Connect with us
Malayali Express

Malayali Express

കമ്പംമെട്ടില്‍ അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം പിടിയില്‍

KERALA

കമ്പംമെട്ടില്‍ അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം പിടിയില്‍

Published

on

നെടുങ്കണ്ടം: മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘം പിടിയില്‍. ജില്ലാ പോലീസിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡും കമ്പംമെട്ട് പോലീസും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം പിടിയിലായത്. ഒരു മലയാളിയും അഞ്ച് തമിഴ്‌നാട് സ്വദേശികളും പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ മുത്തുവേന്ദ്രന്‍ (43), ചുരുളി (32), ചിന്ന മന്നൂര്‍ മഹാരാജന്‍ (32), കുമളി സ്വദേശി സെബാസ്റ്റിയന്‍ (42), കമ്പം സ്വദേശി മണിയപ്പന്‍ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യന്‍ (53) എന്നിവരാണ് പിടിയിലായത്. എസ്.പി: ആര്‍.കറുപ്പുസ്വാമി, നാര്‍കോട്ടിക് ഡിവൈ.എസ്പി: എ.ജി.ലാല്‍, കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി.രാജ്‌മോഹന്‍, കമ്പംമെട്ട് സി.ഐ: ജി.സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹന്‍, സജു രാജ്, സുനീഷ്, ബിനുമോന്‍, സജികുമാര്‍, നിതീഷ്, വിനോദ് കുമാര്‍, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് വിഭാഗത്തിന്റെ നാര്‍ക്കോട്ടിക് വിഭാഗത്തിന് സൂചന ലഭിചിരുന്നു. തുടര്‍ന്ന് കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പോലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു. മാഫിയ സംഘം മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്ന് അറിയിച്ചു. അങ്ങനെ പോലീസ് സംഘം 1.5 ലക്ഷം രൂപ നല്‍കാമെന്ന് കള്ളനോട്ട് സംഘത്തെ അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്. തുടര്‍ന്ന് പ്രതികള്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പനക്കെത്തിച്ച പൂക്കളുടെ ഇടയിലാണ് കള്ളനോട്ട് ഒളിപ്പിച്ചതെന്ന് സംഘം പോലീസിനെ അറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ മുകള്‍ഭാഗത്തെ രഹസ്യ അറയില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. ഇവരോടൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

Continue Reading

Latest News