‍കൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്ന് തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. യുവാക്കള്‍ മാത്രമല്ല, അവസരം ലഭിക്കാത്ത കഴിവുള്ള എല്ലാ നേതാക്കന്മാരും മുന്നോട്ടു വരണം. അവര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താന്‍ കഴിയുകയുള്ളൂ.

കോണ്‍ഗ്രസിലെ എക്കാലത്തെയും ശാപമായ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ ആവസാനിപ്പിച്ചേ മതിയാകു. തെരെഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പരസ്പരം കുറ്റപ്പെടുത്തലുകളും വിഭാഗീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എക്കാലവും മുന്‍ നിരയില്‍ സ്ഥാനമുണ്ടാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പലയിടത്തും ക്ഷീണമുണ്ടാകാന്‍ കാരണം ഇത്തരം ആരോപണ-പ്രത്യാരോപണങ്ങള്‍ മൂലമാണെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കേരളത്തില്‍ എല്ലായിടത്തും വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്. യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ഒരു ദിവസവും യാത്രയെ വരവേല്‍ക്കാന്‍ വന്‍ ജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. യാത്ര അവസാനിക്കുമ്പോഴേക്കും കേരളം മുഴുവനും യൂ.ഡി.എഫ് തരംഗമായി മാറും. ഭരണത്തിന്റെ അവസാന നാളുകളില്‍ എല്ലാം കട്ടുമുടിക്കുന്നതിന്റെ തിരക്കിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍. ഓരോ ദിവസവും പുറത്തു വരുന്ന നാണം കേട്ട് അഴിമതിക്കഥകളാണ്. അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും കഴിയാത്ത വിഷമഘട്ടത്തിലാണ് മുഖ്യമന്ത്രി. കാരണം അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നിട്ടുള്ളത്. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവരെ ഒഴിവാക്കി പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാരെയും ബന്ധുക്കളെയും തിരുകി കയറ്റുകയറ്റുന്ന സഖാക്കള്‍ ക്കുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ യുവജനങ്ങള്‍ നല്‍കും.-വി.ഡി.സതീശന്‍ വ്യക്തമാക്കി.

വിജയ സാധ്യതയുള്ള സ്ത്രീകള്‍ക്കും യുവാക്കളാക്കും സീറ്റ് നല്‍കണം: ടോമി കല്ലാനി

ഈ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വിജയ സാധ്യതയുള്ള പുതുമുഖങ്ങള്‍ ആയിട്ടുള്ള കൂടുതല്‍ യുവാക്കളെയും സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മുന്‍പില്‍ തനിക്ക് വയ്ക്കാനുള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രെട്ടറി ടോമി കല്ലാനി പറഞ്ഞു. എല്ലാ അഭിപ്രായഭിന്നതകളും മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തില്‍ നിന്ന് കരകയറ്റാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാ പ്രവര്‍ത്തകരും അഭിമാനത്തോടുകൂടി സംഘടനയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണം. പിണറായി സര്‍ക്കാരിനോടുള്ള പ്രവാസി മലയാളികളുടെ രോഷം പ്രകടമാക്കി അടുത്ത തെരെഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തണമെന്നും ടോമി കല്ലാനി നിര്‍ദ്ദേശിച്ചു. ഈ തെരെഞ്ഞെടുപ്പില്‍ ഐ.ഒ.സി യുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സി.പി.എം വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു: സുമേഷ് അച്യുതന്‍
കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാട് ജനങ്ങളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതേതര നിലപാടുകള്‍ ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയതയുടെ ഒരേ നാണയത്തിലെ രണ്ടു മുഖങ്ങളാണ്.

സി.പി.എമ്മിന്റെ വര്‍ഗീയ ബന്ധങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ബി.ജെ പിയുമായി പലയിടത്തും രഹസ്യ ബാന്ധവം ഉണ്ടാക്കിയതുകൊണ്ടാണ് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. സി.പി.എമ്മിന്റെ ഇത്തരം കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രവര്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഐഒസി യു എസ് യുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അഭിമാനം പകരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം നിയമസഭാ തെരെഞ്ഞെടുപ്പില്‍ അമേരിക്കന്‍ മലയാളികളുടെ സഹായവും അഭ്യര്‍ത്ഥിച്ചു.

പ്രവാസികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: ജോര്‍ജ് ഏബ്രഹാം

കേരളത്തില്‍ നേരിട്ട് വന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രവാസി മലയാളികളുടെ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിക്കാറില്ലെന്ന് ഐ.ഓ.സി യു എസ് എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. ഇത്തവണയെങ്കിലും അതിനു പരിഹാരമുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ആരെങ്കിലും കേരളത്തില്‍ പോകാന്‍ പദ്ധതിയുണ്ടെങ്കില്‍ താനുമായോ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ടുമായോ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത്തവണ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നവരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ അമേരിക്കന്‍ പ്രവാസികള്‍ക്ക് അംഗീകാരം ലഭിക്കുകയുള്ളു. അതുകൊണ്ട് നാം ഒറ്റയ്ക്ക് പോയി പ്രവര്‍ത്തനം നടത്തിയതു കൊണ്ട് ആര്‍ക്കും അംഗീകാരം ലഭിക്കുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്ന് ഐ.ഒ സി നേതാക്കള്‍

അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പില്‍ കെ.പി.സി.സി. ജനറല്‍ സെക്രെട്ടറി ടോമി കല്ലാനിയെ കോട്ടയം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഐകകണ്ഠനെ ആവശ്യമുന്നയിച്ചത് വി.ഡി. സതീശനോടായിരുന്നു. ടോമിയുടെ സാന്നിധ്യത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ കാലാകാലങ്ങളില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതെ പോയതിലുള്ള പരിഭവവും ഉണ്ടായിരുന്നു.

തന്നെക്കാള്‍ മുന്‍പ് യൂത്ത് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ടോമിക്ക് പലപ്പോഴായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതില്‍ തനിക്കും ദുഖമുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ടോമിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം താന്‍ ഉന്നയിച്ചിരുന്നതാണ്. എന്തോ കാരണത്താല്‍ പരിഗണിക്കപ്പെട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് മാറിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഏതാനും സീറ്റുകള്‍ ഓപ്പണ്‍ ആയിട്ടുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് ടോമി കല്ലാനിക്ക് ലഭിക്കുമെന്നു തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഐ.ഒ.സി.ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് വര്‍ഗീസ് പോത്താനിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജു വര്‍ഗീസ് മീറ്റിംഗ് നടപടി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐ.ഒ. സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് കോശി ആമുഖ പ്രസംഗം നടത്തി. ഐ.ഒ.സി യു.എസ്.എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ. ഒ. സി യു.എസ്.എ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ഐ.ഒ. സി നേതാക്കന്മാരായ തോമസ് ടി. ഉമ്മന്‍,സന്തോഷ് നായര്‍,ജോസ് ജോര്‍ജ്, ജോബി ജോര്‍ജ്, ഡോ. മാമ്മന്‍ സി.ജേക്കബ് തുടങ്ങി ഐ.ഒ.സി യുടെ വിവിധ നേതാക്കള്‍ പ്രസംഗിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രെട്ടറി മാത്യു കുഴല്‍നാടന്‍ മീറ്റിംഗില്‍ കയറിയെങ്കിലും തെരെഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് പ്രസംഗിക്കാന്‍ കഴിഞ്ഞില്ല.

ഐ.ഒ. സി. കേരള ചാപ്റ്റര്‍ യു.എസ്.എ കേരള ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ സജി ഏബ്രഹാം ഡീന്‍ കുര്യാക്കോസ് എംപിയെയും ഐ.ഒ.സി യു.എസ്.എ വൈസ് പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ വി.ഡി.സതീശന്‍ എം.എല്‍.എയെയും ഐ.ഒ.സി. യു.എസ.എ കേരള ചാപ്റ്റര്‍ സെക്രെട്ടറി സജി കരിമ്പന്നൂര്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെയും പരിചയപ്പെടുത്തി. ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രെട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരായ ബിജു ജോണ്‍ കൊട്ടാരക്കര, ഫിലിപ്പ് പണിക്കര്‍, ചെറിയാന്‍ പൂപ്പിള്ളി, ഇന്നസെന്റ് ഉലഹന്നാന്‍, സെക്രെട്ടറിമാരായ രാജു വര്‍ഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രെട്ടറിമാരായ ജേക്കബ് ഗീവര്‍ഗീസ്, പോള്‍ ജോസ്, ട്രഷറര്‍ റെജി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജെയിംസ് ഇളംപുരിയാടത്ത് എന്നിവര്‍ ഫ്രാന്‍സിസ് തടത്തില്‍, ജോര്‍ജ് ഏബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐ.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജനറല്‍ സെക്രെട്ടറി ചാക്കോ മാത്യു നന്ദി പറഞ്ഞു.

Continue Reading

Latest News